പൃഥ്വിരാജിന്റെ ‘തീര്‍പ്പ്’, ടീസര്‍

പൃഥ്വിരാജ് നായകനാകുന്ന പുതിയ സിനിമയാണ് ‘തീര്‍പ്പ്’. ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.രതീഷ് അമ്പാട്ട് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മുരളി ഗോപിയുടേതാണ് തിരക്കഥ.

വിധിതീര്‍പ്പിലും പകതീര്‍പ്പിലും ഒരുപോലെ കുടിയേറിയ ഇരുതലയുള്ള ആ ഒറ്റവാക്ക് എന്ന ചിത്രത്തിന്റെ ടാഗ്‌ലൈന്‍ ടീസറിലും സംഭാഷണമായുണ്ട്. ഇന്ദ്രജിത്തും തീര്‍പ്പ് എന്ന ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ടീസറില്‍ ഇന്ദ്രജിത്തിനെയും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. സൈജു കുറുപ്പ്, ഇഷ തല്‍വാര്‍, വിജയ് ബാബു, ഹന്ന റെജി കോശി തുടങ്ങിയവരും കഥാപാത്രങ്ങളായെത്തുന്നു.

കാപ്പ എന്ന സിനിമയിലാണ് പൃഥ്വിരാജ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഷാജി കൈലാസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘കൊട്ട മധു’ എന്നാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ‘കൊട്ട മധു’ ആയി മാസ് ലുക്കിലാണ് പൃഥ്വിരാജ് ചിത്രത്തിലുള്ളത്. അപര്‍ണ ബാലമുരളി ആണ് ചിത്രത്തിലെ നായിക. ആസിഫ് അലിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ജി ആര്‍ ഇന്ദുഗോപന്‍ എഴുതിയ ‘ശംഖുമുഖി’ എന്ന നോവലിനെ ആസ്പദമാക്കിയുള്ളതാണ് ചിത്രം. ഇന്ദു ഗോപന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. ജിനു എബ്രഹാം, ഡോള്‍വിന്‍ കുര്യാക്കോസ്, ദിലീഷ് നായര്‍ എന്നിവരുടെ പങ്കാളിത്തത്തില്‍ ആരംഭിച്ച തിയറ്റര്‍ ഓഫ് ഡ്രീംസ്, ഫെഫ്‌കെ റൈറ്റേഴ്‌സ് യൂണിയന്റെ സഹകരണത്തിലാണ് ചിത്രം നിര്‍മിക്കുന്നത്. വേണു സംവിധാനം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രമാണ് ‘കാപ്പ’.

ഷാജി കൈലാസും പൃഥ്വിരാജും ഒന്നിച്ച ‘കടുവ’ എന്ന ചിത്രം മികച്ച പ്രതികരണവുമായി തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.’കടുവ’ എന്ന ചിത്രത്തിന് തിയറ്ററുകളില്‍ ലഭിക്കുന്ന പ്രതികരണങ്ങള്‍ക്ക് നന്ദി പറഞ്ഞ് പൃഥ്വിരാജ് രംഗത്ത് എത്തിയിരുന്നു.