
തന്റെ ആദ്യ ചിത്രമായ ‘അങ്കമാലി ഡയറീസി’ൽ അഭിനയിച്ചതിന് പ്രതിഫലമൊന്നും ലഭിച്ചിരുന്നില്ലെന്നും, സിനിമയിൽ നിന്നും ആദ്യമായി വലിയൊരു തുക ലഭിക്കുന്നത് ‘സ്വാതന്ത്ര്യം അർധരാത്രിയിൽ’ എന്ന ചിത്രത്തിലൂടെയാണെന്നും നടൻ ആന്റണി വർഗീസ് പെപ്പെ. ‘കാര്യം സാമ്പത്തികമാണ്’ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ ആദ്യകാല പ്രതിഫലങ്ങളെക്കുറിച്ചും സാമ്പത്തിക അനുഭവങ്ങളെക്കുറിച്ചും മനസ്സ് തുറന്നത്.
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത് വിജയ് ബാബു നിർമ്മിച്ച ‘അങ്കമാലി ഡയറീസി’ലൂടെയാണ് ആന്റണി വർഗീസ് സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. എന്നാൽ ആദ്യ ചിത്രത്തിന് പ്രതിഫലം ഉണ്ടായിരുന്നില്ലെന്ന് താരം വ്യക്തമാക്കി. പിന്നീട് ‘സ്വാതന്ത്ര്യം അർധരാത്രിയിൽ’ എന്ന സിനിമയിലൂടെ ഏകദേശം 9-10 ലക്ഷം രൂപയോളം പ്രതിഫലമായി ലഭിച്ചു. ആ പണം ഉപയോഗിച്ച് വീട്ടിലേക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങുകയും കുടുംബാംഗങ്ങളെയെല്ലാം കൂട്ടി ദുബായ്, ഒമാൻ തുടങ്ങിയ രാജ്യങ്ങളിലേക്ക് യാത്ര പോവുകയും ചെയ്തതായി പെപ്പെ ഓർത്തെടുത്തു.
സിനിമയിലെത്തുന്നതിന് മുൻപ് തനിക്ക് ലഭിച്ച ആദ്യ വലിയ വരുമാനത്തെക്കുറിച്ചും താരം അഭിമുഖത്തിൽ പങ്കുവെച്ചു. ബിരുദ പഠനം കഴിഞ്ഞ് രണ്ട് വർഷത്തിന് ശേഷം, 2012-13 കാലഘട്ടത്തിൽ ഒരു പരസ്യചിത്ര കമ്പനിയിൽ ജോലി ചെയ്യുമ്പോഴായിരുന്നു അത്. താൻ തയ്യാറാക്കിയ ഒരു സ്ക്രിപ്റ്റ് കമ്പനിക്ക് ഇഷ്ടപ്പെടുകയും, മൂന്ന് സുഹൃത്തുക്കൾ ചേർന്ന് അത് ചിത്രീകരിച്ച് നൽകിയതിലൂടെ ഒരു ലക്ഷം രൂപ പ്രതിഫലമായി ലഭിക്കുകയും ചെയ്തു. എന്നാൽ പിന്നീട് സുഹൃത്തുക്കൾക്കിടയിലുണ്ടായ അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് ആ സംരംഭം മുന്നോട്ട് പോയില്ലെന്നും, അതിന് ശേഷം താൻ സ്ക്രിപ്റ്റ് എഴുതിയിട്ടില്ലെന്നും പെപ്പെ കൂട്ടിച്ചേർത്തു.
ആക്ഷൻ വേഷങ്ങളിലൂടെ മലയാളത്തിലെ യുവതാരങ്ങളിൽ ശ്രദ്ധേയനായ ആന്റണി വർഗീസിന്റേതായി ‘ഡിസ്കോ’ ആണ് ഏറ്റവും ഒടുവിൽ തിയേറ്ററുകളിലെത്തിയ ചിത്രം.
പെപ്പയുടെ വാക്കുകൾ
”അങ്കമാലി ഡയറീസിന് പ്രതിഫലം ഉണ്ടായിരുന്നില്ല. സ്വാതന്ത്ര്യം അര്‍ധരാത്രിയിലിന് 10 ലക്ഷം ആയിരുന്നു, 9 ലക്ഷം അങ്ങനെ എന്തോ ആയിരുന്നു കിട്ടിയത്. അതിന് വീട്ടിലേക്ക് കുറേ സാധനങ്ങള്‍ വാങ്ങി. പിന്നെ വീട്ടുകാര്‍ എല്ലാവരേയും കൊണ്ട് യാത്ര പോയി. ദുബായ്, ഒമാന്‍ ഒക്കെ എല്ലാവരേയും കൊണ്ടു പോയി.
എനിക്ക് ആദ്യമായി വലിയൊരു പ്രതിഫലമായി ലഭിക്കുന്നത് പരസ്യചിത്ര കമ്പനിയില്‍ ജോലി ചെയ്യുമ്പോഴാണ്. ഞാനൊരു സ്‌ക്രിപ്റ്റ് ഡെവലപ് ചെയ്ത് അവിടെപ്പോയി പറഞ്ഞപ്പോള്‍ അത് വര്‍ക്കൗട്ടായി. അത് ഷൂട്ട് ചെയ്തു. അതിന് ഒരു ലക്ഷം കിട്ടി. ഞങ്ങള്‍ മൂന്ന് സുഹൃത്തുക്കള്‍ കൂടെയാണ് ചെയ്തത്. 2012 ആണോ 13 ആണോ എന്നറിയില്ല. ഡിഗ്രി കഴിഞ്ഞ് രണ്ട് വര്‍ഷം കഴിഞ്ഞപ്പോഴാണ് ഇങ്ങനൊരു അവസരം കിട്ടുന്നത്. ഒറ്റത്തവണയെ ഞാന്‍ സ്‌ക്രിപ്റ്റ് എഴുതിയിട്ടുള്ളൂ, പിന്നെ എഴുതിയിട്ടില്ല. ഞങ്ങള്‍ സുഹൃത്തുക്കള്‍ തമ്മില്‍ ഉടക്കായി. അങ്ങനെ ആ കമ്പനി അലമ്പായി.”