ഇനി 24 മണിക്കൂറും സിനിമ കാണാം

ഇന്ന് മുതല്‍ ഉറങ്ങാത്ത മുംബൈ നഗരത്തില്‍ 24 മണിക്കൂറും സിനിമ പ്രദര്‍ശിപ്പിക്കും. ഉദ്ദവ് താക്കറെ സര്‍ക്കാരാണ് 24 മണിക്കൂര്‍ പ്രദര്‍ശനമെന്ന സിനിമാ നയം നടപ്പാക്കുകയെന്ന വിപ്ലവകരമായ തീരുമാനമെടുത്തത്. സ്വകാര്യ മള്‍ട്ടിപ്ലക്‌സുകള്‍ക്കാണ് ഇതിന്റെ ഗുണം കൂടുതലായും ലഭിക്കുക എന്നാണ് ഈ രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നത്. മഹാരാഷ്ട്ര ഷോപ്പ് ആന്റ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്റ്റില്‍ മാറ്റം വരുത്തിയാണ് സര്‍ക്കാര്‍ 24 മണിക്കൂര്‍ പ്രദര്‍ശനത്തിന് അനുമതി നല്‍കിയത്. സൂര്യവന്‍ശി എന്ന അക്ഷയ് കുമാര്‍ ചിത്രം ഇറങ്ങുന്ന ദിവസമായതിനാല്‍ അക്ഷയ്കുമാര്‍ ഉള്‍പ്പെടെയുള്ള താരങ്ങളും 24 മണിക്കൂര്‍ പ്രദര്‍ശനത്തെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്.

അതേസമയം മുന്‍പ് വലിയ ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്തുമ്പോള്‍ പുലര്‍ച്ചെ 2 മണിയ്ക്കും നാല് മണിക്കുമെല്ലാം ചിത്രങ്ങള്‍ വെയ്ക്കുന്ന പതിവുണ്ടെന്നും അത്തരം സാധ്യതകളെ ഉപയോഗപ്പെടുത്താനാകുന്ന സാഹചര്യം വരുമോ എന്ന് നോക്കുകയാണെന്നുമാണ് ചില തിയേറ്റര്‍ ഉടമകള്‍ പ്രതികരിച്ചത്. അതേസമയം ആളുകളുടെ രാത്രികാല യാത്രകള്‍ക്കും മറ്റുമുള്ള സുരക്ഷയെ കുറിച്ചുള്ള ആശങ്കകളും ഉയരുന്നുണ്ട്. എന്നാല്‍ ജനങ്ങളുടെ സുരക്ഷിതത്വത്തിന് ഏത് സമയവും പ്രാധാന്യം നല്‍കുന്ന സര്‍ക്കാരായതിനാലാണ് വിപ്ലവകരമായ തീരുമാനമെടുത്തതെന്ന് ചൂണ്ടികാണിക്കുകയാണ് മള്‍ട്ടിപ്ലക്‌സ് തിയേറ്റര്‍ ഉടമകള്‍. ബോളിവുഡ് ഏതായാലും ഉറങ്ങാത്ത ദൃശ്യരാവിന് വന്‍ പ്രചരണമാണ് നല്‍കുന്നത്. ഐ.ടി രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കുമെല്ലാമാണ് വൈകിയും, പുലര്‍ച്ചെയുമുള്ള പ്രദര്‍ശനങ്ങള്‍ പ്രയോജനപ്പെടുത്താനാവുക. സിനിമാ വ്യവസായത്തിന് ഇത് എത്രമാത്രം ഗുണം ചെയ്യുമെന്ന് ദിവസങ്ങള്‍ക്കകമറിയാം.