ഇനി എന്നെ ആര് കാണണമെന്ന് ഞാന്‍ തീരുമാനിക്കും ;കുറുപ്പ്

ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന കുറുപ്പിന്റെ ട്രെയിലര്‍ പുറത്തുവിട്ടു.ചിത്രം നവംബര്‍ 12ന് റിലീസ് ചെയ്യും. ചിത്രം ഒടിടി റിലീസ് ആയിരിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ സംസ്ഥാനത്ത് തീയറ്റര്‍ തുറക്കുന്നത് തീരുമാനിച്ചതിന് പിന്നാലെയാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചത്. തീയറ്റര്‍ തുറന്നതിന് ശേഷം ആദ്യമെത്തുന്ന പ്രധാന റിലീസായിരിക്കും കുറുപ്പ്.

സംസ്ഥാനത്തെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ‘കുറുപ്പ്’ ഒരുങ്ങുന്നത്. ജിതിന്‍ കെ ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേല്‍ സായൂജ് നായരും കെ എസ് അരവിന്ദും ചേര്‍ന്നാണ്. നിമിഷ് രവി ഛായാഗ്രഹണവും സുഷിന്‍ ശ്യാം സംഗീത സംവിധാനവും നിര്‍വഹിക്കുന്നു.

ദുല്‍ഖര്‍ സല്‍മാന്‍ അഭിനയരംഗത്തേക്ക് കടന്നുവന്ന സെക്കന്‍ഡ് ഷോ എന്ന ചിത്രമൊരുക്കിയ ശ്രീനാഥ് രാജേന്ദ്രന്‍ ആണ് സിനിമ സംവിധാനം ചെയ്യുന്നത് . മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് കുറുപ്പ് പ്രേക്ഷകരിലേക്കെത്തുക. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേ ഫാറര്‍ ഫിലിംസും എം സ്റ്റാര്‍ എന്റര്‍ടൈന്‍മെന്റ്സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.മൂത്തോന്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. ഇവരെ കൂടാതെ ഇന്ദ്രജിത് സുകുമാരന്‍, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, വിജയരാഘവന്‍, പി ബാലചന്ദ്രന്‍, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന റോഷന്‍ ആന്‍ഡ്രൂസ് ചിത്രം സല്യൂട്ട് ആണ് അണിയറയിലൊരുങ്ങുന്ന മറ്റൊരു ദുല്‍ഖര്‍ ചിത്രം.
അരവിന്ദ് കരുണാകരന്‍ എന്നാണ് ചിത്രത്തില്‍ ദുല്‍ഖറിന്റെ കഥാപാത്രത്തിന്റെ പേര്. ചിത്രത്തിന്റെ ഷൂട്ട് കൊല്ലം, തിരുനനന്തപുരം, കാസര്‍കോട്, ഡല്‍ഹി എന്നിവിടങ്ങളില്‍ വെച്ചാണ് നടന്നത്. ബോളിവുഡ് താരം ഡയാന പെന്റിയാണ് ചിത്രത്തിലെ നായിക. മനോജ് കെ ജയന്‍, ലക്ഷ്മി ഗോപാല സ്വാമി, സാനിയ ഈയപ്പന്‍, ബിനു പപ്പു, അലന്‍സിയര്‍, വിജയകുമാര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍.