‘ദളപതി 65’ന് തുടക്കമായി

മാസ്റ്ററിന് ശേഷം വിജയ് നായകനായെത്തുന്ന പുതിയ ചിത്രം ‘ദളപതി 65’ന് തുടക്കമായി. ചിത്രത്തിന്റെ പൂജ ചെന്നൈയിലെ സണ്‍ ടിവി സ്റ്റുഡിയോയില്‍ വെച്ച് നടന്നു. നിര്‍മ്മാതാക്കളായ സണ്‍ പിക്‌ചേഴ്‌സ് തങ്ങളുടെ ട്വിറ്റര്‍ പേജിലൂടെയാണ് പൂജ വിശേഷങ്ങള്‍ പങ്കുവെച്ചത്.

ദളപതി 65ന്റെ ചിത്രീകരണം ഏപ്രില്‍ ആദ്യവാരം തുടങ്ങും. സ്റ്റുഡിയോയിലെ രംഗങ്ങള്‍ ആയിരിക്കും ഏപ്രിലില്‍ ചിത്രീകരിക്കുക. അതിനു ശേഷം തുടര്‍ ഭാഗങ്ങള്‍ മെയ് മാസം ചിത്രീകരിക്കും. ചിത്രത്തിന്റെ ചില പ്രധാന ഭാഗങ്ങള്‍ ഷൂട്ട് ചെയ്യുന്നതിനായി സംഘം യൂറോപ്പിലേക്ക് പോകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

പൂജ ഹെഗ്ഡെയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. പൂജ വിജയ്‌ക്കൊപ്പം അഭിനയിക്കുന്ന ആദ്യ ചിത്രമായിരിക്കും ദളപതി 65. ചിത്രത്തില്‍ വിജയ് വ്യത്യസ്തമായ ലുക്കില്‍ ആയിരിക്കുമെന്നും പറയപ്പെടുന്നു. കോലമാവ് കോകില, ഡോക്ടര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ദളപതി 65. ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് അനിരുദ്ധാണ്.

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ‘മാസ്റ്റര്‍’ ആണ് ഒടുവില്‍ പുറത്തിറങ്ങിയ വിജയ് ചിത്രം. മാളവിക മോഹന്‍, അര്‍ജുന്‍ ദാസ്, ആന്‍ഡ്രിയ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. സത്യന്‍ സൂര്യന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ ഫിലോമിന്‍ രാജാണ്.