ബാച്ച്‌ലര്‍ അല്ല …സിനിമാ പ്രണയത്തിന് മുപ്പത് വയസ്സ്

മിനി സ്‌ക്രീനിലൂടെയും ബിഗ് സ്‌ക്രീനിലൂടെയും തന്റെ കൊച്ചു കൊച്ചു മനോഹര വേഷങ്ങളുമായി മലയാളി മനസ്സില്‍ ഇടം നേടിയ താരമാണ് തെസ്‌നി ഖാന്‍. കലാഭവനിലെ പരിശീലനത്തിലൂടെ നര്‍ത്തകിയായി, പിന്നീട് നടിയായി ഇപ്പോള്‍ മലയാള സിനിമയില്‍ മുപ്പതാണ്ട് തികയ്ക്കുകയാണ് തെസ്‌നി. ഒരു കാലത്ത് ഓരോ എപ്പിസോഡും കാത്തിരുന്ന് പ്രേക്ഷകര്‍ കണ്ടിരുന്ന ‘സിനിമാല’ എന്ന ഹാസ്യ ഹിറ്റ് പരിപാടിയിലൂടെയും തെസ്‌നിയെ പ്രേക്ഷകര്‍ ഇഷ്ടപ്പെട്ടിട്ടുണ്ട്. സിനിമാ ജീവിതത്തിന്റെ കനത്ത ഒഴുക്കിലെ വലിയ ചുഴികളെയും പ്രതിസന്ധികളെയും തെല്ല് പുഞ്ചിരിയോടെ നേരിട്ട് ഇന്നും സ്ഥിര സാന്നിധ്യമായി നില്‍ക്കുന്ന തെസ്‌നിയെ നവ താരങ്ങള്‍ക്ക് മാതൃകയാക്കാവുന്നതാണ്. പുതിയ സിനിമകളില്‍ പുതിയ വേഷങ്ങളും പുതിയ അഭിനയ രീതികളുമായി തെസ്‌നി മുന്നോട്ട് പോകുമ്പോള്‍ ഒറ്റയ്ക്കുള്ള ഈ യാത്രയില്‍ അല്‍പ്പ നേരം തെസ്‌നി സെല്ലുലോയ്ഡിനോടൊപ്പം പങ്കുചേരുകയാണ്…

  • ടെലിവിഷനിലും ബിഗ് സ്‌ക്രീനിലുമൊക്കെയായി മുപ്പത് വര്‍ഷത്തോളമായി സിനിമാ ഇന്‍ഡസ്ട്രിയിലുണ്ട്… എങ്ങനെയാണ് ഇത്രയും വര്‍ഷത്തെ സിനിമാജീവിതത്തെ നോക്കിക്കാണുന്നത്…?

‘ഒഴുക്കിനൊത്ത് നീന്തിപ്പോവുക’ എന്നൊക്കെ പറയില്ലേ അത് പോലയങ്ങ് പോയതാണ്. ശരിക്കും ഒരു ആര്‍ട്ടിസ്റ്റായാലും ആക്ട്രസ്സായാലും ജനങ്ങളാണ് അവരുടെ നിലനില്‍പ് തീരുമാനിക്കുന്നത്. എനിക്ക് തോന്നുന്നത് ഹ്യൂമര്‍ കഥാപാത്രങ്ങളൊക്കെ ചെയ്യുന്നത് കൊണ്ടാവും, എല്ലാവര്‍ക്കും ഇഷ്ടമാണ്. അതുപോലെ ബിഗ് സ്‌ക്രീനിലൊക്കെ നില്‍ക്കുകയെന്നുള്ളത് ഒരു ഭാഗ്യം കൂടിയാണ്.

  • എങ്ങനെയായിരുന്നു ഇന്‍ഡസ്ട്രിയിലേക്കുള്ള തുടക്കം…?

‘ഡെയ്‌സി'(1988) ലായിരുന്നു തുടക്കം. കലാഭവന്‍ പ്രോഗ്രാമിലെ ഒരു ഡാന്‍സ് കണ്ടാണ് ഡെയ്‌സിയിലേക്ക് അതിന്റെ പ്രൊഡക്ഷനില്‍ നിന്ന് ഒരാള്‍ വിളിക്കുന്നത്. എന്റെ അച്ഛന്റെ സുഹൃത്തായ ഷറഫുദ്ധീന്‍ എന്നയാള്‍ പുതുമുഖങ്ങളെ എടുക്കുന്നുണ്ടെന്ന് പറഞ്ഞപ്പോള്‍ സിനിമയില്‍ ഒന്ന് മുഖം കാണിക്കാമല്ലോ എന്ന് കരുതിയായിരുന്നു അഭിനയിച്ചത്. അന്ന് ഊട്ടിയില്‍ വെച്ച് ഒരു മാസത്തെ ഷൂട്ടിങ്ങ് നടക്കുന്നതിനിടെ പ്രതാപ് പോത്തന്‍, കമല്‍ഹാസന്‍ എന്നിവര്‍ക്കൊപ്പമൊക്കെ എനിക്കഭിനയിക്കാന്‍ പറ്റി. അങ്ങനെ ഓരോരോ സിനിമകള്‍ വന്നുകൊണ്ടിരുന്നു. എനിക്കും തോന്നി ‘നല്ല പരിപാടിയാണല്ലോ.., ക്യാഷൊക്കെ കിട്ടുന്നുണ്ടല്ലോ’ എന്ന്. വന്ന ട്രാക്ക് അങ്ങനെയായിരുന്നതുകൊണ്ടാവാം, പക്ഷെ നല്ല കഥാപാത്രങ്ങളൊന്നും കിട്ടിയില്ല. കിട്ടിയ റോളുകളൊക്കെ നായികയുടെ ഫ്രണ്ടിന്റെ റോളുകളാണ്. അങ്ങനെ ഒരു ദിവസം, എനിക്ക് തോന്നി ‘നമ്മള്‍ക്ക് പറഞ്ഞ് തരുന്ന കാര്യങ്ങളൊക്കെ നമ്മള്‍ നന്നായി ചെയ്യുന്നു. അപ്പോള്‍ പിന്നെ എന്തിനാണ് ഈ ബുക്കും പിടിച്ച് പുറകില്‍ നില്‍ക്കുന്നത് ‘ എന്ന്.

അന്ന് മിനിസ്‌ക്രീനില്‍ നല്ല ഗ്യാപ്പുണ്ടായിരുന്നതിനാല്‍ പിന്നെ പതിയെ സീരിയലുകളില്‍ നല്ല വേഷങ്ങളൊക്കെ ചെയ്തു. അവസാനമായി ഞാന്‍ ചെയ്തത് ഏഷ്യാനെറ്റില്‍ പത്ത് വര്‍ഷം മുമ്പ് റിലീസായ ‘അല്‍ഫോന്‍സാമ്മ’ എന്ന സീരിയലിലാണ്. പിന്നീടങ്ങോട്ട് ചെറിയ സിനിമകള്‍ ചെയ്യുന്നതിനൊപ്പം എനിക്ക് സത്യന്‍ അന്തിക്കാടിന്റെ പടത്തില്‍ ഒരു നല്ല വേഷം കിട്ടുമെന്നല്ലാതെ വലിയ സിനിമകളൊന്നുമുണ്ടായില്ല. അങ്ങനെയിരിക്കുമ്പോഴാണ് ‘പോക്കിരി രാജ’ എന്ന സിനിമയിലൂടെ ഒരു ബ്രെയ്ക്ക് കിട്ടുന്നത്… അതില്‍ സലീം കുമാറിന്റെ വൈഫായിട്ടാണ് ഞാന്‍ അഭിനയിച്ചത്. ആ ഉദയ്കൃഷ്ണ-സിബി കെ തോമസ് ടീമിന് എന്റെ അഭിനയം ഇഷ്ടമായി. അവര്‍ തന്നെയാണ് പിന്നീട് എനിക്ക് ‘കാര്യസ്ഥന്‍’ എന്ന ചിത്രത്തിലും വേഷം തരുന്നത്. അത് ഹിറ്റായ സമയത്ത് എനിക്ക് ലാല്‍ ജോസിന്റെ ഡയമണ്ട് നെക്ലേസ് എന്ന പടത്തിലും അവസരം കിട്ടി. അങ്ങനെ ബ്യൂട്ടിഫുള്‍, ട്രിവാണ്ട്രം ലോഡ്ജ്, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് എന്നിങ്ങനെ ചെയ്ത പടങ്ങളൊക്കെ ഹിറ്റായി. അപ്പോഴാണ് ഞാനെന്ന് പറയുന്ന ഒരു ആക്ട്രസിനെ സിനിമാ ലോകം ഒന്ന് ശ്രദ്ധിക്കാന്‍ തുടങ്ങിയത്. ഒരു ആക്ട്രസിനെ സംബന്ധിച്ചിടത്തോളം നല്ല റോളുകള്‍ കിട്ടിയാലേ നല്ല നടിയാണ് എന്ന് തെളിയിക്കാന്‍ പറ്റുകയുള്ളു. ഒരുപാട് നല്ല ഡയറക്ടേഴ്‌സിന്റെയും സ്‌ക്രിപ്റ്റ് റൈറ്റേഴ്‌സിന്റെയും കീഴില്‍ വര്‍ക്ക് ചെയ്യാന്‍ എനിക്ക് പറ്റി. പിന്നെ പതിയെ പതിയെ അവസരങ്ങള്‍ നമ്മളെത്തേടി വരാനും തുടങ്ങി. പുതിയ കുട്ടികള്‍ ഒരുപാട് സിനിമയിലേക്ക് വരുന്നുണ്ട്, പക്ഷെ കഴിവും ദൈവവിശ്വാസവുമുണ്ടെങ്കില്‍ എപ്പോഴും നിലനില്‍ക്കാന്‍ പറ്റുന്ന ഒരു ഫീല്‍ഡ് തന്നെയാണ് സിനിമ എന്ന് എനിക്ക് തോന്നുന്നു.

  • കലാഭവനിലെ കാലത്തെക്കുറിച്ച്…?

സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് ഞാന്‍ ഒരു ആവറേജ് സ്റ്റുഡന്റായിരുന്നു. പക്ഷെ അന്നും എന്നെ ടീച്ചേഴ്‌സിനിഷ്ടപ്പെടാന്‍ കാരണം യൂത്ത് ഫെസ്റ്റിവലിനും മറ്റുമൊക്കെ ഭാഗമായിരുന്നത് കൊണ്ടാണ്. പഠിച്ചതും വളര്‍ന്നതുമൊക്കെ എറണാകുളത്തായിരുന്നെങ്കിലും, കോഴിക്കോടാണ് എന്റെ ജന്മനാട്. മുമ്പ് കാലിക്കറ്റ് ഗേള്‍സ് ഹൈസ്‌കൂളിനായിരുന്നു ഒപ്പനയ്ക്ക് എപ്പോഴും ഫസ്റ്റ് കിട്ടിക്കൊണ്ടിരുന്നത്. ഡിസ്ട്രിക്ട് ലെവലില്‍ സെന്റ് ട്രീസാസ് ഹൈസ്‌കൂളിനും. പക്ഷെ ഞാന്‍ എറണാകുളത്ത് പഠിക്കാന്‍ തുടങ്ങിയതിന് ശേഷം, എല്ലാ വര്‍ഷവും നമുക്കാണ് ഫസ്റ്റ് കിട്ടിയത്. ടീച്ചേഴ്‌സിനൊക്കെ എന്നിലൊരു വിശ്വാസമുണ്ടായിരുന്നു. കാരണം കാലിക്കറ്റ് സ്‌റ്റൈല്‍ ഒപ്പന, ഡ്രെസ്സിങ്ങ് എന്നിവയെല്ലാം എനിക്കറിയാം. അതുകൊണ്ട് പഠിക്കാന്‍ മോശമായിരുന്നെങ്കിലും തട്ടിമുട്ടി പത്താംക്ലാസ് കഴിഞ്ഞു.

അന്ന് കലാഭവനില്‍ എന്റെ അച്ഛന്‍ മാജിക് പഠിപ്പിക്കുന്ന കാലമായിരുന്നു. പഠിപ്പിച്ചിട്ട് കാര്യമില്ല, കലാപരമായിട്ട് തന്നെ ഇവളെ എന്തിനെങ്കിലും ഇറക്കാം എന്ന് അച്ഛന് ആദ്യമേ മനസ്സിലായി. അങ്ങനെയാണ് കൊച്ചിന്‍ കലാഭവനില്‍ മ്യൂസിക് മെയ്‌നായി എടുത്ത് ചേരുന്നത്. വീണയും, സംസ്‌കൃതവും, ഡാന്‍സുമാണ് വിഷയങ്ങള്‍. അതിന് മുമ്പ് ഞാന്‍ ഒഴിവ് ദിവസങ്ങളില്‍ ഡാന്‍സ് പഠിക്കാന്‍ പോവുമായിരുന്നു. അതോടെയാണ് ഞാന്‍ ട്രൂപ്പിലെ അംഗമാവുന്നത്. അന്നത്തെ ഞങ്ങളുടെ ബാച്ചില്‍ മിമിക്രിയിലുണ്ടായിരുന്ന ആള്‍ക്കാരാണ് ജയറാമേട്ടന്‍, സൈനുദ്ദീന്‍, പ്രസാദേട്ടന്‍, നാരായണന്‍ കുട്ടി, ഹനീഫ്ക, കലാഭവന്‍ റഹ്മാന്‍ക്ക, എന്നിവരൊക്കെ. ഇവരുടെയെല്ലാവരുടെയും മിമിക്രിയും ഡാന്‍സുമെല്ലാമായിട്ട് ഞങ്ങള്‍ ആ കാലത്ത് ഒരുപാട് പരിപാടികള്‍ ചെയ്തിരുന്നു. കലാഭവന്‍ എന്ന സ്ഥാപനം ആരെയും രക്ഷപ്പെടുത്തില്ല. പക്ഷെ കലാഭവനില്‍ പഠിക്കുന്ന ഒരാള്‍ക്ക് എന്തെങ്കിലും ഒരു കഴിവുണ്ടെങ്കില്‍ ഭാവിയില്‍ തീര്‍ച്ചയായും അയാള്‍ രക്ഷപ്പെടും. ആബേലച്ചന്റെ ഒരു ഗുരുത്വമാണത്.

  • ഫിലോമിന ചേച്ചി, സുകുമാരി ചേച്ചി തുടങ്ങീ വളരെ സജീവമായി നിന്ന താരങ്ങളോടൊപ്പം വന്ന് ഇന്നിവിടെവരെ എത്തി നില്‍ക്കുകയാണ്. ഒരു അഭിനേതാവെന്ന നിലയില്‍ രണ്ട് ജനറേഷനിലെ സിനിമയില്‍ വന്ന മാറ്റങ്ങളേക്കുറിച്ച്…?

വളരെ നാച്ചുറലായി കാര്യങ്ങള്‍ പറഞ്ഞ് പോകുന്നത് പോലെയാണ് ഇപ്പോള്‍ സിനിമ. അതെനിക്ക് മനസ്സിലായത് ഒമര്‍ ലുലുവിന്റെ പടത്തിലൂടെയാണ്. ഒമറിന്റെ ഹാപ്പി വെഡ്ഡിങ്ങ് എന്ന സിനിമ ചെയ്യുമ്പോള്‍ ഷറഫുദ്ദീന്‍, സിജു വില്‍സണ്‍, സൗബിന്‍ എന്നിവരൊക്കെ സെറ്റിലുണ്ട്. ഇവര്‍ ബസ്സില്‍ കയറി ‘ടിക്കറ്റ്, ടിക്കറ്റ്’ എന്ന് പറയുന്ന രംഗത്തിലാണ് ഞാന്‍ സെറ്റിലെത്തുന്നത്. ഇവര്‍ സംസാരിക്കുന്നത് കണ്ടപ്പോള്‍ സ്‌ക്രിപ്റ്റ് എവിടെയെന്ന് ഞാന്‍ ചോദിച്ചു. അത് കേട്ടപ്പോള്‍ അവരെല്ലാവരും ചിരിക്കുകയാണുണ്ടായത്. പിന്നെ എന്നോട് ”ഇത്ത പറഞ്ഞോ.. എന്നോടല്ലെ?! ” എന്ന് പറഞ്ഞു. ഞാന്‍ സാധാരണ രീതിയില്‍ ഒരു കണ്ടക്ടര്‍ പറയുന്ന ഡയലോഗുകളൊക്കെ തന്നെയാണ് പറഞ്ഞത്. പക്ഷെ അതെല്ലാം സിനിമയില്‍ വന്നപ്പോള്‍ നല്ല രസമായിരുന്നു. ആ സീനിലുള്ള എല്ലാ ഷോട്ടുകളും അങ്ങനെ സ്‌പോട്ടില്‍ ചെയ്തതാണ്. അങ്ങനെയുള്ള സിനിമകള്‍ക്കൊപ്പം തന്നെ രണ്ട് മാസം തല പുകഞ്ഞാലോചിച്ചിരുന്ന് എഴുതിയ സ്‌ക്രിപ്റ്റുകളുമുണ്ട്. പക്ഷെ പണ്ട് സിനിമയില്‍ സ്‌ക്രിപ്റ്റ് നിര്‍ബന്ധമായിരുന്നു. അതിലുള്ള ഡയലോഗ് അതുപോലെ തന്നെ പഠിച്ച് മനസ്സിലാക്കി പറയണം. അമ്പിളി ചേട്ടനെ പോലെ വളരെ അപൂര്‍വം ചില ആര്‍ട്ടിസ്റ്റുകള്‍ മാത്രമെ സംവിധായകരോട് ചോദിച്ച് സ്‌ക്രിപ്റ്റില്‍ എന്തെങ്കിലും തിരുത്തലുകള്‍ നിര്‍ദ്ദേശിക്കുകയുള്ളൂ. ഇപ്പോള്‍ ഡയറക്ടമാര്‍ നമുക്ക് വിട്ട് തന്നിരിക്കുകയാണ്. ‘നിങ്ങള്‍ അങ്ങട് തകര്‍ത്തോളു, ഞങ്ങള്‍ കൂടെയുണ്ട്’ എന്ന മട്ടിലാണ്.

  • സ്റ്റേജ് ഷോയും സ്‌കിറ്റുകളുമൊക്കെയായി ഒരുപാട് എക്‌സ്പീരിയന്‍സുള്ള ആര്‍ട്ടിസ്റ്റാണ്. നൃത്തത്തില്‍ നിന്ന് അഭിനയത്തിലേക്ക് മാറിയപ്പോള്‍ എങ്ങനെയുണ്ടായിരുന്നു…?

നൃത്തവും അഭിനയവും രണ്ടും രണ്ടാണ്. പക്ഷെ നൃത്തത്തില്‍ ഒരുപാട് അഭിനയ സാധ്യത കൊണ്ടുവരാന്‍ കഴിയും. നാടകത്തില്‍ നമ്മള്‍ ഭാവങ്ങളും ശബ്ദവുമെല്ലാം കുറച്ച് എക്‌സ്ട്രീമായിട്ടാണ് ചെയ്യുന്നത്. എന്നാല്‍ സിനിമയില്‍ ബിഹെയ്‌വിങ്ങാണ് നടക്കുന്നത്. ഞാന്‍ ബ്യൂട്ടിഫുള്‍ എന്ന സിനിമയില്‍ അഭിനയിക്കാന്‍ ചെല്ലുമ്പോള്‍ ഒരൊറ്റ കാര്യമാണ് വി കെ പ്രകാശ് സാര്‍ പറഞ്ഞത്. ‘തെസ്‌നി സിനിമയില്‍ അഭിനയിക്കരുത്’. കേട്ടപ്പോള്‍ ഞാന്‍ തകര്‍ന്നുപോയി. കാരണം അനൂപ് മേനോനാണ് എന്നെ അതിലേക്ക് കാസ്റ്റ് ചെയ്യുന്നത്. ഞാന്‍ ആദ്യമായാണ് ഡയറക്ടറെ കാണുന്നത്. പറഞ്ഞത് കേട്ടപ്പോള്‍ ഒരുപാട് വിഷമിച്ചെങ്കിലും, പിന്നീട് സാറിനോട് ചോദിച്ചപ്പോള്‍ സാര്‍ തന്നെ കാര്യം പറഞ്ഞു തന്നു. ” തസ്‌നീ.. താന്‍ പണ്ടൊക്കെ അഭിനയിക്കുന്ന പോലെ കിടന്നുരുണ്ട് കൊണ്ടൊന്നും അഭിനയിക്കണ്ട, പറഞ്ഞ് തരുന്നത് പോലെ വെറുതെ അങ്ങ് അഭിനയിച്ചാല്‍ മതി” എന്ന്. അങ്ങനെയാണ് ഞാനും ജയനും തമ്മിലുള്ള ആ സീനൊക്കെ അത്ര ലാഘവത്തോടെ ചെയ്യുന്നത്. ഒരു ഭയങ്കര സ്‌കൂള്‍ തന്നെയാണ് സാറിന്റേത്. ഓവറായി ചുണ്ടുകൊണ്ടും, കണ്ണു കൊണ്ടും, മൂക്കു കൊണ്ടുമൊന്നും ക്യാമറയുടെ മുമ്പില്‍ വര്‍ക്ക് ചെയ്യേണ്ട ആവശ്യമില്ല. ഈയിടെ അദ്ദേഹത്തിന്റെ മകള്‍ കാവ്യ ചെയ്ത ‘വാങ്ക’് എന്ന ഒരു സിനിമയില്‍ ഞാന്‍ അഭിനയിച്ചിരുന്നു. ഉണ്ണി ആറിന്റെ കഥ, ഷബ്‌നു ആണ് സ്‌ക്രിപ്റ്റ് റൈറ്റര്‍. അതില്‍ ഫുള്‍ ടൈം എന്തിനും കുറ്റം പറഞ്ഞ് നടക്കുന്ന ഒരു ഉമ്മയുടെ റോളാണ് ഞാന്‍ ചെയ്യുന്നത്. ആ വേഷത്തിന് വേണ്ടി ഒരു തയ്യാറെടുപ്പും നടത്തിയിട്ടില്ല. മുഖം ഒന്ന് തുടച്ചു കയറിട്ടേയുള്ളു. പക്ഷെ മറിച്ച് സ്‌കിറ്റിലും സീരിയലിലുമൊക്കെ കുടുംബപ്രേക്ഷകരൊക്കെ ശ്രദ്ധിക്കുന്നത് കൊണ്ട് വസ്ത്രങ്ങളിലും മെയ്ക്കപ്പിലുമൊക്കെയാണ് കൂടുതല്‍ അട്രാക്ഷന്‍ കൊടുക്കുന്നത്.

  • മമ്മൂക്കയാണ് തസ്‌നിയുടെ റോള്‍ മോഡല്‍ എന്ന് കേട്ടിട്ടുണ്ട്…?

മമ്മൂക്കയെ ഞാന്‍ മാത്രമല്ല, എല്ലാവരും റോള്‍ മോഡലാക്കാറുണ്ട്. മമ്മൂക്ക എന്താണെന്ന് മമ്മൂക്കയെ അടുത്തറിയുന്നവര്‍ക്കും സംസാരിക്കുന്നവര്‍ക്കുമൊക്കെ അറിയാം. അത്രയും സിമ്പിളായ സ്‌നേഹമുള്ള ഒരു മനുഷ്യനാണ്. കഴിവുള്ളവരെ മനസ്സിലാക്കി അവരെ ഒരുപാട് പ്രമോട്ട് ചെയ്യുന്ന ഒരു വലിയ മനുഷ്യനാണ് അദ്ദേഹം. അതുപോലെ നല്ല ഉപദേശങ്ങള്‍ തരും. പുള്ളിയുടെ സെറ്റ് തന്നെ ഒരു പോസിറ്റീവ് എനര്‍ജിയാണ്, ഒരു പവിത്രതയാണ്. അതൊക്കെ സത്യത്തില്‍ നമ്മള്‍ കണ്ട് പഠിക്കേണ്ടതുണ്ട്. ഒരു വലിയ മനുഷ്യന്റെ എല്ലാ ഗുണങ്ങളും അദ്ദേഹത്തിലുണ്ട്. പ്രെയറിന്റെ കാര്യത്തിലായാലും, അഭിനയത്തിന്റെ കാര്യത്തിലായാലും മറ്റുള്ളവരോട് പെരുമാറുന്ന കാര്യത്തിലായാലും, മമ്മൂക്കയും ലാലേട്ടനുമൊക്കെ അങ്ങനെയാണ്.

  • ഇന്‍ഡസ്ട്രിയില്‍ എത്തിയതില്‍ ഏറ്റവും കൂടുതല്‍ കടപ്പാട് തോന്നിയിട്ടുള്ളത് ആരോടാണ്…?

ഒരുപാട് പേരോട് തോന്നിയിട്ടുണ്ട്. പക്ഷെ എടുത്ത് പറയേണ്ടത്, ഉദയ് കൃഷ്ണയോടും സിബി കെ തോമസിനോടുമാണ്. അവര്‍ പോക്കിരിരാജ, അതുപോലെ കാര്യസ്ഥന്‍ എന്ന് പറയുന്ന പടങ്ങളില്‍ ഒരു റീ എന്‍ട്രി തന്നിട്ടില്ലായിരുന്നെങ്കില്‍, എനിക്ക് സിനിമയില്‍ സജീവമാവാന്‍ പറ്റുമെന്ന് തോന്നുന്നില്ല. ഞാനങ്ങനെ പറയുമ്പോള്‍ ചിലര്‍ പറയും ‘ഏയ് അങ്ങനെയല്ല.. തസ്‌നിക്ക് കഴിവുണ്ടല്ലോ ‘എന്ന്. പക്ഷെ എന്തിന്റെയും പിറകില്‍ ഒരു ഗോഡ് ഫാദറോ, കൊണ്ടുവരാന്‍ ഒരാളെങ്കിലും ഇല്ലാതെ നമുക്ക് ഒരിക്കലും മുന്നോട്ട് വരാന്‍ സാധിക്കില്ല. ആദ്യ കാലങ്ങളില്‍, സിനിമ അത്ര സജീവമല്ലാതെയിരുന്ന കാലഘട്ടത്തില്‍, ലോഹിതദാസ് സാറിന്റെ പടത്തില്‍ കോമഡി റോളുകള്‍ ചെയ്തിരുന്നത് ബിന്ദു പണിക്കറും കല്‍പനച്ചേച്ചിയുമൊക്കെയായിരുന്നു. ഇവരൊക്കെ ഇങ്ങനെ നന്നായി തിളങ്ങി നില്‍ക്കുന്ന സമയത്തൊന്നും എന്നെയൊന്നും ഓര്‍ക്കാന്‍ പോലുമിടയില്ല. അന്ന് ഞാന്‍ മിനിസ്‌ക്രീനും സിനിമാലയുമൊക്കെയായി മുന്നോട്ട് പോകുന്ന ഒരാളായിരുന്നു. ഇപ്പോഴാണ് തെസ്‌നിക്കും ഈ റോളുകളൊക്കെ ചെയ്യാന്‍ പറ്റും എന്ന ഒരു തോന്നല്‍ എല്ലാവര്‍ക്കുമുണ്ടായത് എന്നാണെന്റെ ഒരു വിശ്വാസം.

  • സ്ഥിരം വേഷങ്ങളില്‍ നിന്ന് ഒരു മാറ്റം ഉണ്ടായെന്ന് തോന്നിയ കഥാപാത്രങ്ങളെക്കുറിച്ച്…?

കാര്യസ്ഥനില്‍ ഒരു സെര്‍വന്റായിരുന്നെങ്കിലും ഒരു ജോഡിയുണ്ടായിരുന്നു, പാട്ട് സീനുണ്ടായിരുന്നു, കല്ല്യാണമുണ്ടായിരുന്നു. അതായത് ആ ക്യാരക്ടറിന് ഒരു ലൈഫുണ്ട്. അതുപോലെ ട്രിവാണ്ട്രം ലോഡ്ജില്‍ ഒരു പ്രോസ്റ്റിറ്റിയൂട്ടിന്റെ റോളാണ്. പണ്ടൊക്കെ അത്തരമൊരു ക്യാരക്ടര്‍ സീമ ചേച്ചിയോ, അല്ലെങ്കില്‍ ശുഭ എന്നിവരൊക്കെ ചെയ്യുമ്പോള്‍ അവരുടെ ബോഡി ലാംഗ്വേജിലും ഡ്രെസ്സിങ്ങിലുമൊക്കെ അത് പ്രകടമാണ്. പക്ഷെ ബ്യൂട്ടിഫുളില്‍ ഞാന്‍ ചെയ്തിരിക്കുന്നത് വളരെ അടക്കവും ഒതുക്കവുമുള്ള ഒരു പ്രോസ്റ്റിറ്റിയൂട്ടാണ്. ചുരിദാറൊക്കെ ഇട്ട് വളരെ മാന്യമായി, സംസാരത്തില്‍ കൂടി മാത്രം അത് കണ്‍വേ ചെയ്യുന്ന, ആള്‍ക്കാരെ ചിരിപ്പിക്കുന്ന ഒരു പ്രോസ്റ്റിറ്റിയൂട്ട്. അതിന് അല്‍പം ഹ്യൂമറും കൂടി കലര്‍ത്തി ചെയ്യണം, അപ്പോഴേ ആള്‍ക്കാര്‍ക്ക് അവരെ ഇഷ്ടപ്പെടാന്‍ സാധിക്കുകയുള്ളു. അതുകൊണ്ടാണ് ട്രിവാണ്ട്രം ലോഡ്ജിലെ കന്യകാ മേനോനെ എല്ലാവരും ഇഷ്ടപ്പെടാന്‍ കാരണം. ഇതേപോലെ തന്നെയാണ് ഭയ്യാ ഭയ്യാ എന്ന ചിത്രത്തിലെ എന്റെ വേഷവും. അതിന് എന്നെ വിളിച്ചപ്പോള്‍ ഞാന്‍ തന്നെ സ്‌ക്രിപ്റ്റ് റൈറ്ററോട് ചോദിച്ചു. ‘അയ്യോ മലയാളത്തില്‍ ഈ ഒരു റോള്‍ ചെയ്യാന്‍ ഞാനല്ലാതെ ആരും ഇല്ലേ’ എന്ന്. അതില്‍ ബെന്നി പി നായരമ്പലം എന്നോട് കഥാപാത്രത്തെക്കുറിച്ച് പിന്നീട് ഡീറ്റെയ്‌ലായി പറയുകയുണ്ടായി. ആ ഒരു ക്യാരക്ടറാണ് ഒരു സുപ്രഭാതത്തില്‍ മന്ത്രിയുടെ മകന്റെ കൂടെ പിടിക്കപ്പെട്ട്, അയാളെ വിവാഹം ചെയ്ത്, പിന്നീട് വലിയ സ്ഥാനത്തെത്തി, അവസാനം ഇലക്ഷന് നിന്ന് മന്ത്രിയായി, സഹകരണമന്ത്രിയായാല്‍ മതിയെന്ന് വാദിക്കുന്നു. ഇങ്ങനെ വരെ പോകുന്ന ഒരു ക്യാരക്ടറാണ് എന്ന് പറയുമ്പോള്‍ പിന്നെ അത് ഞാന്‍ ഒഴിവാക്കണോ.. ഒരു ലൈഫുള്ള കഥാപാത്രത്തെ പീന്നീട് നമുക്ക് കിട്ടിയെന്ന് വരില്ല. ഈയടുത്തിറങ്ങിയ ആകാശഗംഗയില്‍ ഞാനും ധര്‍മ്മജനുമാണ് ഒരു പെയറായി വരുന്നത്. അതിലും ഞാന്‍ ഒരു കാര്യസ്ഥയാണ്. പക്ഷെ ആ പടത്തില്‍ ഞാന്‍ പ്രധാന കഥാപാത്രങ്ങളിലൊന്നാണ്. നമുക്ക് എന്ത് വേഷം തന്നാലും അതില്‍ എന്ത് ചെയ്യാനുണ്ട് എന്നതാണ് പ്രധാനം. ഒരു ക്യാരക്ടറിന്റെ വേഷത്തില്‍ എന്തെങ്കിലും ചെയ്യാനുണ്ടെങ്കില്‍ നമുക്ക് ഒരേ ടൈപ്പാണെങ്കിലും കുഴപ്പമില്ല.

  • ലൈഫിലും ഫെമിനിസ്റ്റ് ആശയങ്ങളുണ്ടൊ…?

ലൈഫില്‍ എന്റെ കാഴ്ച്ചപ്പാടില്‍ എപ്പോഴും സ്ത്രീകള്‍ക്ക് അത്യാവശ്യം അടക്കവും ഒതുക്കവുമൊക്കെ വേണം എന്ന് തന്നെയാണ്. നമുക്ക് കഴിവും സാമര്‍ത്ഥ്യവും ഒക്കെ വേണം, പക്ഷെ ഏതൊരു പെണ്ണിനും മുന്നോട്ട് പോകണമെങ്കില്‍ ഒരു ആണിന്റെ പിന്തുണയുണ്ടെങ്കിലേ കുറച്ച് കൂടി ഒരു ധൈര്യം കിട്ടുകയുള്ളു, അല്ലാതെ സ്വന്തം വില്‍ പവറില്‍ ജീവിക്കുന്ന സ്ത്രീകളും ഉണ്ടാവാം. പക്ഷെ എന്നെ പോലെയുള്ള കഥാപാത്രങ്ങള്‍ക്കൊക്കെ എപ്പോഴും എന്തെങ്കിലും പിന്തുണ ആവശ്യമാണ്. ഒന്നല്ലെങ്കില്‍ നമ്മുടെ അച്ഛന്‍, അല്ലെങ്കില്‍ നമ്മുടെ സഹോദരന്‍, അല്ലെങ്കില്‍ നമ്മുടെ കസിന്‍സ് അങ്ങനെ ആരുടെയെങ്കിലും പിന്തുണ ആവശ്യമാണ്. എപ്പോഴും ഒരാണിന്റെ സാമീപ്യം നല്ല കാര്യങ്ങള്‍ക്കുണ്ടാവുന്നത് നല്ലത് തന്നെയാണെന്ന് എന്റെ അഭിപ്രായം.

  • ആരാണ് തെസ്‌നിയുടെ ജീവിതത്തിലെ പിന്തുണ…?

ഇപ്പോള്‍ എന്റെ മമ്മിയാണ് എന്റെ പിന്തുണ. ഇപ്പോള്‍ ഞാന്‍ ബാച്ച്‌ലറാണല്ലോ, വാപ്പ മരിച്ചിട്ട് എട്ടു വര്‍ഷത്തോളമായി. ബ്രദേഴ്‌സ് എന്ന് പറയുന്നത് കസിന്‍സൊക്കെ ആണ്. പക്ഷെ അവരൊന്നും ഈ ഫീല്‍ഡില്‍ അത്ര ഇന്‍വോള്‍വ്ഡല്ല. അവരൊക്കെ ഡോക്ടേഴ്‌സും എന്‍ജിനീയേഴ്‌സുമൊക്കെയാണ്. അവരുടേതായ ഡ്യൂട്ടികളിലാണ്. ഈ ഫീല്‍ഡില്‍ എന്ന് പറയാന്‍ എപ്പോഴും എന്റെ മമ്മിയുടെ ഒരു പിന്തുണയുണ്ട്, പിന്നെ ഇത്രയും വര്‍ഷമായത് കൊണ്ട് തെസ്‌നി ചേച്ചി എന്ന ഒരു റെസ്‌പെക്ട് എല്ലാവരും തരുന്നുണ്ട്.

  • ഒരു ബാച്ച്‌ലര്‍ ലൈഫ് തിരഞ്ഞെടുക്കാനുള്ള കാരണം…?

ഇത് നല്ലതാണ്. ഈ ലൈഫ് എന്ന് പറയുന്നത്. ഇങ്ങനെ പോട്ടെ… കാരണം, നമുക്ക് ഏറ്റവും ആവശ്യം ഇപ്പോള്‍ നമ്മുടെ പാരന്റ്‌സിനെ നോക്കണം എന്നുള്ളതാണ്. ഇപ്പോള്‍ ലൈഫിലൊക്കെ ഒരുപാട് കാര്യങ്ങള്‍ കേള്‍ക്കുന്നത് കൊണ്ട്, എപ്പോഴും നമ്മുടെ മൈന്‍ഡില്‍ ‘നല്ല വേഷങ്ങള്‍ കിട്ടണം, അഭിനയിക്കണം, കുടുംബത്തെ നോക്കണം’ എന്നൊക്കെയാണ്. അപ്പോള്‍ അത് തന്നെ അങ്ങനെ മുന്നോട്ട് പോകട്ടെ.

  • പേരിലുള്ള ഖാന്‍…?

പ്രൊഫസര്‍ അലി ഖാന്‍ എന്നായിരുന്നു എന്റെ വാപ്പയുടെ മുഴുവന്‍ പേര്. കുറ്റിപ്പുറത്ത്കാരനായിരുന്ന അലവിക്കുട്ടി, അതാണ് പുള്ളിയുടെ ശരിക്കുള്ള പേര്. അദ്ദേഹം കല്‍ക്കട്ടയില്‍ പോയി പിസി സര്‍ക്കാറിന്റെ കീഴില്‍ മാജിക് പഠിച്ചു. അങ്ങനെ അവിടെ നിന്ന് ലഭിച്ച പേരാണ് പ്രൊഫസര്‍ അലി ഖാന്‍. പിന്നീട് വാഴക്കുന്നം നമ്പൂതിരിയുടെ ശിഷ്യനായി ആ പേരില്‍ തന്നെ അറിയപ്പെടാന്‍ തുടങ്ങി. അപ്പോഴാണ് എന്റെ പേരിനൊപ്പം ഖാന്‍ എന്ന് ചേര്‍ത്തത്. ചിലര്‍ ഷാരൂഖാന്റെ പെങ്ങളാണോ, അമീര്‍ ഖാന്റെ പെങ്ങളാണോ, സല്‍മാന്‍ ഖാന്റെ പെങ്ങളാണോ എന്നൊക്കെ ചോദിക്കുമ്പോള്‍ എനിക്ക് ഭയങ്കര സന്തോഷമാണ്. (ചിരിക്കുന്നു) ഈയിടെ കുന്നംകുളത്ത് ‘വാങ്ക്’ എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ച് ഒരു ചേച്ചി വളരെ ഗൗരവത്തോടെ വന്ന് എന്നെ നോക്കി ചോദിക്കുകയാണ് അമീര്‍ ഖാന്റെ പെങ്ങളല്ലേ എന്ന്?. അമീര്‍ ഖാനെ എന്റെ ജീവിതത്തില്‍ കണ്ടിട്ടില്ല. പക്ഷെ ഇങ്ങനെ ഒക്കെ കേള്‍ക്കുമ്പോള്‍ ഒരുപാട് സന്തോഷമാണ്.

  • അന്യഭാഷകളിലേക്ക് ചുവടുവെക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ലേ…?

അന്യ ഭാഷകളില്‍ അഭിനയിക്കാന്‍ വളരെയധികം താല്‍പര്യമുള്ള ഒരാളാണ് ഞാന്‍. പക്ഷെ ഇന്നുവരെ എനിക്ക് ഒരു ചാന്‍സ് ലഭിച്ചിട്ടില്ല, ഞാനാരോടും ചോദിച്ചിട്ടുമില്ല. എന്റെ മനസ്സിലുള്ള ഒരാഗ്രഹമാണ് കോവൈ സരളയെപ്പോലെ നല്ല ഒരു വേഷം തമിഴില്‍ ചെയ്യണമെന്നുള്ളത്. കാരണമെന്താണെന്നുവെച്ചാല്‍ മലയാളത്തില്‍ തന്നെ നമ്മളുടെ കാര്യം ഏകദേശം ഇങ്ങനെയായി. ഒരുപാട് ചെറിയ റോളുകള്‍ ചെയ്താണ് ഒന്നിപ്പോള്‍ അത്യാവശ്യം നല്ലൊരു നിലയിലെത്തിയിരിക്കുന്നത്. വിജയ്‌യുടെയും വിശാലിന്റെയുമൊക്കെ കൂടെ സിനിമ ചെയ്യണമെന്ന് സ്വപ്‌നം കാണാറുണ്ട്. നല്ല റോളുകള്‍ കിട്ടിയാല്‍ തീര്‍ച്ചയായും അഭിനയിക്കും.

  • വരാനിരിക്കുന്ന സിനിമകളില്‍ ഏറെ പ്രതീക്ഷയുള്ള ഒരു കഥാപാത്രത്തെക്കുറിച്ച് പറയാമോ…?

വരാനിരിക്കുന്നതില്‍ ഒന്ന് ‘വാങ്ക്’ എന്ന് പറയുന്ന സിനിമയാണ്. അത് മിക്കവാറും അവാര്‍ഡിനൊക്കെ പോകാന്‍ ചാന്‍സുള്ള ഒരു നല്ല സിനിമയാണ്. അതുപോലെ മക്കന എന്ന സിനിമ ഗോവ ഫിലിം ഫെസ്റ്റിവലില്‍ പനോരമക്കൊക്കെ പോയിരുന്നു. അതില്‍ ഒരു മുസ്ലീം ഓര്‍ത്തഡോക്‌സ് ഫാമിലിയിലെ ഒരു ചെറുപ്പക്കാരന്റെ അമ്മയാണ് ഞാന്‍. സന്തോഷ് കീഴാറ്റൂരാണ് എന്റെ ഭര്‍ത്താവായി അഭിനയിക്കുന്നത്. പുള്ളി ആ നാട്ടില്‍ അത്യാവശ്യം സോഷ്യലി മുന്നിട്ട് നില്‍ക്കുന്ന ഒരു വലിയ മനുഷ്യനാണ്. പക്ഷെ ഞാന്‍ വളരെ ഓര്‍ത്തഡോക്‌സാണ്. എന്റെ മകനായി അഭിനയിക്കുന്ന ചെറുപ്പക്കാരന്‍ ഒരു ഹിന്ദു കുടുംബത്തിലെ പെണ്‍കുട്ടിയെ വിവാഹം കഴിക്കുകയാണ്, ഞാന്‍ അവനോട് ആ പെണ്‍കുട്ടിയെ മതപരിവര്‍ത്തനം ചെയ്യാന്‍ കണിശം പിടിക്കുകയും ചെയ്യുന്നു. അവര്‍ അത്രയും ലാളിച്ചു വളര്‍ത്തിയ തന്റെ പെണ്‍കുട്ടിയെ നഷ്ടപ്പെടുന്നതിന്റെ വേദനയാണ് ആ ചിത്രത്തില്‍ മനോഹരമായി അവതരിപ്പിക്കുന്നത്. പെണ്‍കുട്ടിയുടെ അച്ഛനും അമ്മയുമായി അഭിനയിക്കുന്നത് ഇന്ദ്രന്‍സും സജിത മഠത്തിലുമാണ്. ഇനി ഞാന്‍ അഭിനയിക്കാനിരിക്കുന്നത് സേതു സംവിധാനം ചെയ്യുന്ന, പണ്ട് പൃഥ്വിരാജൊക്കെ പ്രധാന വേഷത്തിലെത്തിയ ചോക്ലേറ്റ് എന്ന സിനിമയുടെ രണ്ടാം ഭാഗമാണ്. അതില്‍ ഞാന്‍ ഒരു നല്ല വേഷം ചെയ്യുന്നുണ്ട്.

  • സിനിമയുടെ അണിയറലോകത്തേക്കുറിച്ച് ഒരുപാട് അനുഭവങ്ങളുള്ള താരമാണ് തെസ്‌നി. സിനിമാ ജീവിതത്തില്‍ ഏറ്റവും വേദനിപ്പിച്ച ഒരനുഭവത്തേക്കുറിച്ച് പറയാമോ…?

ആദ്യമൊക്കെ നമുക്ക് ഡയലോഗൊന്നും ഇല്ലാതെയുള്ള അവസരങ്ങള്‍ വരുമ്പോഴും, ഡയലോഗ് പറയാത്തവരെ കൊണ്ട് കഷ്ടപ്പെട്ട് പറയിക്കുമ്പോഴൊക്കെ എനിക്ക് വിഷമം തോന്നിയിട്ടുണ്ട്. പണ്ട് പത്മരാജന്‍ സാറിന്റെ ‘മൂന്നാം പക്കം’ എന്ന സിനിമ ചെയ്യുമ്പോള്‍ എന്നെ സാര്‍ നേരിട്ട് കണ്ട് സെക്കന്‍ഡ് ഹീറോയിന്റെ വേഷത്തിലേക്ക് തിരഞ്ഞെടുത്തതാണ്. അതില്‍ തിലകന്റെ വീട്ടിലെ തിലകന്റെ തന്നെ വളര്‍ത്തുമകളായി അഭിനയിക്കുന്ന സീനായിരുന്നു എനിക്ക്. ഞാന്‍ ഏകദേശം ഡ്രസ്സൊക്കെ റെഡിയാക്കി അവിടെ ചെന്ന് മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ എനിക്ക് പകരം വേറൊരു പെണ്‍കുട്ടി അഭിനയിക്കുന്നതാണ് കണ്ടത്!. ഞാന്‍ വല്ലാത്ത വിഷമത്തോടെ കുറേ കരഞ്ഞു, അവസാനം സാര്‍ തന്നെ എന്നെ വിളിച്ച് എനിക്ക് വേറൊരു റോള്‍ തരാമെന്ന് പറഞ്ഞു. അങ്ങനെ എന്നെ സങ്കടപ്പെടുത്താതിരിക്കാന്‍ വേണ്ടി ഹീറോയിന്റെ സുഹൃത്തായി മുന്‍പിലേക്ക് കൊണ്ടുവരികയായിരുന്നു. അന്നെനിക്ക് സിനിമയുടെ സീരിയസ്സ്‌നെസ്സ് അത്രയ്ക്ക് മനസ്സിലായിരുന്നില്ല. അന്ന് എനിക്ക് പകരം ഒരു കുട്ടി നല്ല റെക്കമെന്‍ഡേഷനോടുകൂടി വന്ന് അഭിനയിച്ചതാണ്. ഇപ്പോള്‍ അങ്ങനെയൊന്നും തോന്നാറില്ല. എന്തിനാണ് നമ്മള്‍ വിഷമിക്കുന്നത്. കിട്ടിയാല്‍ കിട്ടി ഇല്ലെങ്കില്‍ ഇല്ല.