സംവിധായകൻ തെറി പറയുകയും കെട്ടിപ്പിടിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു”; ദുരനുഭവം വെളിപ്പെടുത്തി സ്വര ഭാസ്‌ക്കർ

','

' ); } ?>

സിനിമാ ചിത്രീകരണത്തിനിടെ സംവിധായകനിൽ നിന്നും തനിക്ക് നേരിടേണ്ടിവന്ന ദുരനുഭവം വെളിപ്പെടുത്തി ബോളിവുഡ് നടി സ്വര ഭാസ്‌കര്‍. ‘റൈസ് ആന്റ് ഫാള്‍’ റിയാലറ്റി ഷോയിലാണ് നടി ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. സൂപ്പർഹിറ്റായ ‘തനു വെഡ്‌സ് മനു’ എന്ന ചിത്രത്തിന്റെ വിജയത്തിന് തൊട്ടുപിന്നാലെയായിരുന്നു സംവിധായകനില്‍ നിന്നും തനിക്ക് മോശം അനുഭവം ഉണ്ടായതെന്ന് സ്വര വ്യക്തമാക്കി.

തന്റെ കരിയറിലെ വലിയ ചിത്രങ്ങളിലൊന്നായ ‘തനു വെഡ്‌സ് മനു’വിന്റെ 56 ദിവസത്തെ ഷൂട്ടിങ് വേളയിലായിരുന്നു സംഭവം. തുടക്കത്തില്‍ സംവിധായകര്‍ക്ക് അഭിനേതാക്കളെ ഇഷ്ടപ്പെടണമെന്ന് പറഞ്ഞ ഇയാള്‍, പിന്നീട് തന്റെ സൗന്ദര്യത്തെക്കുറിച്ച് കവിതകള്‍ അയച്ചുതുടങ്ങിയെന്ന് സ്വര പറയുന്നു. തുടര്‍ന്ന് ചിത്രത്തിലെ പ്രണയരംഗം തനിക്കൊപ്പം തനിച്ചിരുന്ന് റിഹേഴ്‌സ് ചെയ്യാന്‍‍ സംവിധായകന്‍ ആവശ്യപ്പെട്ടു. എന്നാല്‍ താന്‍ ഇത് നിരസിക്കുകയും നായകനെയും ക്യാമറമാനെയും വിളിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. താന്‍ താമസിച്ചിരുന്ന ഗസ്റ്റ് ഹൗസില്‍ സ്ത്രീയായി താന്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നും നടി കൂട്ടിച്ചേര്‍ത്തു.

തുടര്‍ന്ന് സംവിധായകനും ക്യാമറമാനും ഒരുമിച്ചിരുന്ന് മദ്യപിക്കുന്നത് താന്‍ കണ്ടെന്നും, കുപ്പിയുടെ പകുതിയോളം അവര്‍ തീര്‍ത്തിരുന്നതായും സ്വര വെളിപ്പെടുത്തി. ഇരുപതുകളുടെ തുടക്കത്തിലുള്ള ഒരു പെണ്‍കുട്ടി രണ്ട് മദ്യപാനികള്‍ക്കൊപ്പം റിഹേഴ്‌സ് ചെയ്യേണ്ടി വന്ന സാഹചര്യം തന്നെ വല്ലാതെ ഭയപ്പെടുത്തി. തുടര്‍ന്ന് താന്‍ അവിടെനിന്നും പോവുകയായിരുന്നു. അന്ന് രാത്രി സംവിധായകന്‍ തന്റെ മുറിയുടെ വാതിലില്‍ ശക്തിയായി മുട്ടി. വാതില്‍ പൊളിഞ്ഞു വീഴുമെന്നുപോലും ഭയന്നു. വാതില്‍ തുറന്നപ്പോള്‍ തന്നെ കെട്ടിപ്പിടിക്കണമെന്ന് അയാള്‍ ആവശ്യപ്പെടുകയും, താന്‍ വിസമ്മതിച്ചപ്പോള്‍ തെറിവിളിക്കുകയും ഭയപ്പെടുത്തുകയും ചെയ്തുവെന്ന് നടി വ്യക്തമാക്കി. ആ സിനിമയുടെ സംവിധായകനായതിനാല്‍‍ തനിക്ക് ആ സമയത്ത് കൂടുതലൊന്നും ചെയ്യാനായില്ലെന്നും സ്വര കൂട്ടിച്ചേര്‍ത്തു.

സ്വരയുടെ വാക്കുകൾ;

”തനു വെഡ്‌സ് മനുവിന് തൊട്ടുപിന്നാലെയായിരുന്നു. എന്റെ വലിയ സിനിമ. ഞാനായിരുന്നു ആ സിനിമയിലെ നായിക. 56 ദിവസത്തെ ഷൂട്ട് ഉണ്ടായിരുന്നു. ആദ്യം അയാള്‍ എന്നോട് പറഞ്ഞത് സംവിധായകര്‍ക്ക് അഭിനേതാക്കളെ ഇഷ്ടപ്പെടണം എന്നാണ്. പിന്നീട് അയാള്‍ എന്റെ സൗന്ദര്യത്തെക്കുറിച്ച് കവിതകള്‍ അയക്കാന്‍ തുടങ്ങി. ഞാന്‍ മാന്യമായാണ് പ്രതികരിച്ചത്.

ചിത്രത്തില്‍ ഞാനും നായകനും തമ്മിലുള്ളൊരു പ്രണയ രംഗം ഒറ്റയ്ക്ക് റിഹേഴ്‌സ് ചെയ്യണമെന്ന് സംവിധായകന്‍ പറഞ്ഞു. ഞാന്‍ പറ്റില്ലെന്ന് പറഞ്ഞു. ആദ്യം നടനേയും ക്യാമറാമാനേയും വിളിക്കാന്‍ പറഞ്ഞു. എല്ലാവര്‍ക്കും ഒരുമിച്ച് ചെയ്യാം എന്ന് ഞാൻ പറഞ്ഞു. ഞങ്ങള്‍ താമസിച്ചിരുന്ന ഗസ്റ്റ് ഹൗസില്‍ സ്ത്രീയായി ഞാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

പിന്നെ ഞാന്‍ കാണുന്നത് സംവിധായകനും ക്യാമറമാനും ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതാണ്. ഒരു കുപ്പിയുടെ പകുതി അവര്‍ തീര്‍ത്തിരുന്നു. നിങ്ങളൊന്ന് ചിന്തിച്ചു നോക്കൂ. എങ്ങനെയാണ് 20 കളുടെ തുടക്കത്തിലുള്ളൊരു കൊച്ചു പെണ്‍കുട്ടി രണ്ട് മദ്യപര്‍ക്കൊപ്പം റിഹേഴ്‌സ് ചെയ്യുക? എനിക്കാകെ പേടിയായി. ഞാന്‍ അവിടെ നിന്നും പോയി.

രാത്രി സംവിധായകന്‍ എന്റെ മുറിയില്‍ വാതില്‍ മുട്ടി. അയാള്‍ ആവര്‍ത്തിച്ച് വാതിലില്‍ ശക്തിയായി മുട്ടി. വാതില്‍ പൊളിഞ്ഞു വീഴുമോ എന്ന് ഞാന്‍ ഭയന്നു. ഞാന്‍ വാതില്‍ തുറന്നപ്പോള്‍ അയാള്‍ എന്നോട് ഒന്ന് കെട്ടിപ്പിടിക്കണമെന്ന് പറഞ്ഞു. ഞാന്‍ പറ്റില്ലെന്ന് പറഞ്ഞു. അയാള്‍ തെറി പറയുകയും കെട്ടിപ്പിടിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. ഞാന്‍ അയാളുടെ മുഖത്ത് നോക്കി നോ പറഞ്ഞു. നിങ്ങള്‍ എന്നെ ഭയപ്പെടുത്തുകയാണെന്ന് പറഞ്ഞു. എനിക്ക് കൂടുതലൊന്നും ചെയ്യാനായില്ല. അയാള്‍ ആ സിനിമയുടെ സംവിധായകനായിരുന്നു.