ഷൂട്ടിങ് സെറ്റിൽ സുരാജ് വെഞ്ഞാറമൂടിന് ഹണിട്രാപ്പ് ഭീഷണി; ഡമ്മി നോട്ടുകളും പൊലീസിന്റെ സഹായത്തോടെയും പ്രതികളെ കുടുക്കി; സിനിമയെ വെല്ലും ട്വിസ്റ്റ്!

','

' ); } ?>

ഷൂട്ടിങ് സെറ്റിൽ വച്ച് നടൻ സുരാജ് വെഞ്ഞാറമൂട് ഹണിട്രാപ്പ് ഭീഷണി നേരിട്ടിട്ടുണ്ടെന്നും വ്യാജ നോട്ടുകളും പൊലീസിന്റെ സഹായത്തോടെയും ആ പ്രതികളെ കുടുക്കിയെന്നും വെളിപ്പെടുത്തി കലാസംവിധായകൻ ജോസഫ് നെല്ലിക്കൽ. സഫാരി ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം സിനിമാക്കഥയെ വെല്ലുന്ന ഈ യഥാർത്ഥ അനുഭവം തുറന്നുപറഞ്ഞത്.

‘വെനീസിലെ വ്യാപാരി’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിലാണ് സംഭവം നടക്കുന്നത്. ആലപ്പുഴയും കുട്ടനാടും പശ്ചാത്തലമാക്കി ഒരുക്കിയ ഈ ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ കാവാലമായിരുന്നു. കോമഡി വേഷങ്ങളിലൂടെ സിനിമാലോകത്ത് സജീവമായി നിറഞ്ഞുനിൽക്കുന്ന സമയത്താണ് സുരാജ് ഈ കെണിയിൽ പെടുന്നത്. സിനിമയിൽ മറ്റൊരാളോടൊപ്പം എടുത്ത ഫോട്ടോ പിന്നീട് വലിയ നൂലാമാലയായി മാറുകയും, ഇത് കാണിച്ച് ഒരു സംഘം സുരാജിനെ ഭീഷണിപ്പെടുത്തി അഞ്ച് ലക്ഷം രൂപ ആവശ്യപ്പെടുകയുമായിരുന്നു. പണം നൽകിയില്ലെങ്കിൽ ഫോട്ടോ പുറത്തുവിടുമെന്നായിരുന്നു ഭീഷണി.

തുടർന്ന് സുരാജ് ഈ വിവരം പൊലീസിൽ അറിയിച്ചു. പണം നൽകാം എന്ന് പറഞ്ഞ് പ്രതികളെ സിനിമയുടെ സെറ്റിലേക്ക് വരുത്താനും, ആ സമയത്ത് പിടികൂടാമെന്നുമാണ് പൊലീസ് നിർദ്ദേശിച്ചത്. എന്നാൽ ഒറിജിനൽ പണം നൽകാൻ കഴിയാത്തതിനാൽ സുരാജ് ഒരു ബുദ്ധിപരമായ വഴി കണ്ടെത്തുകയായിരുന്നു. ഷൂട്ടിനായി നിയമപരമായി അനുമതിയോടെ അക്കാലത്ത് പ്രിന്റ് ചെയ്ത് സൂക്ഷിച്ചിരുന്ന ഡമ്മി നോട്ടുകളാണ് ഇതിനായി ഉപയോഗിച്ചത്.

കൂടുതൽ ആളുകൾ സെറ്റിലുള്ള ഒരു ദിവസം നോക്കി സുരാജ് പ്രതികളെ അവിടേക്ക് വിളിച്ചുവരുത്തി. പൊലീസും ഈ വിവരമറിഞ്ഞ് രഹസ്യമായി പലയിടങ്ങളിലായി നിലയുറപ്പിച്ചിരുന്നു. സെറ്റിലെ വീഡിയോ ക്യാമറാമാൻമാരോടും വിവരം മുൻകൂട്ടി പറഞ്ഞിരുന്നതിനാൽ പ്രതികൾ എത്തുന്നതും പണം കൈമാറുന്നതുമായ രംഗങ്ങൾ ക്യാമറയിൽ പകർത്തുകയും ചെയ്തു. പണവുമായി രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ പൊലീസ് തൊണ്ടിസഹിതം പിടികൂടുകയായിരുന്നുവെന്ന് ജോസഫ് നെല്ലിക്കൽ വ്യക്തമാക്കി.

ജോസഫ് നെല്ലിക്കലിന്റെ വാക്കുകൾ;

ഈ സിനിമ ന‌ടക്കുന്നത് ആലപ്പുഴ, കുട്ടനാട് ബേസ് ചെയ്താണ്. പൊലീസ് വേഷം മാറി വ്യാപാരിയായെത്തി ഒരാളെ പിടിക്കുന്നതാണ് ആ സിനിമയുടെ കഥ. സിനിമയ്ക്കപ്പുറം ഷൂട്ടിം​ഗ് നടക്കുന്ന സമയത്തുണ്ടായ സംഭവമാണ് ഞാൻ പറയുന്നത്.

മേജർ ലൊക്കേഷനായി ഞങ്ങൾ തെര‍ഞ്ഞെടുത്തത് കാവാലത്തായിരുന്നു. ഈ സിനിമയിൽ സുരാജ് വെഞ്ഞാറമൂടിന്റെ കഥാപാത്രമുണ്ട്. സുരാജ് അന്ന് കോമഡി ചെയ്ത് നിറഞ്ഞ് നിൽക്കുന്ന സമയമാണ്. രണ്ട് മൂന്ന് ദിവസമായി സുരാജിനെ കിട്ടുന്നില്ല. ഒരു ഹണി ട്രാപ്പ് പ്രശ്നത്തിലേക്ക് അദ്ദേഹം ചെന്ന് പെട്ടു. അദ്ദേഹം അറിയാത്ത കാര്യമായിരുന്നു. സിനിമയിൽ ഒരാളുടെ കൂടെ ഫോട്ടോയെടുത്താൽ ചിലപ്പോൾ അതൊരു നൂലാമാലയായി വരാം. അങ്ങനെ എന്തോ ചെറിയ പ്രശ്നം പറ്റി.

സുരാജിനെ വിളിച്ച് ഒരു ടീം വിളിച്ച് പെെസ ആവശ്യപ്പെട്ടു. അഞ്ച് ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. പെെസ കൊടുത്തില്ലെങ്കിൽ പുറത്ത് വിടുമെന്ന് ഭീഷണി. പുള്ളി എപ്പോളും ഭയങ്കര ജോളിയായിരുന്നു. എന്നാൽ ഈ ദിവസങ്ങളിൽ പുള്ളി മൂഡിയായിരുന്നു. നമ്മളോ‌ട് ഇദ്ദേഹം ഇക്കാര്യം ഷെയർ ചെയ്തു. പുള്ളി ഇത് പൊലീസിൽ പരാതിപ്പെട്ടതാണ്. നിങ്ങൾ സിനിമാക്കാരല്ലേ, പെെസ കൊടുക്ക്, അപ്പോൾ ഞങ്ങൾ പിടിക്കാമെന്നാണ് പൊലീസ് പറഞ്ഞത്.

ഒറിജിനൽ പെെസ കൊടുക്കാൻ പറ്റില്ല. ആ സമയത്ത് ഞങ്ങൾ ഷൂട്ടിന് വേണ്ടി നിയമപരമായി അനുമതി വാങ്ങി നോട്ട് പ്രിന്റ് ചെയ്ത് വെക്കാറുണ്ട്. ഷൂട്ട് കഴിഞ്ഞ് കത്തിച്ച് കളയാറാണ് പതിവ്. ഈ സിനിമയ്ക്ക് വേണ്ടി വേണ്ടി നോട്ടുകൾ പ്രിന്റ് ചെയ്തിട്ടുണ്ട്. സുരാജ് തന്റെ ബുദ്ധിക്ക് ചിലത് പ്ലാൻ ചെയ്തു. ഇദ്ദേഹം ഹണിട്രാപ്പുകാരെ വിളിച്ച് പെെസ തരാമെന്ന് പറയുന്നു. സെറ്റിൽ നിന്ന് പുറത്ത് പോകാൻ പറ്റാത്തത് കൊണ്ട് ഈ സ്ഥലത്തേക്ക് നിങ്ങൾ വരണമെന്ന് പറയുന്നു. കൂടുതൽ ക്രൗഡ് വരുന്ന ദിവസം പ്ലാൻ ചെയ്യാമെന്ന് വെച്ചു.

പൊലീസുകാരോട് വിവരം പറഞ്ഞു. നിങ്ങൾ കൃത്യമായി കൊടുക്കാനുള്ളത് പ്ലാൻ ചെയ്തോ, ഞങ്ങൾ അവരെ വന്ന് പൊക്കിക്കോളാമെന്ന് പൊലീസ്. അങ്ങനെ ഈ ദിവസം വന്നു. സീനുകളെല്ലാം കവർ ചെയ്യുന്ന വീഡിയോക്കാരുണ്ട്. അ​വരോടും ഞങ്ങൾ പറഞ്ഞ് വെച്ചു. പൊലീസുകാർ വന്ന് പലയിടത്തായി നിലയുറപ്പിച്ചിട്ടുണ്ട്. സിനിമയിൽ കാണുന്നത് പോലെയാണ് സംഭവങ്ങൾ‌. സെറ്റിലെ എല്ലാവർക്കും ഇക്കാര്യം അറിയാം. ആരും അറിഞ്ഞ ഭാവം കാണിച്ചില്ല. ഈ ടീം സ്ഥലത്തെത്തി സുരാജിനെ വിളിച്ചു. സുരാജ് അവരുടെ അടുത്തേക്ക് എത്തി. ഇതെല്ലാം വന്ന ആൾക്കാർ കാണാതെ ഷൂട്ട് ചെയ്യുന്നുണ്ട്. ഓടി പോകാൻ പറ്റില്ല. വെള്ളത്തിൽ ചാടണം. തൊണ്ടിയോടെ ഈ ടീമിനെ പൊലീസ് അറസ്റ്റ് ചെയ്തു.