ഈ സിനിമയ്ക്ക് ‘കുറുപ്പി’ന്റെ ഉറപ്പുണ്ട്

സുകുമാര കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കി ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ കുറുപ്പ് തിയേറ്ററുകളെ ഉണര്‍ത്തിരിക്കുകയാണ്. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

കുറുപ്പിന്റെ ജീവിതം അതുപോലെ സിനിമയാക്കുകയല്ല യഥാര്‍ത്ഥ സംഭവവികാസങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടൊരുക്കിയ ചിത്രമാണ് കുറുപ്പെന്ന് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു. അതുകൊണ്ട് പോലീസിനും നാട്ടുകാര്‍ക്കും വായിച്ചിട്ടും വായിച്ചിട്ടും തീരാത്ത പുസ്തകം പോലെ തന്നെ വീണ്ടും വീണ്ടും കാണാന്‍ തോന്നിക്കുന്ന ചിത്രമെന്ന് കുറുപ്പിനെ വിശേഷിപ്പിക്കാം.സെക്കന്റ് ഷോയ്ക്ക് ശേഷമുളള ശ്രീനാഥ് രാജേന്ദ്രന്‍ ഈ ചിത്രം ദുല്‍ഖറിന് മറ്റൊരു ബ്രെയ്ക്ക് നല്‍കിയിരിക്കുകയാണ്. ബ്രില്ല്യന്റ് തിരക്കഥയെന്ന് കുറുപ്പിനെ വിശേഷിപ്പിക്കാം. ചിത്രം തുടങ്ങിയ സമയം മുതല്‍ പ്രേക്ഷകനെ പിടിച്ചിരുത്താന്‍ ചിത്രത്തിനായിട്ടുണ്ട്. കൃഷ്ണദാസ് എന്ന പോലീസുകാരന്‍ കുറുപ്പിനെ തേടി നടത്തുന്ന യാത്രയാണ് ചിത്രം പറയുന്നത്. എന്നാല്‍ കൃഷ്ണദാസിന്റെ കാഴ്ച്ചകള്‍ക്കപ്പുമപ്പുറമുള്ള സിനിമയുടെ കാഴ്ച്ച തന്നെയാണ് കുറുപ്പിനെ വേറിട്ടതാക്കുന്നത്. എന്താണ് കുറുപ്പെന്ന് പലയിടങ്ങളിലായി കേട്ട പോലെ തന്നെ കൗതുകം ഒട്ടും ചോരാതെയാണ് ജിതിന്‍ കെ ജോസ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. കുറുപ്പിനെ മഹത്വവത്കരിക്കാനുള്ള ഒരു ശ്രമവും നടന്നില്ലെന്നതും അഭിനന്ദനാര്‍ഹമായ കാര്യമാണ്. കാഴ്ച്ചകളില്‍ വിസ്മയം തീര്‍ത്ത നിമിഷ് രവിയുടെ ഛായാഗ്രഹണം കുറുപ്പിന്റെ ദുരൂഹതയ്ക്ക് മാറ്റേറ്റാന്‍ സഹായിച്ചിട്ടുണ്ട്. ഓരോ കാലഘട്ടത്തോടും നീതിപുലര്‍ത്തിയ ചിത്രീകരണ മികവും കയ്യടി അര്‍ഹിക്കുന്നു. കലാസംവിധാനം, വസ്ത്രാലങ്കാരം, ലൈറ്റിംഗ് തുടങ്ങീ സൂക്ഷ്മതലങ്ങളില്‍ പോലും ചിത്രം അതിന്റെ മികവ് പ്രകടിപ്പിക്കുന്നുണ്ട്. പ്രേക്ഷകനെ രണ്ടേമുക്കാല്‍ മണിക്കൂര്‍ കുറുപ്പിന്റെ വേറിട്ട യാത്രകളിലൂടെ കൊണ്ടുപോകാന്‍ ശ്രീനാഥിനായിട്ടുണ്ട്.

ദുല്‍ഖര്‍ സല്‍മാല്‍, ശോഭിത ദുലിപാല, ഇന്ദ്രജിത്, ഷൈന്‍ ടോം ചാക്കോ, സുരഭി, തുടങ്ങി താരങ്ങളെല്ലാം തന്നെ മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്.സുശിന്‍ ശ്യാമിന്റെ സംഗീതം, പശ്ചാതലസംഗീതം എന്നിവയൊന്നും എടുത്ത് പറയാതിരിക്കാനാവില്ല. ചിത്രത്തിലെ മനോഹരമായപ്രണയഗാനവും അന്‍വര്‍ അലിയുടെ വരികളുമെല്ലാം ചിത്രത്തോട് ചേര്‍ന്ന് നില്‍ക്കുന്നുണ്ട്. വിവേക് ഹര്‍ഷന്റെ ചിത്രസംയോജനമികവും കുറുപ്പിന് പുതുമ നല്‍കുന്നു. ഒരു തവണത്തെ കാഴ്ച്ചയില്‍ കുറുപ്പിന്റെ ജീവിതം പോലെ തന്നെ കൃത്യമായി കണ്ടു മതിയാവില്ല കുറുപ്പ്. ഒരു സിനിമയെന്ന രൂപത്തില്‍ വലിയ തിയേറ്ററില്‍ നിന്ന് തന്നെ ആസ്വദിക്കേണ്ട സിനിമയാണ് കുറുപ്പെന്ന മമ്മൂട്ടിയുടെ വാക്കുകള്‍ ശരിവെച്ച് കുറുപ്പ് യാത്ര തുടരുന്നു.