കടയ്ക്കല്‍ ചന്ദ്രന് ചുറ്റുമുള്ളവരാര്…? ആകാംക്ഷയുണര്‍ത്തി വണിലെ പുതിയ പോസ്റ്റര്‍

മമ്മൂട്ടി മുഖ്യമന്ത്രിയുടെ വേഷത്തിലെത്തുന്ന ‘വണ്‍’ എന്ന ചിത്രത്തിലെ പുതിയ പോസ്റ്ററാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നത്. മമ്മൂട്ടി അവതരിപ്പിക്കുന്ന കടയ്ക്കല്‍ ചന്ദ്രന്‍ എന്ന കഥാപാത്രത്തിന്റെ വശങ്ങളില്‍ നില്‍ക്കുന്ന മറ്റ് രണ്ട് താരങ്ങള്‍ തന്നെയാണ് ഇതിന് കാരണം. ഇരുണ്ട മുടിയും താടിയുമായി രൂക്ഷമായി നോക്കുന്ന ജോജു ജോര്‍ജ്, നരച്ച് നെറ്റി കയറിയ മുടിയുമായി ഉറ്റുനോക്കുന്ന മുരളി ഗോപി എന്നിവരുടെ കഥാപാത്രങ്ങളാണ് പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചിത്രത്തിലെ പുതിയ കഥാപാത്രങ്ങളാര് എന്ന ചോദ്യമാണ് പ്രേക്ഷകരില്‍ ആകാംക്ഷ ജനിപ്പിച്ചിരിക്കുന്നത്. ചിത്രത്തില്‍ മുഖ്യമന്ത്രിയുടെ വേഷത്തിലാണ് മമ്മൂട്ടി സ്‌ക്രീനിലെത്തുന്നത്.

സിനിമയുടെ ചിത്രീകരണം ഏകദേശം പൂര്‍ത്തിയായതായാണ് റിപ്പോര്‍ട്ട്. അതിനിടെ ചിത്രത്തിന്റെ ലൊക്കേഷനില്‍ മുഖ്യമന്ത്രിയുടെ വേഷത്തിലുള്ള മമ്മൂട്ടിയുടെ പല ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഗൗരവക്കാരനായ മുഖ്യമന്ത്രിയായി എത്തുന്ന ചിത്രത്തില്‍ ശങ്കര്‍ രാമകൃഷ്ണനുമുണ്ട്. സന്തോഷ് വിശ്വനാഥാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹൗ ഓള്‍ഡ് ആര്‍ യു, ട്രാഫിക്, അയാളും ഞാനും തമ്മില്‍, മുംബൈ പോലീസ്, കായംകുളം കൊച്ചുണ്ണി, ഉയരെ തുടങ്ങി നിരവധി ഹിറ്റ് സിനിമകള്‍ക്ക് തിരക്കഥയൊരുക്കിയ ബോബി-സഞ്ജയ് കൂട്ടുകെട്ടാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നത്.