കപ്പനട്ടു…സുരാജ് വെഞ്ഞാറമ്മൂടിന് ക്വാറന്റീന്‍

സുരാജിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് കപ്പകൃഷി ഇറക്കുന്നതിന്റെ ഉദ്ഘാടന ചടങ്ങാണ് സുരാജിന് ക്വാറന്റീന്‍ നിര്‍ദ്ദേശിക്കാന്‍ കാരണമായത്.
കഴിഞ്ഞദിവസം കൊവിഡ് സ്ഥിരീകരിച്ച റിമാന്‍ഡ് പ്രതിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള വെഞ്ഞാറമ്മൂട് സിഐയ്‌ക്കൊപ്പമാണ് താരം പരിപാടിയില്‍ പങ്കെടുത്തത്. കൊവിഡ് സ്ഥിരീകരിച്ച പ്രതിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട സിഐ അടക്കം വെഞ്ഞാറമ്മൂട് സ്‌റ്റേഷനിലെ 20 പൊലീസുകാരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. പിന്നാലെയാണ് സിഐയുടെ കോണ്‍ടാക്ട് ട്രെയ്‌സിംഗ് നടത്തി സുരാജ് ഉള്‍പ്പെടെയുള്ളവരോട് ക്വാറന്റീനില്‍ പോകാന്‍ നിര്‍ദേശിച്ചത്.
അതേസമയം രോഗം സ്ഥിരീകരിച്ച റിമാന്‍ഡ് പ്രതിയെ ജയിലില്‍ നിന്നും ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇയാളെ ജയിലിലേക്ക് അയയ്ക്കും മുന്‍പ് നടത്തിയ പരിശോധനയിലാണ് കൊവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്. കൊവിഡ് ബാധിച്ച വ്യക്തി ദേവസ്വം ബോര്‍ഡ് ജീവനക്കാരനാണ്. മദ്യപിച്ച് വാഹനം ഓടിച്ചതിനും മദ്യം സൂക്ഷിച്ചതിനും അക്രമം നടത്തിയതിനുമാണ് പൊലീസ് കേസെടുത്തത്. പക്ഷേ ഇയാള്‍ക്ക് കൊവിഡ് ബാധിച്ചതെങ്ങനെയാണെന്ന് വ്യക്തമല്ല. സുരാജിന് പുറമെ പരിപാടിയില്‍ പങ്കെടുത്ത വാമനപുരം എംഎല്‍എ ഡികെ മുരളി, നെല്ലനാട് പഞ്ചായത്ത് പ്രസിഡന്റ് സുജിത്ത് എസ് കുറുപ്പ് എന്നിവര്‍ക്കും ക്വാറന്റീന്‍ നിര്‍ദേശിച്ചിട്ടുണ്ട്. തിരുവനന്തപരും കോര്‍പ്പറേഷന്‍ തുടങ്ങിയ കപ്പകൃഷി പദ്ധതിയുടെ ഭാഗമായി സംവിധായകന്‍ തുളസീദാസും നടന്‍ സുരാജ് വെഞ്ഞാറമ്മൂടും തങ്ങളുടെ ഭൂമി കൃഷിക്കായി വിട്ടുകൊടുത്തിരുന്നു.