നടന്‍ ടൊവിനോ ഐസിയുവില്‍ : ആന്തരിക രക്തസ്രാവം

നടന്‍ ടൊവിനോ തോമസിന് ഗുരുതര പരുക്ക്. കള എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് പരുക്കേറ്റത്. കഴിഞ്ഞ ദിവസം സെറ്റില്‍ വെച്ച് സംഘടനരംഗങ്ങള്‍ക്കിടെ പരുക്കേല്‍ക്കുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ടൊവിനോയുടെ വയറില്‍ ആന്തരിക രക്തസ്രാവം കണ്ടെത്തി. താരം ഐസിയുവില്‍ ചികിത്സയിലാണ്.

പിറവത്തെ സെറ്റില്‍വച്ചാണ് താരത്തിന് പരിക്കേറ്റത്. സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ വയറിന് ചവിട്ടേറ്റതാണ് പരിക്കിന് കാരണമെന്നാണ് സൂചന. കടുത്ത വയറുവേദനയെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

നേരത്തെ ‘എടക്കാട് ബറ്റാലിയന്‍’ എന്ന ചിത്രത്തിന്റെ സംഘട്ടന രംഗത്തിനിടെ താരത്തിന് പൊള്ളലേറ്റിരുന്നു.അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍ ഇബിലീസ് എന്നീ ചിത്രങ്ങളുടെ സംവിധായകനായ രോഹിത് ബി എസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കള. യദു പുഷ്പാകരനും രോഹിതും ചേര്‍ന്ന് രചന നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ ലാലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.