പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന സൂര്യയുടെ പുതിയ ചിത്രം ‘റെട്രോ’ തിയേറ്ററുകളിൽ മികച്ച പ്രതികരണങ്ങൾ നേടി മുന്നേറുകയാണ്. ആദ്യ ഷോകളോടേ തന്നെ സാമൂഹമാധ്യമങ്ങളിൽ സിനിമയെക്കുറിച്ച് മികച്ച അഭിപ്രായങ്ങളാണ് ഉയരുന്നത്. ഏറെക്കാലമായി ഒരു വലിയ ബോക്‌സ് ഓഫീസ് വിജയത്തിനായി കാത്തിരുന്നതിനൊടുവിൽ, സൂര്യയ്ക്ക് കാര്‍ത്തിക് സുബ്ബരാജ് നല്‍കിയിരിക്കുന്നത് പെര്‍ഫെക്ട് കംബാക്ക് ആണെന്ന് ആരാധകർ പറയുന്നു.
‘Suriya is back’ എന്ന ഹാഷ്ടാഗ് സാമൂഹമാധ്യമങ്ങളിൽ ട്രെൻഡിങ്ങാണ്. അടുത്തിടെ പുറത്തിറങ്ങിയ മികച്ച മാസ് എന്റർടെയ്‌നറുകളിൽ ഒന്നായി ചിത്രത്തെ വിലയിരുത്തിക്കൊണ്ടിരിക്കുകയാണ് പ്രേക്ഷകർ. 1980കളിൽ പശ്ചാത്തലമാകുന്ന കഥയിലൂടെ സൂര്യ ഗംഭീരമായ പ്രകടനം കാഴ്ചവെക്കുകയാണ്. സംവിധായകൻ കാര്‍ത്തിക് സുബ്ബരാജിന്റെ കരിയറിലെ മികച്ച സിനിമകളിലൊന്നായിട്ടാണ് ‘റെട്രോ’യെ പലരും വിശേഷിപ്പിക്കുന്നത്.
ചിത്രത്തിലെ നായികയായി എത്തിയ പൂജ ഹെഗ്‌ഡെയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനം ‘റെട്രോ’യിലാണെന്ന് നിരൂപണങ്ങൾ സൂചിപ്പിക്കുന്നു. ജയറാം, ജോജു ജോര്‍ജ്, നാസര്‍, പ്രകാശ് രാജ്, സുജിത് ശങ്കര്‍, കരുണാകരന്‍, പ്രേം കുമാര്‍, രാമചന്ദ്രന്‍ ദുരൈരാജ്, സന്ദീപ് രാജ്, മുരുകവേല്‍, രമ്യ സുരേഷ് തുടങ്ങിയവരുടെ പ്രകടനങ്ങളും സമൂഹമാധ്യമങ്ങളിൽ വലിയ കൈയ്യടിയാണ് നേടുന്നത്.
സന്തോഷ് നാരായണന്റെ സംഗീതം, ആക്ഷൻ രംഗങ്ങൾ, വിശ്വൽ ഇഫെക്റ്റുകൾ എന്നിവയും ചിത്രം ഉയർത്തിപ്പിടിക്കുന്ന ഘടകങ്ങളാണ്. പ്രത്യേകിച്ച് 15 മിനിറ്റിലേറെ നീളമുള്ള സിംഗിള്‍ ഷോട്ട് രംഗം കാഴ്ചക്കാരെ വിസ്മയിപ്പിക്കുന്നു.
സൂര്യയുടെ 2ഡി സിനിമാസും കാര്‍ത്തിക് സുബ്ബരാജിന്റെ സ്റ്റോണ്‍ബെഞ്ച് ഫിലിംസും ചേർന്ന് നിര്‍മിച്ച ‘റെട്രോ’യുടെ സ്ട്രീമിംഗ് അവകാശം നെറ്റ്ഫ്‌ലിക്‌സ് സ്വന്തമാക്കിയിട്ടുണ്ട്. 80 കോടി രൂപ നല്‍കി സ്വന്തമാക്കിയ ഈ അവകാശം, സൂര്യ ചിത്രങ്ങളിലെ ഏറ്റവും വലിയ കരാർ എന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. ചിത്രം തിയേറ്ററിൽ റിലീസ് ചെയ്ത് എട്ട് ആഴ്ചയ്ക്ക് ശേഷം ഒടിടി പ്ലാറ്റ്ഫോമിൽ എത്തുമെന്ന് റിപ്പോർട്ടുകളുണ്ട്.