
എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെയുള്ള സംവിധായകൻ മേജർ രവിയുടെ പരാമർശവും, അതിനെതിരെ സോഷ്യൽ മീഡിയയിൽ ഉയർന്ന വിമർശനവും വലിയ ചർച്ചയാകുന്നു. ആത്മാഭിമാനം ഒരു ജാതിയുടെയും കുത്തകയല്ലെന്ന് ചൂണ്ടിക്കാട്ടി അനു ചന്ദ്ര എന്ന ഫേസ്ബുക്ക് യൂസർ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ വ്യാപകമായി ശ്രദ്ധിക്കപ്പെടുന്നത്.
സുകുമാരൻ നായരുടെ ധാർഷ്ട്യവും അഹങ്കാരവും അംഗീകരിക്കാനാകില്ലെന്നും അദ്ദേഹത്തിന് മുന്നിൽ ഓച്ചാനിച്ച് നിൽക്കുന്ന പരിപാടി തനിക്കില്ലെന്നുമായിരുന്നു മേജർ രവി ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയത്. തങ്ങൾ മലബാർ നായന്മാരാണെന്നും തങ്ങൾക്കിടയിൽ ആരുടെയും മുന്നിൽ ഓച്ചാനിച്ച് നിൽക്കുന്ന രീതിയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. നായന്മാരെന്നാൽ ക്ലാൻ ക്ഷത്രിയാസാണെന്നും സമൂഹത്തിനുവേണ്ടി പോരാടുന്ന ഫൈറ്റേഴ്സ് ആണെന്ന തന്റെ അച്ഛന്റെ പാഠങ്ങൾ മേജർ രവി അഭിമുഖത്തിൽ ഓർത്തെടുക്കുകയും ചെയ്തു. എൻഎസ്എസ് സ്ഥാപനങ്ങളിൽ താൻ ആനുകൂല്യങ്ങൾ തേടിപ്പോയിട്ടില്ലെന്നും കുടുംബത്തിനായി പോരാടുന്നവരാണ് തങ്ങളെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.
എന്നാൽ, മേജർ രവിയുടെ ഈ പരാമർശത്തിനെതിരെ രൂക്ഷമായ വിമർശനവുമായി അനു ചന്ദ്ര രംഗത്തെത്തി. ആരുടെയും മുന്നിൽ അനാവശ്യമായി തലകുനിക്കില്ല എന്നത് വ്യക്തിപരമായ നിലപാടായിരിക്കാമെന്നും, എന്നാൽ അതിനെ ഒരു പ്രത്യേക ജാതിയുടെ സ്വഭാവമായി അവതരിപ്പിക്കുന്നത് ശരിയല്ലെന്നും കുറിപ്പിൽ വ്യക്തമാക്കുന്നു. മലബാർ നായർ സമുദായത്തിലെ എല്ലാവരും ഒരേ സ്വഭാവക്കാരാണെന്ന ധ്വനി ഈ പ്രസ്താവനയിലുണ്ടെന്നും, അതിനു വിരുദ്ധമായ സ്വഭാവമുള്ളവരെ ഇത് ബാധിക്കുമെന്നും പോസ്റ്റ് ചൂണ്ടിക്കാണിക്കുന്നു.
ചരിത്രപരമായി പല ഘടകങ്ങളും ചർച്ച ചെയ്യപ്പെടാറുണ്ടെങ്കിലും, ആരുടെ മുന്നിലും ഓച്ചാനിക്കില്ലെന്ന പൊതുസ്വഭാവം ജാതിയുടെ പേരിൽ നേരിട്ട് നിർമിക്കാനാവില്ലെന്നും അനു ചന്ദ്ര വ്യക്തമാക്കുന്നു. ആത്മാഭിമാനത്തെയും ധൈര്യത്തെയും ഒരു ജാതിയോട് മാത്രം ചേർത്തുപറയുന്നത് തെറ്റാണെന്നും, ആത്മാഭിമാനം ഏതെങ്കിലും ഒരു ജാതിയുടെ കുത്തകയല്ലെന്നും ഓർമിപ്പിച്ചുകൊണ്ടാണ് കുറിപ്പ് അവസാനിക്കുന്നത്.
അനുചന്ദ്രയുടെ കുറിപ്പിന്റെ പൂർണ രൂപം;
എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ വിമർശിച്ച് കഴിഞ്ഞ ദിവസം ബിജെപി നേതാവും സംവിധായകനുമായ മേജർ രവി എത്തിയിരുന്നു. സുകുമാരൻ നായരുടെ ധാർഷ്ട്യവും അഹങ്കാരവും അംഗീകരിക്കാനാകില്ലെന്നും അദ്ദേഹത്തിന് മുന്നിൽ ഓച്ചാനിച്ച് നിൽക്കുന്ന പരിപാടി തനിക്കില്ലെന്നുമാണ് മേജർ രവി ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. സുകുമാരൻ നായരെ വിമർശിച്ച് സംസാരിക്കുന്നതിനിടെ അദ്ദേഹം ഉപയോഗിച്ചൊരു പദം ചർച്ചയായി മാറിയിരുന്നു.
ഞങ്ങൾ മലബാർ നായന്മാരാണ്. ഞങ്ങൾക്കങ്ങനെ ഓച്ചാനിച്ച് നിൽക്കുന്ന പരിപാടിയില്ല എന്നായിരുന്നു മേജർ രവിയുടെ പരാമർശം. മേജർ രവിയുടെ ഈ പരാമർശത്തിന് എതിരെ അനു ചന്ദ്ര എന്ന ഫേസ്ബുക്ക് യൂസർ സോഷ്യൽമീഡിയയിൽ പങ്കിട്ട കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
ആത്മാഭിമാനം ഒരു ജാതിയുടെ കുത്തകയല്ലെന്ന് അനു ചന്ദ്ര വിമർശിച്ച് കുറിച്ചു. കുറിപ്പ് ഇങ്ങനെയായിരുന്നു… മലബാർ നായർ…. ഞങ്ങൾ മലബാർ നായന്മാരാണ്. ഞങ്ങൾക്കിങ്ങനെ ഓച്ഛാനിച്ച് നിൽക്കുന്ന പരിപാടിയില്ല എന്നൊരു സ്റ്റേറ്റ്മെന്റ് മേജർ രവി പറഞ്ഞത് കേട്ടു. അങ്ങനെ പറയാനുള്ള കാരണം എന്തോ ആവട്ടെ. അതൊന്നും എന്റെ വിഷയമല്ല. പക്ഷെ ആ പറഞ്ഞത് എനിക്ക് അൽപം വിഷയമാണ്.
താൻ ആരുടെയും മുന്നിൽ അനാവശ്യമായി തലകുനിക്കില്ല എന്നാണ് അദ്ദേഹം പറയാൻ ശ്രമിച്ചതെങ്കിൽ അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ നിലപാടാണ്. അതിൽ പ്രശ്നമില്ല. പക്ഷെ അതിനെ ഇങ്ങനൊരു ജാതിയുടെ സ്വഭാവമായാണ് അവതരിപ്പിക്കുന്നതെങ്കിൽ അതിൽ അല്പം കൂടുതൽ പ്രശ്നമുണ്ട്. കാരണം മലബാർ നായർ എന്ന സമുദായത്തിലെ എല്ലാവരും ഒരേ സ്വഭാവക്കാരാണെന്ന ഒരു ധ്വനി അങ്ങേരുടെ വാക്കുകളിൽ ഒളിഞ്ഞിരിപ്പുണ്ട്.
അതിന് എതിർവശത്ത് നിൽക്കുന്ന ആളുകളുടെ സ്വഭാവമൊക്കെ അങ്ങനെയല്ലെന്നൊരു ഇമ്പ്ലൈഡ് മീനിങ്ങും അതിനകത്തുണ്ട്. പിന്നെ മലബാർ നായർ എന്നത് ഒരു വ്യക്തിയുടെ സ്വഭാവത്തിന്റെ സർട്ടിഫിക്കറ്റ് വല്ലതും ആണോ?. അല്ലല്ലോ?. അപ്പോൾ പിന്നെ എങ്ങനെ ഇങ്ങനെയൊക്കെ പറയും?.
ചരിത്രത്തിൽ മലബാറിലെ നായർ സമൂഹവുമായി ബന്ധപ്പെട്ട് യോദ്ധൃപരമ്പര, തറവാട് വ്യവസ്ഥ, സാമൂഹിക അധികാരഘടന തുടങ്ങിയ പല കാര്യങ്ങളും ചർച്ച ചെയ്യാറുണ്ട്. പക്ഷെ അതിൽ നിന്ന് അവർ ആരുടെയും മുന്നിൽ ഓച്ഛാനിക്കില്ല എന്നൊരു പൊതുസ്വഭാവം നേരിട്ട് നിർമിക്കാനാവില്ല. ആ നിലക്ക് ജാതി തിരിച്ചറിയലിനെ വ്യക്തിത്വ ഗുണവുമായി ബന്ധിപ്പിക്കുന്ന പരിപാടി വളരെ മോശമാണ്.
അതിനാൽ പ്രിയപ്പെട്ടവരേ… ആരും ആരുടെയും മുന്നിൽ ഓച്ഛാനിച്ച് നിൽക്കേണ്ടതില്ല. പക്ഷെ അതിന് സ്വന്തം ജാതിയെ ഒരു പ്രത്യേക ധൈര്യത്തിന്റെയോ ആത്മാഭിമാനത്തിന്റെയോ ഉടമയായി അവതരിപ്പിക്കേണ്ടതുമില്ല. ആത്മാഭിമാനം ഒരു ജാതിയുടെ കുത്തകയല്ല കേട്ടോ.
എന്റെ കുട്ടിയെ എൻഎസ്എസ് കോളേജിൽ പഠിപ്പിക്കാനോ എന്റെ ഭാര്യയ്ക്ക് അവിടെ ജോലി വാങ്ങിച്ച് നൽകാനോ ഞാൻ ശ്രമിച്ചിട്ടില്ല. പിന്നെ ഞങ്ങൾ മലബാർ നായന്മാരാണ്. ഞങ്ങൾക്ക് ഇങ്ങനെ ഓച്ഛാനിച്ച് നിൽക്കുന്ന പരിപാടിയില്ല. നയന്മാരെന്നാൽ ക്ലാൻ ക്ഷത്രിയാസ്. വീ ആർ സപ്പോസ്ഡ് ടു ലുക്ക് ആഫ്റ്റർ ദ ക്ലാൻസ്. വീ ആർ ദ ഫൈറ്റേഴ്സ് ഹൂ വിൽ ഫൈറ്റ് ഫോർ ദ സൊസൈറ്റി ഇതാണ് എന്നെ എന്റെ അച്ഛൻ പഠിപ്പിച്ചത് എന്നാണ് മേജർ രവി പറഞ്ഞത്. ആർക്ക് എന്ത് പ്രശ്നം വന്നാലും അച്ഛൻ മുന്നിട്ട് ഇറങ്ങുമായിരുന്നു. ഞങ്ങൾ എല്ലാവർക്കും വേണ്ടി പോരാടുന്നൊരു ക്ലാൻ ആണെന്നുമാണ് മേജൻ രവി ഒരു സ്യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.