തമിഴ് നടൻ ചിമ്പുവും ( സിലമ്പരസൻ) സംവിധായകൻ രാംകുമാർ ബാലകൃഷ്ണനും പുതിയ സിനിമയ്ക്കായി ഒന്നിക്കുന്നു. ‘പാർക്കിങ്’ എന്ന സിനിമയിലൂടെ പ്രശസ്തനായ സംവിധായകൻ ആണ് രാംകുമാർ ബാലകൃഷ്ണൻ. എസ് ടി ആർ 49 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന സിനിമയിലാണ് ഇരുവരും ഒന്നിക്കുന്നതെന്നാണ് റിപ്പോർട്ട്. ഇപ്പോഴിതാ സന്താനവും ചിത്രത്തിന്റെ ഭാഗമാവുകയാണ് എന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. ചിത്രത്തിന്റെ അണിയറപ്രവർത്തകർ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുന്നത്.
ഏറെ നാളുകൾക്കിപ്പുറമാണ് ചിമ്പുവും സന്താനവും ഒരു സിനിമയ്ക്കായി ഒന്നിക്കുന്നത്. 2004 ൽ ചിമ്പു ഒരുക്കിയ മന്മഥൻ എന്ന സിനിമയിലൂടെയാണ് സന്താനം ബിഗ് സ്‌ക്രീനിൽ അരങ്ങേറ്റം കുറിച്ചത് എന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ മാസമാണ് എസ്ടിആർ 49 ന്റെ അന്നൗൺസ്‌മെന്റ് പോസ്റ്റർ നിർമാതാക്കൾ പുറത്തുവിട്ടത്. ഒരു ബുക്കിനുള്ളിൽ രക്തം പുരണ്ട കത്തിയുമായി പിന്തിരിഞ്ഞു നിൽക്കുന്ന ചിമ്പുവുവിനെയാണ് പോസ്റ്ററിൽ കാണാനാകുന്നത്. ചിത്രത്തിൽ സിലമ്പരശൻ ഒരു വിദ്യാർത്ഥി ആയിട്ടാണ് എത്തുന്നതെന്നാണ് സൂചന. ‘ദി മോസ്റ്റ് വാണ്ടഡ് സ്റ്റുഡൻ്റ്’ എന്നാണ് സിനിമയുടെ ടാഗ് ലൈൻ.കയാദു ലോഹറാണ് ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രം ഈ വർഷം തിയേറ്ററിലെത്തും. ഡൗൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ ആകാശ് ഭാസ്കരൻ ആണ് സിനിമ നിർമിക്കുന്നത്. ഇവർ നിർമിക്കുന്ന മൂന്നാമത്തെ സിനിമയാണിത്.