തിയേറ്ററുകള്‍ തുറക്കുന്നു..സെക്കന്റ് ഷോ ഇല്ല

സിനിമാ സംഘടനാ പ്രതിനിധികള്‍ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ സംസ്ഥാനത്ത് സിനിമാ തിയേറ്ററുകള്‍ തുറക്കാന്‍ ധാരണയായി. സെക്കന്‍ഡ് ഷോ നടത്തണമെന്ന സിനിമാ പ്രതിനിധികളുടെ ആവശ്യം മുഖ്യമന്ത്രി പിണറായി വിജയന്‍ തള്ളി. അതേസമയം മറ്റ് ആവശ്യങ്ങളില്‍ സര്‍ക്കാരില്‍ നിന്നും അനുകൂല മറുപടി ലഭിച്ചതായി സംഘടനാ നേതാക്കള്‍ അറിയിച്ചു.

ഇതോടെയാണ് സിനിമാ തിയേറ്ററുകള്‍ തുറക്കാന്‍ സാഹചര്യം ഒരുങ്ങിയത്. കൊച്ചിയില്‍ ഇന്ന് വൈകീട്ട് ചേരുന്ന സിനിമാ തീയേറ്റര്‍ ഉടമകള്‍ അടക്കമുള്ള സംഘടനകളുടെ യോഗം ചേര്‍ന്ന് തീയേറ്ററുകള്‍ എന്നു തുറക്കാം എന്നതില്‍ തീരുമാനമെടുക്കും.

തിയേറ്റര്‍ ഉടമകള്‍, നിര്‍മാതാക്കള്‍, വിതരണക്കാര്‍, ഫിലിം ചേമ്പര്‍ സംഘടന പ്രതിനിധികള്‍ എന്നിവരാണ് മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തിയത്. കോവിഡ് പ്രതിസന്ധിക്ക് ശേഷം നിയന്ത്രണങ്ങളോടെ തിയേറ്ററുകള്‍ തുറക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ വിനോദ നികുതി, വൈദ്യുതി ഫിക്‌സഡ് ചാര്‍ജ് എന്നിവയിലെ ഇളവുകള്‍ അടക്കമുള്ള തങ്ങളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കാതെ തിയേറ്റര്‍ തുറക്കേണ്ടതില്ലെന്ന് തിയേറ്റര്‍ ഉടമകളുടെ സംഘടന തീരുമാനിക്കുകയായിരുന്നു.