സര്‍ക്കാരിന് കയ്യടിച്ച് സിനിമാപ്രവര്‍ത്തകര്‍

സിനിമാ സംഘടനാ പ്രതിനിധികള്‍ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ സംസ്ഥാനത്ത് സിനിമാ തിയേറ്ററുകള്‍ തുറക്കാന്‍ ധാരണയായതില്‍ അഭിനന്ദനവുമായി സിനിമാ പ്രവര്‍ത്തകര്‍. സര്‍ക്കാറിനേയും, മുഖ്യമന്ത്രി പിണറായി വിജയനേയും അഭിനന്ദിച്ചാണ് താരങ്ങളും സംവിധായകരുമുള്‍പ്പെടെ രംഗത്തെത്തിയത്.

വിനോദനികുതി മാര്‍ച്ച് 31 വരെ ഒഴിവാക്കുകയും, തീയറ്ററുകളുടെ വൈദ്യുതിനിരക്കിലെ ഫിക്‌സഡ് ചാര്‍ജ്ജ് പകുതിയാക്കി കുറക്കുകയും, മറ്റ് ഇളവുകള്‍ അനുവദിക്കുകയും ചെയ്തുകൊണ്ട്, മലയാള സിനിമക്ക് പുതുജീവന്‍ നല്‍കിയ ബഹു: മുഖ്യമന്ത്രി സഖാവ് പിണറായി വിജയന് അഭിവാദ്യങ്ങളെന്ന് സംവിധായകനും ഫെഫ്ക ജനറല്‍ സെക്രട്ടറിയുമായ ബി .ഉണ്ണികൃഷ്ണന്‍ ഫേസ്ബുക്കില്‍ കുറിച്ചു. മലയാള സിനിമയ്ക്ക് ഊര്‍ജ്ജം പകരുന്ന ഇളവുകള്‍ പ്രഖ്യാപിച്ച ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന് സ്‌നേഹാദരങ്ങളെന്ന് മോഹന്‍ലാല്‍ കുറിച്ചു. മലയാളത്തില്‍ റിലീസിന് ഒരുങ്ങി പതിനൊന്ന് സിനിമകളുണ്ട്. തീരുമാനത്തില്‍ സന്തോഷമെന്ന് അമ്മ അറിയിച്ചു. മുഖ്യമന്ത്രിയെ അഭിനന്ദിച്ച് നടന്‍ ദിലീപും രംഗത്തെത്തി.

.