വീട് ഒരു ജനാധിപത്യ രാജ്യമാണ്

സെന്ന ഹെഗ്‌ഡേ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമായ തിങ്കളാഴ്ച്ച നിശ്ചയം കാഞ്ഞങ്ങാടിന്റെ ഗ്രാമകാഴ്ച്ചയില്‍ ശക്തമായ പ്രമേയം അതരിപ്പിക്കുകയാണ്. പ്രേക്ഷര്‍ ഏറ്റെടുക്കുന്ന സിനിമയുടെ കണ്ടന്റിന്റെ പേരില്‍ സിനിമ വില്‍ക്കാന്‍ സാധിക്കുന്ന രീതിയിലേക്ക് സിനിമ മാറണമെന്നാണ് ആഗ്രഹമെന്ന് കഴിഞ്ഞ ദിവസം ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിന്റെ സംവിധായകന്‍ ജിയോ ബേബി ഈ സിനിമയെ കുറിച്ച് പറഞ്ഞിരുന്നു. അതേ താരപകിട്ടില്ലാതെ കച്ചവട ഗിമ്മിക്കുകളില്ലാതെ വൃത്തിയായും രസകരമായും കഥ പറഞ്ഞ തിങ്കളാഴ്ച്ച നിശ്ചയം സിനിമയെ കുറിച്ചുള്ള പതിവ് രീതികളെ തെറ്റിക്കുകയാണ്.

നിരൂപക പ്രശംസനേടിയ സീറോ ഫോര്‍ട്ടിവണ്‍ എന്ന ചിത്രത്തിന് ശേഷം സെന്ന ഹെഗ്‌ഡെ ഒരുക്കിയ ചിത്രമാണ് തിങ്കളാഴ്ച്ച നിശ്ചയം. മെയ്ഡ് ഇന്‍ കാഞ്ഞങ്ങാട് എന്ന ടാഗ് ലൈനില്‍ പുതുമുഖങ്ങളെ അണിനിരത്തി കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങിയ ചിത്രത്തിന് മികച്ച കഥയ്ക്കും മികച്ച രണ്ടാമത്തെ സിനിമയ്ക്കുമുള്ള സംസ്ഥാന പുരസ്‌കാരവും ലഭിച്ചതിന് പിന്നാലെയാണ് സോണി ലൈവിലൂടെ ചിത്രമെത്തിയത്. വളരെ ചെറിയ ഒരു കഥാതന്തുവിനെ ഹാസ്യത്തിന്റെ മോമ്പൊടിയില്‍ ചാലിച്ചെടുത്ത നല്ലൊരു രസക്കൂട്ടാണ് ഈ സിനിമ. ഒട്ടും ലാഗില്ലാതെ രസകരമായി തുടങ്ങി അവസാനിപ്പിക്കുന്നുവെന്നതാണ് തിങ്കളാഴ്ച നിശ്ചയത്തെ ജനകീയമാക്കുന്നത്. കുവൈറ്റ് വിജയന്റെ ഒരു സാധാരണ ഇടത്തരം കുടുംബത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. വിജയന്റെ ഇളയമകളുടെ വിവാഹ നിശ്ചയമാണ് പശ്ചാത്തലം. നിശ്ചയത്തിന്റെ തലേദിവസം വരെയുള്ള രണ്ട് ദിവസത്തെ സംഭവങ്ങളാണ് ചിത്രം സംസാരിക്കുന്നത്. നാടന്‍ സംഭാഷണങ്ങളും നാട്ടിന്‍പുറത്തെ നടീനടന്മാരും സിനിമയ്ക്ക് വോറൊരു അനുഭവം തന്നെയാണ് നല്‍കുന്നത്. ഇത്രനാളും ഇവരെല്ലാം എവിടെയായിരുന്നുവെന്ന് തോന്നിപ്പിക്കുന്ന പ്രകടനം കൂടെ പുറത്തെടുക്കാന്‍ കഴിഞ്ഞതോടെ കുവൈത്ത് വിജയന്റെ വീട്ടിലെ ഒരാളായി പ്രേക്ഷകനും മാറുന്നു. കന്നട സിനിമകളിലൂടെ ശ്രദ്ധേയനായ സെന്ന ഹെഗ്‌ഡേ മലയാളത്തില്‍ ഒരുക്കിയ ഈ ചിത്രം നവസിനിമാപരീക്ഷണങ്ങള്‍ക്കൊരുങ്ങുന്നവര്‍ക്കൊരു മാത്യകയാണ്. താര ബാഹുല്യത്തിലല്ല കഥയുടേയും അവതരണത്തിന്റേയും കൈയൊതുക്കത്തിലാണ് സിനിമയുടെ വിജയമെന്ന് ഈ സിനിമ കാണിച്ച് തരുന്നു.

സെന്ന ഹെഗ്‌ഡേയ്‌ക്കൊപ്പം തിരക്കഥ പങ്കാളിയായ ശ്രീരാജ് രവീന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. ഗിമ്മിക്കുകളില്ലാതെ നാട്ടിന്‍പുറത്തെ പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ ശ്രീരാജിന് സാധിച്ചിട്ടുണ്ട്. ക്യാമറയുടെ സാന്നിദ്ധ്യം പ്രേക്ഷകര്‍ക്ക് വേര്‍തിരിച്ചറിയാത്ത വിധം കഥാപശ്ചാത്തലത്തിലേക്ക് ആസ്വാദകനെ കൂട്ടികൊണ്ടുപോകാനും ശ്രീരാജിന് സാധിച്ചിട്ടുണ്ട്. കഥയുടെ ഒഴുക്കിനൊപ്പം താളമായി ഇഴുകിച്ചേര്‍ന്ന് പോകുന്നതാണ് സിനിമയുടെ സംഗീത വിഭാഗം. മുജീബ് മജീദ് സംഗീതം നല്‍കിയ ഗാനങ്ങളും, നിധീഷ് നടേരിയുടെ വരികളും, പശ്ചാത്തല സംഗീതവും, നാടന്‍പാട്ടുമെല്ലാം സിനിമയെ പ്രേക്ഷകനിലേക്ക് അടുപ്പിക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്. ദ്വയാര്‍ത്ഥ തമാശകള്‍ കേട്ട് മരവിച്ച മലയാളിയ്ക്ക് യഥാര്‍ത്ഥ തമാശയുടെ ഭംഗി ആസ്വദിയ്ക്കാനുള്ള അവസരവും ഈ ചിത്രമൊരുക്കുന്നു. (കുവൈറ്റ് വിജയനായെത്തിയ മനോജ് കെയു ), സുജയായെത്തിയ അനഖ നാരായണന്‍ (, ഗിരീഷായ രഞ്ജി കാങ്കോല്‍ , സന്തോഷായെത്തിയ സുനില്‍ സൂര്യ തുടങ്ങിയവര്‍ മുതല്‍ ചിത്രത്തിലെ ചെറിയ വേഷത്തിലെത്തിയ അമ്പുവേട്ടന്‍ വരെ പെര്‍ഫെക്റ്റ് കാസ്റ്റിംഗാണ് ചിത്രത്തിനെ മികച്ചതാക്കിയത്. നാട്ടിന്‍പുറങ്ങളിലെ നന്മയും കുശുമ്പും പ്രണയവും കുടുംബക്കാര്‍ക്കിടയിലെ അസ്വാരസ്യങ്ങളും ജനറേഷന്‍ ഗ്യാപ്പും എല്ലാം ഒരോ പോലെ ഈ സിനിമയില്‍ കടന്നുവരുന്നുണ്ട്. തിയറ്റര്‍ റിലീസിനേക്കാള്‍ ഒടിടി റിലീസ് തന്നെയാണ് ചിത്രം കൂടുതല്‍ ചര്‍ച്ചയ്ക്കിടയാക്കിയതും. നമ്മുടെ സ്വപ്‌നങ്ങള്‍ക്കനുസരിച്ച് മക്കളെ വളര്‍ത്താന്‍ ആഗ്രഹിക്കുമ്പോള്‍ നമ്മളറിയാതെ തന്നെ വീട്ടിലെ ഏകാധിപതിയായി മാറുകയാണെന്ന് ചിത്രം വരച്ചിടുന്നു. പുതിയ തലമുറയാല്‍ വീട് ഒരു ജനാധിപത്യരാജ്യമാകുന്നിടത്താണ് ചിത്രം അവസാനിക്കുന്നത്.