‘ഇന്‍ ഹരിഹര്‍ നഗര്‍’ തമിഴില്‍ തോമസ് കുട്ടിയായ വിവേക്

സിദ്ധിഖ് ലാലിന്റെ സംവിധാനത്തിലൊരുങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം ഇന്‍ ഹരിഹര്‍ നഗറിന്റെ തമിഴ് റീമേയ്ക്കില്‍ വിവേക് വേഷമിട്ടിരുന്നു. ചിത്രം എംജിആര്‍ നഗറില്‍ എന്ന പേരില്‍ തമിഴിലൊരുക്കിയത് ആലപ്പി അഷ്‌റഫ് ആണ്. ആ അനുഭവം പങ്കുവെക്കുകയാണ് ആലപ്പി അഷ്‌റഫ്. അന്തരിച്ച തമിഴ് നടന്‍ വിവേകിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സംവിധായകന്‍ ആലപ്പി അഷ്‌റഫ് എഴുതിയതിങ്ങനെ.

‘ഇന്‍ ഹരിഹര്‍ നഗര്‍ ‘ എന്ന സിനിമ തമിഴില്‍ ‘ങഏഞ നഗര്‍ ‘എന്ന പേരില്‍ സംവിധാനം ചെയ്തത് ഞാനായിരുന്നു.അതില്‍ നമ്മുടെ അശോകന്‍ അഭിനയിച്ച കഥാപാത്രത്തെ വിവേകായിരുന്നു അവതരിപ്പിച്ചത്. അടുത്തിടപഴകാന്‍ അവസരം കിട്ടിയത് ഒരു ഭാഗ്യമായ് കരുതുന്നു. അപാര കഴിവുള്ള, അസാമന്യ സെന്‍സ് ഓഫ് ഹ്യൂമറുള്ള ഒരു കലാകാരനാണ് വിവേക്. പ്രിയ കലാകാരന് പ്രണാമം’

സിദ്ധിഖ് ലാലിന്റെ സംവിധാനത്തിലൊരുങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം ഇന്‍ ഹരിഹര്‍ നഗറിന്റെ തമിഴ് റീമേയ്ക്കില്‍ വിവേക് വേഷമിട്ടിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചൈന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ശനിയാഴ്ച പുലര്‍ച്ചെയോടെയാണ് വിവേകിന്റെ അന്ത്യം സംഭവിക്കുന്നത്. സാമി, ശിവാജി, അന്യന്‍, ഖുഷി, റണ്‍, ഷാജഹാന്‍ തുടങ്ങി 220ലേറെ സിനിമകളില്‍ അഭിനയിച്ചു. അഞ്ചു തവണ തമിഴ്‌നാട് സര്‍ക്കാരിന്റെ മികച്ച ഹാസ്യ നടനുള്ള പുരസ്‌കാരം ലഭിച്ചു. മൂന്ന് തവണ മികച്ച ഹാസ്യ നടനുള്ള ഫിലംഫെയര്‍ അവാര്‍ഡും ലഭിച്ചിട്ടുണ്ട്. 2009ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു.
വ്യാഴാഴ്ച ചെന്നൈയിലെ സര്‍ക്കാര്‍ ആശുപത്രിയിലെത്തി വിവേക് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചിരുന്നു. അതേസമയം ഹൃദയാഘാതമുണ്ടായതും കോവിഡ് വാക്‌സിനേഷനും തമ്മില്‍ ബന്ധമില്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ടെലിവിഷന്‍ അവതാരകനായിരിക്കെ മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാം, രജനികാന്ത് തുടങ്ങിയ പ്രമുഖരുമായി നടത്തിയ അഭിമുഖങ്ങള്‍ ശ്രദ്ധേയമായിരുന്നു. ഭാര്യ: അരുള്‍സെല്‍വി. മക്കള്‍: അമൃതനന്ദിനി, തേജസ്വിനി, പരേതനായ പ്രസന്നകുമാര്‍.