
തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍ മോഹൻലാൽ പ്രധാന കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ സിനിമയാണ് ‘തുടരും’. ചിത്രത്തിന്റെ എല്ലാ അപ്ഡേറ്റുകൾക്കും മികച്ച സ്വീകാര്യത പ്രേക്ഷകരിൽ നിന്നും ലഭിക്കാറുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു കൊണ്ട് മോഹൻലാൽ പങ്കുവെച്ച ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. “നിങ്ങൾ മന്ത്രിച്ച വാക്കുകൾ കേട്ടു. ഞങ്ങളുടെ വരവ് നിങ്ങൾക്ക് അനുഭവപ്പെട്ടു. വീട്ടിലേക്ക് കൊണ്ടുപോകാനുള്ള സമയമായി. ‘തുടരും’ ഏപ്രിൽ 25ന് എത്തുന്നു,” എന്നാണ് മോഹൻലാൽ പങ്കുവെച്ചത്.
ഒരു സാധാരണ ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മോഹൻലാൽ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. സിനിമയിൽ മോഹൻലാൽ അവതരിപ്പിക്കുന്ന ഷൺമുഖം എന്ന കഥാപാത്രം തീവ്രമായ ആകർഷണമാണ് സൃഷ്ടിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ട്രെയ്‌ലറിലൂടെ, മോഹൻലാലിന്റെ പക്കാ എനർജറ്റിക് പെർഫോമൻസ് പ്രതീക്ഷിക്കാവുന്നതാണ് എന്ന സൂചന ലഭിച്ചിരുന്നു.
മോഹൻലാലും ശോഭനയും 20 വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘തുടരും’. 2004ലെ ജോഷി ചിത്രമായ മാമ്പഴക്കാലത്തിലാണ് ഇരുവരും അവസാനമായി ജോഡികളായി അഭിനയിച്ചത്. അതിനുശേഷം 2009ൽ പുറത്തിറങ്ങിയ സാഗർ ഏലിയാസ് ജാക്കിയിൽ ഒരുമിച്ചഭിനയിച്ചിരുന്നു.
ഓപ്പറേഷന്‍ ജാവ, സൗദി വെള്ളക്ക എന്നീ ശ്രദ്ധേയ ചിത്രങ്ങൾക്ക് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് ‘തുടരും’. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറിൽ എം. രഞ്ജിത്താണ് ചിത്രം നിർമ്മിക്കുന്നത്.