മോഹൻലാലിനെ നായകനാക്കി ഞാൻ പുതിയ സിനിമയെടുക്കുന്നുവെന്ന പ്രചാരണങ്ങൾ അടിസ്ഥാനരഹിതം”: ഷാജി കൈലാസ്

','

' ); } ?>

മോഹൻലാൽ നായകനാകുന്ന ഒരു പുതിയ ചിത്രം താൻ ആരംഭിക്കാനിരിക്കുകയാണെന്ന പ്രചാരണങ്ങൾ തള്ളി സംവിധായകൻ ഷാജി കൈലാസ്. ഈ വാർത്തകളിൽ യാതൊരു സത്യവുമില്ലെന്നും, ഇതെല്ലാം ഊഹാപോഹങ്ങളാണെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

“ഇത്തരത്തിലുള്ള പ്രചാരണങ്ങളിൽ യാതൊരു സത്യമുമില്ല. ആരാധകർ നൽകുന്ന സ്‌നേഹത്തിനും പിന്തുണയ്ക്കും ഹൃദയപൂർവം നന്ദി. എന്റെ സിനിമകളെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനങ്ങൾ നേരിട്ട് ഞാൻ മുഖേന മാത്രമായിരിക്കും ഉണ്ടാവുക. ഭാവിയെ പ്രതീക്ഷയോടെ കാണാം,” ഷാജി കൈലാസ് കുറിച്ചു.

1997-ൽ പുറത്തിറങ്ങിയ ആറാം തമ്പുരാൻ എന്ന ചിത്രത്തിലൂടെയായിരുന്നു മോഹൻലാൽ-ഷാജി കൈലാസ് കൂട്ടുകെട്ട് ആദ്യമായി അരങ്ങേറിയത്. ഈ ചിത്രം വലിയ വിജയമായിരുന്നു. തുടർന്ന് 2000-ൽ പുറത്തിറങ്ങിയ നരസിംഹം കൂടി ബോക്‌സോഫീസ് വിജയമായി മാറി. താണ്ഡവം, നാട്ടുരാജാവ്, ബാബാ കല്യാണി, എലോൺ തുടങ്ങിയ ചിത്രങ്ങളിലും ഇരുവരും ചേർന്ന് പ്രവർത്തിച്ചിട്ടുണ്ട്.

തുടരുമിന്റെ വിജയത്തിന് ശേഷം നിരവധി സംവിധായകരുടെ പേരുകൾ മോഹൻലാലിന്റെ പുതിയ പടം എന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകാറുണ്ട്. കഴിഞ്ഞ ദിവസം സംവിധായകൻ കൃഷാന്ദും മോഹന്‍ലാലും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ ഔദ്യോഗികമായ വിശദീകരണം മണിയൻപിള്ള രാജു പങ്കുവെച്ചിരുന്നു. മോഹന്‍ലാലും കൃഷാന്ദും ഒന്നിക്കുന്ന ചിത്രമാണ് താന്‍ അടുത്തതായി ചെയ്യാന്‍ പോകുന്നതെന്നും അതിന്റെ ചര്‍ച്ചകളുടെ പ്രാരംഭഘട്ടം കഴിഞ്ഞെന്നും മണിയന്‍പിള്ള രാജു പറഞ്ഞു. ഈ സിനിമയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് ചില സിനിമാപ്രവര്‍ത്തകരും വെളിപ്പെടുത്തിയിരുന്നു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.