ലൂസിഫറില്‍ നിന്ന് കോപ്പിയടിച്ചതല്ലേ ഈ സീന്‍…? ; മറുപടിയുമായി സുരേഷ് ഗോപി

വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിന് ശേഷം സുരേഷ് ഗോപി പ്രധാനകഥാപാത്രമായെത്തുന്ന ചിത്രം കാവലിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. നിധിന്‍ രണ്‍ജി പണിക്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോള്‍ സുരേഷ് ഗോപി പങ്കുവെച്ച ലൊക്കേഷന്‍ ഫോട്ടോയാണ് ശ്രദ്ധനേടുന്നത്.

ഒരു ആശുപത്രിയില്‍ വച്ച് പൊലീസുകാരനെ ചുമരോടു ചേര്‍ത്തു നിര്‍ത്തി മുട്ടുകൊണ്ടിടിക്കുന്ന ചിത്രമാണിത്. ‘സത്യം തെളിയുന്നതുവരെ, കുടുംബത്തിനും, നിങ്ങള്‍ക്കും കാവലായി ഞാനും, എനിക്ക് കാവലായി ദൈവവും ഉണ്ട്. എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചത്

എന്നാല്‍ ചിത്രം കണ്ടതോടെ മോഹന്‍ലാല്‍ ചിത്രമായ ലൂസിഫറില്‍ സമാനമായ രംഗമുണ്ടെന്ന് ചൂണ്ടിക്കാട്ടി ഒരു വിഭാഗം രംഗത്തെത്തി. ഇത് ലൂസിഫറിന്റെ കോപ്പിയാണെന്ന് സീന്‍ ഒഴിവാക്കണമെന്നും വിമര്‍ശനം ഉയരുന്നുണ്ട്. എന്നാല്‍ ഇതിന് മറുപടിയുമായി സുരേഷ് ഗോപി തന്നെ രംഗത്തെത്തുകയായിരുന്നു. ‘ഒരിക്കലുമല്ല… ഇത് 2001ല്‍ പുറത്തിറങ്ങിയ രണ്ടാംഭാവം എന്ന ചിത്രത്തില്‍ നിന്ന് മാറ്റം വരുത്തിയതാണ് എന്ന് സുരേഷ് ഗോപി കുറിച്ചു.

കസബയ്ക്ക് ശേഷം നിധിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കാവല്‍. കസബയുടെ നിര്‍മ്മാതാവ് ജോബി ജോര്‍ജ് തന്നെയാണ് നിര്‍മ്മാണം. സുരേഷ് ഗോപിക്കൊപ്പം ലാല്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. സായ ഡേവിഡ്, മുത്തുമണി, ഐ എം വിജയന്‍, സുജിത്ത് ശങ്കര്‍, അലന്‍സിയര്‍ തുടങ്ങിയവരും അഭിനയിക്കുന്നു. ഛായാഗ്രഹണം നിഖില്‍ എസ് പ്രവീണ്‍.