കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിലൂടെ ആസിഫ് അലിയ്‌ക്കൊപ്പം സ്‌ക്രീന്‍ പങ്കിട്ട നടി വീണ നന്ദകുമാര്‍ അടുത്ത ചിത്രവുമായി വീണ്ടും വെള്ളിത്തിരയിലേയ്ക്ക്. വി ജി ജയകുമാര്‍ നിര്‍മ്മിച്ച് ജിനോയ് ജിബിറ്റ് എന്നീ നവാഗതരൊരുക്കുന്ന കോഴിപ്പോര് എന്ന ചിത്രത്തിലെ നായികയായാണ് ഇത്തവണ വീണയുടെ വരവ്. നിവിന്‍ പോളി തന്റെ ഔദ്യോഗിക പേജിലൂടെ പുറത്തുവിട്ട ചിത്രത്തിലെ ഒരു ഗാനവുമായി താരം വീണ്ടും സ്‌ക്രീനിലെത്തിയതോടെ വീണയുടെ അടുത്ത വരവിനുള്ള കാത്തിരിപ്പ് ഇരട്ടിക്കുകയാണ്.
കൊച്ചി നഗരത്തിനടുത്തുള്ള ഒരു ഗ്രാമത്തിലെ ഗാഗുല്‍ത്താ ലെയ്നിലെ താമസക്കാരും അയല്‍വാസികളുമായ മേരിയുടെയും ബീനയുടെയും അവരുടെ കുടുംബാംഗങ്ങളുടെയും സ്നേഹ ബന്ധത്തിന്റെ കഥ പറയുന്ന സിനിമയാണ് കോഴിപ്പോര്. നേരത്തെ ഗാഗുല്‍ത്തായിലെ കോഴിപ്പോര് എന്ന പേരിലായിരുന്നു ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങിയത്. പൗളി വത്സന്‍, ജോളി ചിറയത്ത് എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ഇവരോടൊപ്പം ഇന്ദ്രന്‍സ്, നവജിത് നാരായണന്‍, സോഹന്‍ സീനുലാല്‍, അഞ്ജലി നായര്‍, ജിനോയ് ജനാര്‍ദ്ദനന്‍, പ്രവീണ്‍ ടി.ജെ, അസീസ് നെടുമങ്ങാട്, ജിബിറ്റ് ജോര്‍ജ്, സരിന്‍, ശങ്കര്‍ ഇന്ദുചൂഡന്‍, ഷൈനി സാറ, മേരി എരമല്ലൂര്‍, ഗീതി, നന്ദിനി ശ്രീ, സമീക്ഷ നായര്‍, ഹര്‍ഷിത് സന്തോഷ് തുടങ്ങിയവര്‍ മറ്റ് കഥാപാത്രങ്ങളാവുന്നു. ചിത്രം ഉടന്‍ റിലീസിനൊരുങ്ങുകയാണ്.