കയ്യടിക്കാം ‘ആന്റ് ദി ഓസ്‌കാര്‍ ഗോസ് ടു’വിന്..

‘ആദാമിന്റെ മകന്‍ അബു’ എന്ന ഒരൊറ്റ ചിത്രം കൊണ്ട് ദേശീയ പുരസ്‌കാരം നേടിയ സംവിധായകനാണ് സലിം അഹമ്മദ്. കുഞ്ഞനന്തന്റെ കട, പത്തേമാരി, എന്നീ ചിത്രങ്ങള്‍ക്ക് ശേഷമാണ് സലിം അഹമ്മദ് മറ്റൊരു ചിത്രവുമായെത്തിയിരിക്കുന്നത്. റിലീസിന് മുമ്പേ തന്നെ ആല്‍ബെര്‍ട്ട ഫിലിം ഫെസ്റ്റിവല്‍ എന്ന രാജ്യാന്തര ചലച്ചിത്ര മേളയില്‍ 4 പുരസ്‌കാരങ്ങളാണ് ‘ആന്റ് ദി ഓസ്‌കാര്‍ ഗോസ് ടു’ സ്വന്തമാക്കിയത്. മികച്ച ചിത്രം, നടന്‍, സംവിധായകന്‍, സഹനടി തുടങ്ങിയ വിഭാഗങ്ങളിലായാണ് പുരസ്‌കാരങ്ങള്‍.

സലീം അഹമ്മദ് ചിത്രങ്ങളുടെ ക്രാഫ്റ്റ് അടയാളപ്പെടുത്തിയ ചിത്രമാണ് ആന്റ് ദി ഓസ്‌കാര്‍ ഗോസ് ടു. ജീവിതപരിസരങ്ങളില്‍ നിന്നുള്ള കഥകള്‍ക്ക്, മെനയുന്ന കഥകളേക്കാള്‍ വൈകാരിക തീവ്രതയേറുമെന്ന് മുന്നേ സംവിധായകന്‍ കാണിച്ചു തന്നിട്ടുണ്ട്. ‘ആദാമിന്റെ മകന്‍ അബു’ എന്ന സിനിമ നല്‍കിയ ജീവിത പരിസരങ്ങളെ വെള്ളിത്തിരയിലെ മറ്റൊരു സിനിമയ്ക്കുള്ള പ്രമേയമാക്കി മാറ്റിയ മിടുക്കാണ് ആന്റ് ദി ഓസ്‌കാര്‍ ഗോസ് ടു. മലയാള ചലച്ചിത്രപ്രവര്‍ത്തകന്‍ ഒാസ്‌കാറിലേക്കുള്ള പ്രയാണത്തിനിടെ അനുഭവിക്കുന്ന സംഘര്‍ഷങ്ങളും വെല്ലുവിളികളുമാണ് ചിത്രം പങ്കുവെയ്ക്കുന്നത്. സലിം അഹമ്മദിനേയും ആദാമിന്റെ മകന്‍ അബു എന്ന ചലച്ചിത്രത്തേയും പലയിടങ്ങളിലായി ഒരു വ്യത്യസ്ഥ അവതരണത്തോടെ നമുക്കീ ചിത്രത്തില്‍ കണ്ടുമുട്ടാനാകും.

സിനിമയ്ക്കുള്ളിലെ കഥകള്‍ പലതരത്തില്‍ സിനിമകളായിട്ടുണ്ടെങ്കിലും ആന്റ് ദി ഓസ്‌കാര്‍ ഗോസ് ടുവിനെ വ്യത്യസ്തമാകുന്നത് യഥാര്‍ത്ഥപരിസരത്തോട് ചേര്‍ന്നുനില്‍ക്കുന്ന അവതരണ മികവ് തന്നെയാണ്. വൈകാരിക മുഹൂര്‍ത്തങ്ങളെ തീവ്രത ചോരാതെ അവതരിപ്പിക്കാനുള്ള സലിം അഹമ്മദ് മിടുക്ക് ഈ ചിത്രത്തിലും കാണാം. സിനിമ എന്ന സ്വപ്‌നത്തിന് പിറകെ സഞ്ചരിക്കുന്നവരെ പ്രചോദിപ്പിക്കുന്നതിനൊപ്പം ജീവിതയാഥാര്‍ത്ഥ്യങ്ങളും സലിം അഹമ്മദ് പ്രേക്ഷകന് കാണിച്ചു തരുന്നുണ്ട്.

സിനിമ സത്യസന്ധമായ ഒരു വികാരമാകുമ്പോള്‍ പലരിലൂടെയും അതിലേയ്ക്കുള്ള വഴികള്‍ തെളിയുമെന്ന് ഓര്‍മ്മപ്പെടുത്തുന്ന ചിത്രം തന്നെ, ഓസ്‌കാറിന്റെ സ്‌ക്രീനിംഗിനെത്തിയാല്‍ പോലും പട്ടിണിയുണ്ടാകുമെന്നും കാണിച്ചു തരുന്നു. പൊള്ളുന്ന അനുഭവങ്ങളില്‍ നിന്നും പുതിയ സൃഷ്ടിയുണ്ടാക്കാനുള്ള ഊര്‍ജ്ജം കണ്ടെത്തുന്ന മാജിക്ക് നേരെ പറഞ്ഞു തന്നാണ് സലിം അഹമ്മദ് ആന്റ് ദി ഓസ്‌കാര്‍ ഗോസ് ടു അവതരിപ്പിക്കുന്നത്.

സ്വ്പനത്തിന് പിറകെ നടന്ന് ഒടുക്കം എല്ലാം നഷ്ടമാകുമ്പോള്‍ ജീവിതം കൈവിട്ടുപോകാതിരിക്കാന്‍ മകളുടെ ചിത്രം എല്ലായിടത്തും സൂക്ഷിക്കുന്ന സഹസംവിധായകന്റെ വേഷത്തിലെത്തിയ വെട്ടുക്കിളി പ്രകാശ് സിനിമയുടെ മറ്റൊരു മുഖവും കാണിച്ചു തരുന്നു. നാട്ടിലെ മൊയ്തുക്കാന്റെ കഥ പറഞ്ഞ് ഓസ്‌കാറിന്റെ വാതിലില്‍ വരെയെത്തിയിട്ടും മൊയ്തുക്കായുടെ വീടിനകം കാണാതെ പോയ സംവിധായകന്‍ മറ്റൊരു കാഴ്ച്ചാനുഭവമാണ് സമ്മാനിക്കുന്നത്. സിനിമയും ജീവിതവും ഒന്നല്ലെന്നും സിനിമയുടെ ചതുരത്തില്‍ ഒതുങ്ങാനാവാത്ത ജീവിതാനുഭവങ്ങളാണ് മുന്നോട്ടുള്ള യാത്രയുടെ ഊര്‍ജ്ജമെന്നും ഓര്‍മ്മപ്പെടുത്തിയ സലിം അഹമ്മദ് തീര്‍ച്ചയായും നല്ലൊരു ചലച്ചിത്രാനുഭവത്തിന് കയ്യടി അര്‍ഹിക്കുന്നു.