
നടി അൻസിബ നൽകിയ പരാതിയിൽ നടൻ ടിനി ടോമിന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. സ്ത്രീത്വത്തെ അപമാനിക്കൽ, വർഗീയമായി അധിക്ഷേപിക്കൽ തുടങ്ങിയ ഗൗരവകരമായ വകുപ്പുകൾ ചുമത്തി കടവന്ത്ര പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് കോടതി നടപടി. അൻസിബയുടെ പരാതിയിൽ ടിനി ടോമിനെതിരെ കേസെടുക്കാൻ അടുത്തിടെയാണ് കോടതി നിർദേശം നൽകിയത്. കഴിഞ്ഞ ഫെബ്രുവരി 13-ന് കടവന്ത്ര റീജിയണൽ സ്പോർട്സ് സെൻ്ററിൽ നടന്ന ‘അമ്മ’ കുടുംബയോഗത്തിൻ്റെ റിഹേഴ്സലിനിടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
റിഹേഴ്സലിനിടെ ടിനി ടോം അൻസിബയോട് അശ്ലീലച്ചുവയോടെ സംസാരിക്കുകയും പരസ്യമായി ലൈംഗിക പരാമർശങ്ങൾ നടത്തുകയും ചെയ്തെന്നാണ് എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നത്. ഇതിനുപുറമെ, നടിയെ ‘ജിഹാദി’യെന്നും ‘മതതീവ്രവാദി’യെന്നും വിളിക്കുകയും താരസംഘടനയിലെ മറ്റ് അംഗങ്ങൾക്കിടയിൽ ഈ രീതിയിൽ പ്രചാരണം നടത്താൻ ശ്രമിക്കുകയും ചെയ്തു. ഇത് അൻസിബയുടെ മതപരമായ വ്യക്തിത്വത്തെ വ്രണപ്പെടുത്തിയെന്നും അവർക്ക് കടുത്ത മാനഹാനിയും മനോവിഷമവും ഉണ്ടാക്കിയെന്നും കേസിൽ ചൂണ്ടിക്കാട്ടുന്നു.
നേരത്തെ, ടിനി ടോം അൻസിബയെ ജിഹാദിയെന്ന് വിളിച്ചത് കേവലം തമാശയ്ക്കാണ് എന്ന തരത്തിൽ കടവന്ത്ര പോലീസ് നൽകിയ റിപ്പോർട്ട് കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് പോലീസിന്റെ വാദം മുഖവിലയ്ക്കെടുക്കാതെ ടിനിക്കെതിരെ കർശന അന്വേഷണത്തിന് കോടതി നിർദേശം നൽകിയത്.
കേസിൽ നടിയും ‘അമ്മ’ എക്സിക്യൂട്ടീവ് അംഗവുമായിരുന്ന നീന കുറുപ്പ് പോലീസിന് നൽകിയ മൊഴിയാണ് കോടതിയിൽ നിർണായകമായത്. ‘അമ്മ’ ഓഫീസിൽ വെച്ച് ടിനി ടോം അൻസിബയെക്കുറിച്ച് അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയെന്ന് നീന കുറുപ്പ് മൊഴി നൽകിയിരുന്നു. കൂടാതെ, നടി ശ്വേതാ മേനോനും ഇതേ കാര്യങ്ങൾ തന്നോട് പറഞ്ഞതായി നീന കുറുപ്പിന്റെ മൊഴിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
ടിനി ടോം വ്യക്തിയധിക്ഷേപം നടത്തിയെന്ന് ആരോപിച്ച് അൻസിബ പോലീസിൽ നൽകിയ പരാതിയിൽ തന്നെ ജിഹാദി എന്ന് വിളിച്ചു, മതപരിവർത്തനം ആരോപിച്ചു എന്നിങ്ങനെയാണ് പറഞ്ഞിരുന്നത്. പ്രാഥമിക പരിശോധന നടത്തിയ പോലീസ് അൻസിബയുടെയും ടിനി ടോമിന്റെയും മൊഴി രേഖപ്പെടുത്തി. തുടർന്ന് കേസെടുക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി എസിപിക്ക് കടവന്ത്ര പോലീസ് റിപ്പോർട്ട് കൈമാറി. ടിനി ടോമിനെതിരായ അൻസിബയുടെ പരാതി വെറും കേട്ടുകേൾവിയുടെ അടിസ്ഥാനത്തിലാണെന്നായിരുന്നു പോലീസ് റിപ്പോർട്ടിൽ ഉണ്ടായിരുന്നത്. പരാതിയിൽ ഉന്നയിച്ച ആരോപണങ്ങളിൽ നിയമ നടപടികൾ സ്വീകരിക്കാൻ ആവശ്യമായ തെളിവുകളില്ലെന്നായിരുന്നു പോലീസിന്റെ നിഗമനം.
എന്നാൽ പ്രഥമദൃഷ്ട്യാ ടിനി കുറ്റം ചെയ്തിട്ടുണ്ടെന്നാണ് കോടതി വിലയിരുത്തിയത്. ഹർജിക്കാരിയുടെ വാദങ്ങളിൽ കഴമ്പുണ്ടെന്നും കുറ്റകൃത്യം നടന്നത് കടവന്ത്ര പോലീസ് സ്റ്റേഷൻ പരിധിയിൽ അല്ലെന്നും പോലീസ് റിപ്പോർട്ടിൽ പറയുന്നു. അങ്ങനെയെങ്കിൽ, എഫ്ഐആർ രജിസ്റ്റർ ചെയ്തത് ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു വേണ്ടതെന്നും കോടതി നിരീക്ഷിച്ചു. ഇതിനുപിന്നാലെയാണ് ടിനിക്കെതിരെ പോലീസ് കേസെടുത്തത്.