ബോക്‌സ് ഓഫീസിൽ 100 കോടി ക്ലബ്ബിൽ എത്തിച്ച മലയാളചിത്രം “തുടരും” പുതിയ വിവാദത്തിൽ. ചിത്രത്തിന്റെ വ്യാജ പതിപ്പ് വാഗമൺ ഭാഗത്തേക്ക് പോയ ഒരു ടൂറിസ്റ്റ് ബസിൽ പ്രദർശിപ്പിച്ചതായി റിപ്പോർട്ടുകൾ. സംഭവത്തിൽ പ്രതിഷേധിച്ച് നിർമ്മാതാക്കളും അണിയറ പ്രവർത്തകരും നിയമപരമായ നടപടികൾക്ക് ഒരുങ്ങുകയാണ്.
നിർമാതാവ് എം. രഞ്ജിത്ത് വ്യാജപതിപ്പിനെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് വ്യക്തമാക്കി. നേരത്തെ ഒരു വെബ്‌സൈറ്റിലൂടെയാണ് ചിത്രത്തിന്റെ വ്യാജ പതിപ്പ് ആദ്യം പുറത്തുവന്നത്. പിന്നീട് ടെലഗ്രാം ഗ്രൂപ്പുകളിലും ഇത് പ്രചരിച്ചെന്നാണ് വിവരം.
മറ്റു നിരവധി മലയാളചിത്രങ്ങളുടെയും ഒടിടി റിലീസുകളുടെയും വ്യാജ പതിപ്പുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നതും സിനിമകളുടെ സുരക്ഷാ പ്രശ്‌നങ്ങൾ ഉയർത്തുന്നതായാണ് ചർച്ച.
ഈ സാഹചര്യത്തിൽ, കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ നേരത്തെ പ്രഖ്യാപിച്ചതുപോലെ, വ്യാജപതിപൂക്കൾ തടയുന്നതിന് കൂടുതൽ ശക്തമായ സാങ്കേതിക നിയന്ത്രണങ്ങളുമായി മുന്നോട്ടുപോകേണ്ടതിന്റെ ആവശ്യകതയുണ്ടെന്നാണ് സിനിമാപ്രേമികളും നിർമ്മാതാക്കളും ചൂണ്ടിക്കാണിക്കുന്നത്.
വ്യാജപതിപ്പ് ചിത്രങ്ങൾ കാണുന്നവർക്കും പങ്കിടുന്നവർക്കുമെതിരെ കർശനമായ നിയമനടപടികൾ ഉണ്ടാവുമെന്ന് സൈബർ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് ചിത്രത്തിൻറെ സക്സ്സസ്സ് ട്രയ്ലർ അണിയറ പ്രവർത്തകർ പുറത്തു വിട്ടത്. മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക് പ്രേക്ഷകർക്കിടയിലും സിനിമയ്ക്ക് മികച്ച പ്രതികരണം ലഭിക്കുന്നുണ്ട്. ഏപ്രിൽ 25 നാണ് തുടരും തിയേറ്ററുകളിലെത്തിയത്. ആദ്യ ദിനത്തിൽ മാത്രം ചിത്രം ആഗോളതലത്തിൽ 17 കോടിയിലധികം രൂപയാണ് നേടിയത്. മൂന്ന് ദിവസം കൊണ്ട് ചിത്രം 69 കോടിയിലധികം രൂപ കളക്ട് ചെയ്യുകയുമുണ്ടായി. ആറുദിവസം കൊണ്ട് ആഗോളതലത്തിൽ 100 കോടി ക്ലബിൽ കയറിയത്.
സിനിമയിൽ ഷണ്മുഖൻ എന്ന പേരുള്ള ഒരു ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. നടന്റെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആക്ഷൻ രംഗങ്ങളിലെ മോഹൻലാലിൻറെ പ്രകടനത്തിന് തിയേറ്ററുകളിൽ വലിയ കയ്യടി തന്നെ കിട്ടുന്നുണ്ട്. സിനിമയിലെ പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച പ്രകാശ് വർമ്മയുടെ പ്രകടനത്തിനും വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്. റെ കാലത്തെ ഇടവേളയ്ക്ക് ശേഷം ശോഭനയും മോഹൻലാലും ഒന്നിച്ച ചിത്രം കൂടിയായിരുന്നു ഇത്. ചിത്രം റിലീസ് ആയതിനു ശേഷം പ്രകാശ് വർമ്മ പങ്കുവെച്ച ചിത്രങ്ങൾക്കും സമൂഹമാധ്യമങ്ങളിൽ വലിയ സ്വീകാര്യത ലഭിച്ചിരുന്നു. മോഹൻലാലിനൊപ്പമുള്ള ചിത്രങ്ങളാണ് പ്രകാശ് വർമ്മ പങ്കുവെച്ചിരുന്നത്. തുടരും എന്ന സിനിമയിലെ തന്റെ അനുഭവം തീർത്തും മാജിക്കൽ ആയിരുന്നുവെന്നും തനിക്ക് മറ്റൊരു കുടുംബത്തെ കൂടി ലഭിച്ചുവെന്നും പ്രകാശ് വർമ്മ ചിത്രത്തിന് താഴെ കുറിച്ചിരുന്നു. ‘എന്റെ നായകൻ, പ്രചോദനം, ഉപദേഷ്ടാവ്, സഹോദരൻ, അധ്യാപകൻ, സുഹൃത്ത്’ എന്നാണ് മോഹൻലാലിനെ പ്രകാശ് വർമ്മ വിശേഷിപ്പിച്ചിരുന്നത്.
ചിത്രം പ്രദർശനത്തിനെത്തിയത് മുതൽ പ്രേക്ഷകർക്കിടയിൽ വലിയ രീതിയിൽ കയ്യടി നേടിയ നടനാണ് പ്രകാശ് വർമ്മ. സിഐ ജോർജ് എന്ന കഥാപാത്രത്തെയാണ് പ്രക്ഷ വർമ്മ അവതരിപ്പിച്ചിരുന്നത്. ലോകപ്രശസ്തമായ നിരവധി പരസ്യ ചിത്രങ്ങൾക്ക് ഒടുവിലാണ് തരുൺ മൂർത്തിയുടെ ചിത്രത്തിലൂടെ പ്രകാശ് അഭിനയ രംഗത്തേക്ക് എത്തുന്നത്. ഷാരുഖ് ഖാന്റെ പ്രശസ്തമായ ദുബായ് ടൂറിസം പരസ്യം, മുമ്പ് ഹച്ച് എന്ന പേരിൽ അറിയപ്പെട്ടിരുന്ന വോഡാഫോണിന്റെ പഗ്ഗ് ഡോഗും കുട്ടിയുമുള്ള സൗഹൃദത്തിന്റെ കഥ പറഞ്ഞ പരസ്യം, ഏറെ ഹിറ്റായ സൂസു പരസ്യങ്ങൾ, കേരള ടൂറിസത്തിന്റെ വിവിധ പരസ്യങ്ങൾ, നൻപകൽ നേരത്ത് മയക്കം എന്ന സിനിമക്ക് പ്രചോദനമായ ഗ്രീൻ പ്ലൈയുടെ പരസ്യം തുടങ്ങി നിരവധി ലോകപ്രശസ്ത പരസ്യങ്ങൾ പ്രകാശിന്റെതായി പുറത്തുവന്നിട്ടുണ്ട്.
2001 മുതൽ പരസ്യരംഗത്ത് ഉള്ള പ്രകാശ് വർമ്മ ലോഹിതദാസ്, വിജി തമ്പി തുടങ്ങിയവർക്കൊപ്പം സംവിധാന സഹായിയായി പ്രവർത്തിച്ചിരുന്നു. പിന്നീട് വി കെ പ്രകാശിന്റെ പരസ്യചിത്രങ്ങളിലൂടെയാണ് പരസ്യമേഖലയിലേക്ക് എത്തുന്നത്. ബാംഗ്ലൂർ ആസ്ഥാനമായുള്ള ‘നിർവാണ’ എന്ന പരസ്യചിത്ര സ്ഥാപനത്തിന്റെ സ്ഥാപക ഉടമകളിൽ ഒരാളാണിപ്പോൾ പ്രകാശ്. പരസ്യരംഗത്ത് തിളങ്ങി നിൽക്കുമ്പോൾ തന്നെയാണ് ഇപ്പോൾ അഭിനയത്തിലും പ്രകാശ് കൈ വെക്കുന്നത്. ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച അഭിപ്രായമാണ് പ്രകാശ് സ്വന്തമാക്കിയിരിക്കുന്നത്. മലയാള സിനിമയുടെ ഭാവിയിലേക്ക് തന്നെ മികച്ച സംഭാവനകൾ നൽകാൻ പ്രകാശ് വർമ്മയ്ക്ക് കഴിഞ്ഞേക്കുമെന്നാണ് സോഷ്യൽ മീഡിയയിൽ സിനിമയ്ക്ക് പിന്നാലെ വരുന്ന അഭിപ്രായപ്രകടനങ്ങൾ.
ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന തുടരും സിനിമയുടെ പ്രൊമോ സോങ് കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ തന്നെ ട്രെൻഡിങ് ആണ് ഗാനം. ‘കൊണ്ടാട്ടം’ എന്ന് പേരിട്ടിരിക്കുന്ന ഗാനം പാടിയിരിക്കുന്നത് എം ജി ശ്രീകുമാറും രാജലക്ഷ്മിയും ചേർന്നാണ്. ജേക്സ് ബിജോയ് സംഗീതം നൽകിയിരിക്കുന്ന ഗാനത്തിന് വരികൾ രചിച്ചിരിക്കുന്നത് വിനായക് ശശികുമാറാണ്. ഡോൺ മാക്‌സാണ് പ്രൊമോ സോങ് എഡിറ്റ് ചെയ്തിരിക്കുന്നത്. മോഹൻലാൽ, ശോഭന തുടങ്ങിയവരുടെ കിടിലൻ നൃത്തച്ചുവടുകൾ തന്നെയാണ് ഈ ഗാനത്തിന്റെ ഹൈലൈറ്റ്.