ഇങ്ങനെയും ലിപ് ലോക്കോ?! പേരിലും ട്രെയ്‌ലറിലും കൗതുകം നിറച്ച് ഒരു ചിത്രം..!

പേരിലെയും ട്രെയ്‌ലറിലെയും കൗതുകമാര്‍ന്ന രംഗങ്ങളിലൂടെ പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയാവുകയാണ് പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടേ എന്ന ചിത്രത്തിന്റെ ആദ്യ ട്രെയ്‌ലര്‍. ഏറെ ചര്‍ച്ചചെയ്യപ്പെട്ട ‘വെടിവഴിപാട്’ എന്ന ചിത്രത്തിനുശേഷം ശംഭു പുരുഷോത്തമന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒരു വ്യത്യസ്ഥമായ വിവാഹത്തിന്റെ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്. പേരു പോലെ തന്നെ ഒരു സറ്റയറിക്കല്‍ കോമഡി രൂപത്തിലാണ് ചിത്രമൊരുക്കിയിരിക്കുന്നതെന്നാണ് ഇതുവരെയുള്ള സൂചനകള്‍ നല്‍കുന്നത്. വിനയ് ഫോര്‍ട്ട് നായകനാകുന്ന ചിത്രത്തിന്റെ ട്രെയ്‌ലറിലെ പ്രാധന ആകര്‍ഷണം ശാന്തി ബാലചന്ദ്രനും അരുണ്‍ കുര്യനും തമ്മിലുള്ള ലിപ് ലോക്ക് തന്നെയാണ്.

ലിന്റ എന്ന കഥാപാത്രമായി ശാന്തിയും രോഹനായി അരുണും അഭിനയിക്കുന്നു. രസകരമായ കമന്റുകളാണ് ഈ രംഗത്തിനു പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. ‘ഈ ലിപ്ലോക്ക് കുറച്ച് കടുത്തുപോയെന്ന്’ ട്രെയിലര്‍ കണ്ട ശേഷം പ്രേക്ഷകര്‍ കുറിക്കുന്നു.

വിനയ് ഫോര്‍ട്ട്, റോയ് എന്ന പ്രധാന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. കോട്ടയത്തുള്ള പ്രമുഖ പ്രമാണികുടുംബത്തിലെ അംഗമാണ് റോയ്. ഇപ്പോള്‍ പ്രതാപമൊക്കെ കുറഞ്ഞ ആ കുടുംബത്തിലെ എല്ലാ ഉത്തരവാദിത്വവും റോയിക്കാണ്. അയാളുടെ ചുറ്റും നടക്കുന്ന കാര്യങ്ങളാണ് സിനിമ പറയുന്നത്. കൂടാതെ ശാന്തി ബാലകൃഷ്ണന്‍, അരുണ്‍ കുര്യന്‍, ശ്രിന്ദ, മധുപാല്‍, അലന്‍സിയര്‍, ടിനി ടോം, അനുമോള്‍, കോട്ടയം പ്രദീപ് എന്നിവരും ചിത്രത്തിലുണ്ട്.

സ്‌പൈര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സഞ്ജു. എസ്. ഉണ്ണിത്താന്‍ ആണ് നിര്‍മിക്കുന്നത്. പ്രശാന്ത് പിള്ള ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്.