ആരാധകരെ ആവേശത്തിലാഴ്ത്തി ദളപതി 63 പോസ്റ്റര്‍ പുറത്ത്..

ഏറെ നാളത്തെ വിജയ് ആരാധകരുടെ നീണ്ട കാത്തിരിപ്പിനൊടുവില്‍ തെരി, മെര്‍സല്‍ എന്നീ ചിത്രങ്ങള്‍ക്കുശേഷം വിജയ്യെ നായകനാക്കി ആറ്റ്ലി ഒരുക്കുന്ന മൂന്നാമത്തെ ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങിയിരിക്കുകയാണ്. വിജയുടെ 63ാം ചിത്രം എന്ന പ്രത്യേകതയോടെ ദളപതി 63 എന്ന പേരില്‍ വൈറലായിക്കൊണ്ടിരുന്ന ചിത്രത്തിന്റെ യഥാര്‍ത്ഥ പേര് ബിജില്‍ എന്നാണ്. ഫുട്‌ബോള്‍ കയ്യിലേന്തിയ യുവാവായും നര ബാധിച്ച മാസ്സ് ലുക്കിലുമാണ് വിജയ് പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

വിജയ്യും ആറ്റ്ലിയും അവസാനമായി ഒരുമിച്ച ‘മെര്‍സല്‍’ തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടിയിരുന്നു. അതുകൊണ്ടു തന്നെ ഇരുവരും വീണ്ടുമൊന്നിക്കുമ്പോള്‍ പ്രേക്ഷകരും ഏറെ പ്രതീക്ഷയിലാണ്. ദീപാവലിക്ക് ചിത്രം റിലീസിനെത്തുമെന്നാണ് കരുതുന്നത്.

നയന്‍താരയാണ് ചിത്രത്തില്‍ വിജയിന്റെ നായിക. ഒരിടവേളയ്ക്ക് ശേഷമാണ് നയന്‍താര വിജയിന്റെ നായികയായി എത്തുന്നത്. നേരത്തെ പ്രഭുദേവ സംവിധാനം ചെയ്ത ‘വില്ല്’ എന്ന ചിത്രത്തിലായിരുന്നു ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. സ്പോര്‍ട്സ് ത്രില്ലര്‍ ചിത്രമാവും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചിത്രത്തില്‍ ബോളിവുഡ് താരം ജാക്കി ഷെറോഫ് ആണ് പ്രതിനായകനായെത്തുന്നത്. റേബ മോണിക്ക ജോണ്‍, കതിര്‍ ഡാനിയല്‍, ബാലാജി, വിവേക്, യോഗി ബാബു, ആനന്ദ് രാജ് എന്നിവരും പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്.