
തുടക്ക കാലങ്ങളിൽ സൗന്ദര്യത്തിന്റെ പേരിൽ നേരിട്ട വിമര്‍ശനങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് ബോളിവുഡ് നായിക നിമ്രത് കൗര്‍. ഥാര്‍ത്ഥ്യബോധത്തിനുമപ്പുറമുള്ള സൗന്ദര്യസങ്കല്‍പ്പങ്ങള്‍ നിറഞ്ഞതാണ് സിനിമാലോകമെന്നാണ് നിമ്രത്തിന്റെ അഭിപ്രായം. ഇന്‍സ്റ്റന്റ് ബോളിവുഡ് എന്ന നവമാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നുപറച്ചിൽ.
‘അഭിനയ ജീവിതത്തിലെ ഏറ്റവും കഠിനമായ നാളുകളായിരുന്നു അത്. അന്നൊക്കെ നേരിട്ട വിമര്‍ശനങ്ങള്‍ വേദനിപ്പിക്കുകയും ആത്മവിശ്വാസം കുറയാൻ കാരണമാവുകയും ചെയ്തിട്ടുണ്ട്. ഒരു അഭിനേതാവാന്‍ യോഗ്യതയില്ല എന്ന് പോലും തോന്നിപോയി. സിനിമാരംഗത്ത് നല്ല ആളുകള്‍ ഉണ്ടെങ്കിലും പലരും വേദനിപ്പിക്കുന്ന കാര്യങ്ങള്‍ പറഞ്ഞു. വേണ്ടത്ര ഭംഗിയില്ല, ഉയരമില്ല, മൂക്കിന് നീളം കൂടുതലാണ് എന്നിങ്ങനെയുള്ള കുറ്റപ്പെടുത്തലുകള്‍. എങ്കിലും കഴിവിലുള്ള വിശ്വാസം കൊണ്ടാണ് മുന്നോട്ട് പോയത്. നല്ലത് നടക്കും എന്ന പ്രതീക്ഷയാണ് മുന്നോട്ടുള്ള വിജയത്തിന് എന്നെ സഹായിച്ചത്’. നിമ്രത് കൗര്‍ പറഞ്ഞു
85-90 ഓഡിഷനുകളില്‍ പിന്തള്ളപ്പെട്ടതിനുശേഷമാണ് നിമ്രതിന് ആദ്യത്തെ സിനിമ ചെയ്യാനുള്ള അവസരം ലഭിച്ചത്. എയര്‍ലിഫ്റ്റ്, ദസ്വി, ലഞ്ച് ബോക്‌സ് എന്നീ സിനിമകളില്‍ പ്രധാന വേഷം കൈകാര്യം ചെയ്തിട്ടുണ്ട്.