‘സൂര്യവന്‍ഷി’.. ഇത് സിംഗം നിരയിലെ ഏറ്റവും പുതിയ അവെഞ്ചര്‍..!

തിയേറ്ററുകളില്‍ ഏറെ ഹരം കൊള്ളിച്ച സിംഗം പരമ്പരയിലെ അവസാന കണ്ണിയെ കണ്ടാണ് ബോളിവുഡ് സിനിമാ പ്രേമികള്‍ ഇപ്പോള്‍ അന്തം വിട്ടിരിക്കുന്നത്. അജയ് ദേവ് ഗണിന്റെ സിംഗം, രണ്‍വീര്‍ സിങ്ങിന്റെ സിംബ എന്നീ ചിത്രങ്ങളിലെ പൊലീസ് വേഷങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ ബോളിവുഡിന്റെ സ്വന്തം ആക്ഷന്‍ ഹീറോ അക്ഷയ് കുമാറാണ് സിംഗം പരമ്പരയിലെ പുതിയ സ്റ്റൈലിഷ് പോലീസ് ലുക്കുമായി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സിംബയ്ക്കും സിംഗത്തിനുമൊപ്പം സൂര്യവന്‍ഷിയുമെത്തുന്നു എന്ന കുറിപ്പോടെ അക്ഷയ് കുമാര്‍ പങ്കുവെച്ച ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ തന്നെയാണ് ഇപ്പോള്‍ ഏവരുടെയും ശ്രദ്ധ നേടിയിരിക്കുന്നത്. ചിത്രത്തില്‍ മൂന്നു താരങ്ങളും ഒന്നിക്കുവെന്ന വാര്‍ത്തയും ആദ്യ പോസ്റ്ററും വന്നതോടെ സിംഗ പരമ്പരയുടെ ആരാധകരും ഏറെ പ്രതീക്ഷയോടെ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ്. 2020 മാര്‍ച്ച് 27നാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.

ചിത്രത്തിലെ അക്ഷയ് കുമാറിന്റെ പൊലീസ് ബാഡ്ജ് കാണിച്ചുകൊണ്ടുള്ള ഒരു കത്രീന കൈഫും നേരത്തെ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. കത്രീനയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്.

ധര്‍മ്മ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കരണ്‍ ജോഹാറിന്റെ കഥയെ ആധാരമാക്കി രോഹിത് ഷെട്ടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സല്‍മാന്‍ ഖാന്‍ നായകനായെത്തിയ വീര്‍(2010), സൂര്യവന്‍ഷി(1992) എന്നീ ചിത്രങ്ങളില്‍ നിന്ന് പ്രചോദനം കൊണ്ടാണ് പുതിയ ചിത്രം ഒരുക്കിയിരിക്കുന്നത്. നേരത്തെ 2020 ഈദിന് റിലീസ് നിശ്ചയിച്ച ചിത്രം സല്‍മാന്‍ ഖാന്‍, ആലിയ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ‘ഇന്‍ഷാ അള്ള’ എന്ന ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ചാണ് നീട്ടി വെച്ചത്.