രജനീകാന്തിന് ദാദാസാഹേബ് ഫാല്‍ക്കേ പുരസ്‌കാരം

തമിഴ് സൂപ്പര്‍താരം രജനീകാന്തിന് രാജ്യത്തെ ചലച്ചിത്ര മേഖലയ്ക്കുള്ള പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാല്‍ക്കേ പുരസ്‌കാരം. മോഹന്‍ലാലും ശങ്കര്‍ മഹാദേവനും അടങ്ങുന്ന അഞ്ചംഗ ജൂറിയാണ് തെരഞ്ഞെടുത്തത്. 50 വര്‍ഷ കാലത്തെ ചലച്ചിത്ര മേഖലയ്ക്കുള്ള സമഗ്ര സംഭവനയ്ക്കാണ് പുരസ്‌കാരം. മെയ് മാസം പുരസ്‌കാരം നല്‍കും.

കേന്ദ്ര വാര്‍ത്ത വിതരണ മന്ത്രി പ്രകാശ് ജാവേദ്ക്കറാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. 50 വര്‍ഷത്തെ കിരീടം വെക്കാത്ത രാജാവാണ് രജനീകാന്തെന്നും ഇതിന് പിന്നില്‍ രാഷ്ട്രീയം ഒന്നുമില്ലെന്നും മന്ത്രി പറഞ്ഞു. 2000ത്തില്‍ പദ്മ ഭൂഷണും 2016ല്‍ പദ്മ വിഭൂഷണും നല്‍കി രാജ്യം രജനികാന്തിനെ ആദരിച്ചിട്ടുണ്ട്.

ഇന്ത്യന്‍ ചലച്ചിത്രത്തിന്റെ പിതാവായി വിശേഷിപ്പിക്കുന്ന ദാദാസാഹിബ് ഫാല്‍ക്കെയുടെ പേരിലുള്ള ഈ പുരസ്‌കാരം അദ്ദേഹത്തിന്റെ 100ാം ജന്മവാര്‍ഷികമായ 1969 മുതലാണ് നല്‍കിത്തുടങ്ങിയത്. 2018ല്‍ അമിതാഭ് ബച്ചനായിരുന്നു പുരസ്‌കാരം ലഭിച്ചത്.1996ല്‍ ശിവജി ഗണേശനു ശേഷം ആദ്യമായാണ് ദക്ഷിണേന്ത്യന്‍ നടന്‍ പുരസ്‌കാരം നേടുന്നത്.