“നിനക്കൊരു സമയം വരുമെടാ, അന്ന് നീ നടനാകും”; അപ്പാപ്പന്റെ വാക്കുകളോർത്തെടുത്ത് കൊച്ചുമകൻ

','

' ); } ?>

നടൻ ഇന്നസെന്റിന്റെ കൊച്ചുമകൻ ഇന്നസെന്റ് സോണറ്റ് ‘പ്രേംപാറ്റ’ എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു. ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന ചിത്രം നവംബർ 27-ന് തിയറ്ററുകളിലെത്തും. ജോമോൻ ജ്യോതിർ, സൈജു കുറുപ്പ്, അനുശ്രീ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് സിനിമയിലേക്കുള്ള കടന്നുവരവിനെയും അപ്പാപ്പന്റെ പ്രോത്സാഹനത്തെയും കുറിച്ച് ഇന്നസെന്റ് സോണറ്റ് മനസ്സുതുറന്നത്.

ചെറുപ്പം മുതൽ അഭിനയമോഹമുണ്ടായിരുന്ന താൻ അപ്പാപ്പനായ ഇന്നസെന്റിനോട് ഇക്കാര്യം പറഞ്ഞിരുന്നെന്നും “നിനക്കൊരു സമയം വരുമെടാ, അന്ന് നീയൊരു സിനിമയിൽ അഭിനയിക്കും, നീ ഒരു സിനിമാ നടനാകും” എന്ന അപ്പാപ്പന്റെ വാക്കുകൾ വലിയ പ്രചോദനമായെന്നും അദ്ദേഹം വ്യക്തമാക്കി. അപ്പാപ്പന്റെ ഓരോ പുതിയ സിനിമയിലെയും കഥാപാത്രപ്പകർച്ചകൾ കൗതുകത്തോടെയാണ് നിരീക്ഷിച്ചിരുന്നതെന്നും അദ്ദേഹം ഓർത്തെടുത്തു.

സത്യൻ അന്തിക്കാട് സഹോദരി അന്നയെ സിനിമയിലേക്ക് വിളിച്ചപ്പോൾ താല്പര്യമില്ലെന്ന് പറഞ്ഞതിനെത്തുടർന്ന് ഫോൺ വാങ്ങി റോളൊന്ന് മാറ്റി തനിക്കു തരാമോ എന്ന് ചോദിച്ച രസകരമായ അനുഭവവും ഇന്നസെന്റ് സോണറ്റ് പങ്കുവെച്ചു. നേരത്തെ ‘ഹായ് ഗയ്സ്’ എന്ന സിനിമയുടെ ലോഞ്ചിംഗിൽ താൻ ഡ്യൂപ്ലിക്കേറ്റല്ല, ഒറിജിനലാണെന്ന് പറഞ്ഞുള്ള പ്രസംഗം വൈറലായിരുന്നു. ഈ വിഡിയോ കണ്ടാണ് ആമിർ പള്ളിക്കൽ അപ്പനെ വിളിച്ച് ഇന്നുവിന് പറ്റിയ കഥാപാത്രമുണ്ടെന്ന് അറിയിച്ചത്. ആമിർ പള്ളിക്കലിന്റെ ‘ആയിഷ’, ‘എക്സ്ട്രാ ഡീസന്റ്’ എന്നീ ചിത്രങ്ങൾ കണ്ടിരുന്നതിനാൽ രണ്ടാമതൊന്ന് ആലോചിക്കാതെ ‘പ്രേംപാറ്റ’യിലേക്ക് സമ്മതം മൂളുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്നസെന്റ് സോണറ്റിന്റെ വാക്കുകൾ

“ചെറുപ്പംതൊട്ടേ സിനിമയിൽ അഭിനയിക്കണം എന്ന് ആഗ്രഹമുണ്ടായിരുന്നു.

അപ്പാപ്പന്റെ അടുത്ത് അന്ന് തന്നെ പറയുമായിരുന്നു. അന്ന് അപ്പാപ്പൻ പറയും ‘നിനക്കൊരു സമയം വരുമെടാ, അന്ന് നീയൊരു സിനിമയിൽ അഭിനയിക്കും, നീ ഒരു സിനിമാ നടനാകും’ എന്ന്. ആ വാക്കുകൾ എനിക്ക് വലിയ പ്രചോദനമായിരുന്നു. അപ്പാപ്പൻ ഓരോ പുതിയ സിനിമയിൽ അഭിനയിക്കുന്നതും ആ കഥാപാത്രമായി സ്‌ക്രീനിൽ പകർന്നാടുന്നതും ഏറെ കൗതുകത്തോടെയാണ് ഞാൻ നിരീക്ഷിച്ചിരുന്നത്.

എന്റെ സഹോദരി അന്നയെ ഒരിക്കൽ സത്യനങ്കിൾ (സത്യൻ അന്തിക്കാട്) സിനിമയിലേക്ക് അഭിനയിക്കാൻ വിളിച്ചു. എന്നാൽ, അവൾക്ക് താല്പര്യമില്ലെന്നു പറഞ്ഞപ്പോൾ ഞാൻ ആ ഫോൺ വാങ്ങിച്ചു, റോളൊന്ന് മാറ്റി എനിക്കു തരാൻ പറ്റുമോ എന്ന് ചോദിച്ചിരുന്നു. എപ്പോഴെങ്കിലും നല്ലൊരു അവസരം തേടി വരുമെന്ന് അന്നേ വിശ്വസിച്ചിരുന്നു.

‘ഹായ് ഗയ്സ്’ എന്ന പേരിൽ ഒരു സിനിമയിലേക്ക് കുറച്ചുനാൾ മുൻപ്‌ എനിക്കൊരു അവസരം വന്നിരുന്നു. ആ സിനിമയുടെ ലോഞ്ചിങ്ങിൽെവച്ച് ഡ്യൂപ്ലിക്കേറ്റല്ല, ഒറിജിനിലാണ് എന്നു പറഞ്ഞ് ഞാനൊരു പ്രസംഗം നടത്തിയിരുന്നു. ആ വിഡിയോ ഏറെ വൈറലായി. അതുകണ്ടാണ് സംവിധായകനായ ആമിർ പള്ളിക്കൽ അപ്പനെ വിളിക്കുന്നത്. തന്റെ പുതിയ സിനിമയിലേക്ക് ഇന്നുവിന് പറ്റിയ ഒരു കഥാപാത്രമുണ്ട്, അഭിനയിക്കാൻ വിടുമോ എന്ന്.

അപ്പൻ എന്റെ അടുത്ത് കാര്യം പറഞ്ഞപ്പോൾ രണ്ടാമതൊന്ന് ആലോചിക്കാതെ ഞാൻ സമ്മതംമൂളി. കാരണം ആമിർ ഇക്കയുടെ ‘ആയിഷ’, ‘എക്സ്ട്രാ ഡീസന്റ്’ എന്നീ സിനിമകൾ ഞാൻ കണ്ടതാണ്. രണ്ടും നല്ല വർക്കുകളായിരുന്നു. അദ്ദേഹത്തിന്റെ സിനിമയിൽ ഒരു വേഷം എന്നു പറഞ്ഞപ്പോൾ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. അങ്ങനെയാണ് ഞാൻ പ്രേംപാറ്റയുടെ ഭാഗമാകുന്നത്.”