“അന്ന് മുരുഗദോസിനെ കാണാൻ ഒരു ലക്ഷം ചോദിച്ചു, ഇന്ന് അദ്ദേഹം പൊതുവേദിയിൽ വെച്ച് എന്നെ പ്രശംസിച്ചു”; സ്വാസിക

','

' ); } ?>

സിനിമയുടെ തുടക്കകാലത്ത് നേരിട്ട ദുരനുഭവം പങ്കുവെച്ച് നടി സ്വാസിക. ആദ്യ സിനിമയ്ക്ക് ശേഷം അവസരങ്ങൾ ഒന്നും തന്നെ ലഭിക്കാതിരുന്നപ്പോൾ അവസരങ്ങൾ വാഗ്‌ദാനം ചെയ്ത പല മാനേജേഴ്‌സും തന്നെ പറ്റിച്ചുവെന്നും, പതിനഞ്ച് വർഷത്തോളം പിന്നീട് കഷ്ടപെട്ടതിന് ശേഷമാണ് ഇപ്പോൾ ഈ കാണുന്ന നിലയിൽ എത്തിയതെന്നും സ്വാസിക പറഞ്ഞു. ജെഎഫ്ഡബ്ല്യൂ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തി സംസാരിക്കുകയായിരുന്നു സ്വാസിക.

“പതിനാറ്, പതിനേഴ് വയസ്സില്‍ തുടങ്ങിയതാണ് ഈ യാത്ര. ആ പ്രായത്തില്‍ ഇതെല്ലാം മനസ്സിലാക്കാനും അറിയാനുമുള്ള പക്വത എനിക്കുണ്ടായിരുന്നില്ല. ആദ്യത്തെ തമിഴ് സിനിമയുടെ ഓഡിഷന് പങ്കെടുത്തപ്പോള്‍ തന്നെ ഞാന്‍ സെലക്ടായി. അപ്പോള്‍ എനിക്ക് ഒരു വൗ ഫീല്‍ ആയിരുന്നു. ഇത്രയേയുള്ളോ, റിജക്ഷന്‍സ് ഒന്നുമില്ലല്ലോ, എല്ലാം സൂപ്പറായി പോകുന്നു എന്നായിരുന്നു എന്റെ ധാരണ. സിനിമ റിലീസ് ആവുകയും ചെയ്തു. പക്ഷേ വലിയ രീതിയില്‍ അത് റീച്ചായില്ല, അത്രയധികം റെക്കഗനേഷനും എനിക്ക് കിട്ടിയില്ല. അപ്പോഴാണ് എന്തോ ശരിയില്ല എന്ന തോന്നല്‍ എനിക്കുണ്ടായത്. ആ പ്രായത്തില്‍ അത് എനിക്ക് വലിയ വിഷമം ആയിരുന്നു. കാരണം എന്റെ പഠനം പാതി വഴിയില്‍ ഇട്ടിട്ട്, എല്ലാവരോടും വഴക്കിട്ടാണ് ചെന്നൈയിലേക്ക് വന്നത്. എനിക്ക് വേണ്ടി അമ്മയും സംസാരിച്ചു. അച്ഛന് ഞാന്‍ അഭിനയിക്കുന്നതില്‍ അന്ന് താത്പര്യമില്ലായിരുന്നു.” സ്വാസിക പറഞ്ഞു.

“തിരിച്ചു പോയാല്‍ എന്താവും എന്നറിയാതെ ദിവസവും രാത്രി ഇരുന്ന് കരഞ്ഞ കാലമായിരുന്നു അത്. ഡിപ്രഷന്‍ എന്നതിനപ്പുറം, ആ അവസ്ഥ എന്താണ് എന്ന് തിരിച്ചറിയാന്‍ പോലും പറ്റിയിരുന്നില്ല. അവസാനം കാണുന്ന ഓഡിഷന് എല്ലാം പോകാന്‍ തീരുമാനിച്ചു. പല മാനേജേഴ്‌സും ഞങ്ങളെ പറ്റിച്ചു, ഇന്ന സംവിധായകരെ കാണാം, അവിടെ പോകാം ഇവിടെ പോകാം എന്ന് പറഞ്ഞ് പല ഇടങ്ങളിലും കൂട്ടിക്കൊണ്ടു പോയി. മുരുഗദോസ് സാറിനെ കാണാന്‍ പോകണം എന്ന് പറഞ്ഞ് ഒരു ലക്ഷം രൂപ ചോദിച്ചു. ‘അമ്മ അവിടെ വെച്ച് കയ്യിലും കഴുത്തിലും ഉണ്ടായിരുന്ന സ്വർണം എല്ലാം ഊരി പണം സെറ്റാക്കി. ഹോട്ടലില്‍ ചെന്നപ്പോള്‍ അവിടെ മാനേജര്‍ ഇല്ല, അവസാനം ആ ഹോട്ടല്‍ ബില്ലും ഞങ്ങള്‍ അടക്കേണ്ടി വന്നു.

തിരിച്ച് നാട്ടിലെത്തി സീരിയലുകളില്‍ ശ്രദ്ധിച്ചു. ചെറിയ ചെറിയ വേഷങ്ങള്‍ സിനിമകളില്‍ ചെയ്തു. സ്‌റ്റേജ് ഹോസ്റ്റ് ചെയ്തു, ആങ്കറിങ് ചെയ്തു, എന്റെ അവസരങ്ങള്‍ക്ക് വേണ്ടി കാത്തിരുന്നു. അത് പതിനഞ്ച് വര്‍ഷത്തോളം നീണ്ടു നിന്നു.അവസാനം അത് സംഭവിച്ചു. ഇന്ന് വലിയൊരു സ്‌റ്റേജില്‍ എആര്‍ മുരുഗദാസ് സാറിനെ പോലൊരാള്‍ എന്റെ അഭിനയത്തെ പ്രശംസിക്കുമ്പോള്‍ ആ ഒരു സര്‍ക്കിള്‍ പൂര്‍ത്തിയായ ഫീലാണ് എനിക്ക്. അന്നാദ്യമായി ഞാന്‍ എന്നോട് തന്നെ താങ്ക്‌സ് പറഞ്ഞു, പരാജയപ്പെട്ട് പിന്നോട്ടു പോകാതെ കരുത്തോടെ മുന്നോട്ട് പോയതിന്. ദൈവം സഹായിച്ച് കാശ് മാത്രമേ നഷ്ടപ്പെട്ടുള്ളൂ, മറ്റൊന്നും നഷ്ടപ്പെട്ടില്ല.” സ്വാസിക കൂട്ടിച്ചേർത്തു.

മിനിസ്‌ക്രീനിലൂടെ കരിയർ ആരംഭിച്ച് പിന്നീട് സിനിമയിലെത്തിയ സ്വാസിക മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കിയിരുന്നു. സൂര്യ നായകനായി എത്തിയ ആർജെ ബാലാജി ചിത്രം കറുപ്പിലും സ്വാസിക മികച്ച പ്രകടനമാണ് കാഴ്‌ചവച്ചത്. പലപ്പോഴും കുടുംബജീവിതവുമായി ബന്ധപ്പെട്ട പല കാര്യങ്ങളും തുറന്നുപറയുന്നതിലൂടെ സ്വാസിക സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയമാവാറുണ്ട്.