
നിതേഷ് തിവാരി സംവിധാനം ചെയ്ത ‘രാമായണ’ സിനിമയ്ക്കെതിരായ ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. സിനിമ ഇതിനകം തിയേറ്ററുകളിൽ റിലീസ് ചെയ്തതാണെന്നും കാണാൻ താല്പര്യമുള്ളവർ കണ്ടുകഴിഞ്ഞതാണെന്നും വ്യക്തമാക്കിയ കോടതി, അടിയന്തര ജുഡീഷ്യൽ ഇടപെടലിന്റെ ആവശ്യമില്ലെന്ന് നിരീക്ഷിച്ചു.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് വെള്ളിയാഴ്ച ഹർജി പരിഗണിച്ചത്. രാമായണത്തിലെ വസ്തുതകൾ സിനിമയിൽ വളച്ചൊടിച്ചിട്ടുണ്ടെന്നും നവംബർ 23-ന് രജിസ്റ്റർ ചെയ്ത ഹർജി വാദത്തിനായി അടിയന്തരമായി ലിസ്റ്റ് ചെയ്യണമെന്നും ഹർജിക്കാരന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടു. എന്നാൽ, ഇതിനോട് രൂക്ഷമായ ഭാഷയിലാണ് ചീഫ് ജസ്റ്റിസ് പ്രതികരിച്ചത്.
“അവർക്ക് മനസ്സിലായ രീതിയിൽ അവർ ഒരു സിനിമ നിർമ്മിച്ചു. നിങ്ങൾക്ക് ഇഷ്ടമുള്ള രീതിയിൽ നിങ്ങളും ഒരു സിനിമ നിർമ്മിക്കൂ. കോടതിയുടെ സമയം കളയരുത്. ഇതിഹാസത്തെക്കുറിച്ച് നിങ്ങൾക്ക് വ്യത്യസ്ത വീക്ഷണമുണ്ടെങ്കിൽ അതിന്റെ അടിസ്ഥാനത്തിൽ ഒരു സിനിമ എടുക്കൂ,” ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി.
അടിയന്തര വാദം കേൾക്കേണ്ടതിന്റെ ആവശ്യകതയെ ചോദ്യം ചെയ്ത ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, വ്യത്യസ്ത വ്യാഖ്യാനങ്ങളുള്ളവർക്ക് അവരുടെ ധാരണയ്ക്കനുസരിച്ച് സിനിമ നിർമ്മിക്കാമെന്നും അഭിപ്രായപ്പെട്ടു. സ്വാഭാവിക നടപടിക്രമമനുസരിച്ച് മാത്രമേ കേസ് ലിസ്റ്റ് ചെയ്യുകയുള്ളൂവെന്ന് ബെഞ്ച് വ്യക്തമാക്കി.
നമിത് മൽഹോത്ര നിർമ്മിച്ച് രണ്ട് ഭാഗങ്ങളായി ഒരുക്കുന്ന ഇതിഹാസ ചലച്ചിത്ര പരമ്പരയുടെ ആദ്യ ഭാഗമായ ‘രാമായണ: പാർട്ട് 1’ ആഗോള ബോക്സ് ഓഫീസിൽ 1,700 കോടി രൂപയിലധികം കളക്ഷൻ നേടി വിജയകരമായി പ്രദർശനം തുടരുകയാണ്. രൺബീർ കപൂർ ശ്രീരാമനായും സായ് പല്ലവി സീതയായും യഷ് രാവണനായും വേഷമിടുന്ന ചിത്രത്തിൽ സണ്ണി ഡിയോൾ (ഹനുമാൻ), രവി ദുബെ (ലക്ഷ്മണൻ), അരുൺ ഗോവിൽ, ലാറ ദത്ത, രാകുൽ പ്രീത് സിംഗ് എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. ജഡായുവിന് ശബ്ദം നൽകിയിരിക്കുന്നത് അനുപം ഖേറാണ്.