
57-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ (IFFI) ഇന്ത്യൻ പനോരമ – ന്യൂ ഹൊറൈസൺ വിഭാഗത്തിൽ പ്രദർശിപ്പിച്ച മലയാള ചിത്രം ‘അജയന്റെ മരണം: ഒരു കേസ് സ്റ്റഡി’ക്ക് മികച്ച പ്രേക്ഷക സ്വീകാര്യത. അന്താരാഷ്ട്ര ചലച്ചിത്രമേളകൾ ലക്ഷ്യമിട്ടാണ് ഈ ചിത്രം ഒരുക്കിയതെന്നും, സാധാരണ തിയേറ്റർ റിലീസിനേക്കാൾ മേളകളിലൂടെ പ്രേക്ഷകരിലേക്ക് എത്താനാണ് നിലവിൽ ശ്രമിക്കുന്നതെന്നും ചിത്രത്തിന്റെ സംവിധായകൻ ശ്രീഹരി ഹരിദാസ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
തന്റെ ആദ്യ ഫീച്ചർ സിനിമയ്ക്ക് മേളയിൽ ഇത്രയും വലിയ പിന്തുണ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. മലയാള സിനിമയിൽ അധികം പരീക്ഷിക്കപ്പെട്ടിട്ടില്ലാത്ത ‘മോക്യുമെന്ററി’ ശൈലിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഈ ശൈലി തിരഞ്ഞെടുത്തത് ചിത്രീകരണത്തിലും നിർമ്മാണത്തിലും നിരവധി വെല്ലുവിളികൾ ഉയർത്തി. കേവലം ഏഴ് ദിവസം കൊണ്ടാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്. ആദ്യ ദിവസത്തെ ഷെഡ്യൂൾ പാളിയതോടെ, രണ്ടാം ദിവസം മുതൽ രാവിലെ ആറ് മുതൽ അടുത്ത ദിവസം രാവിലെ ആറ് വരെ നീളുന്ന 24 മണിക്കൂർ ഷൂട്ടിംഗിലൂടെയാണ് സിനിമ പൂർത്തിയാക്കിയതെന്നും അദ്ദേഹം ഓർമ്മിച്ചു. ഷോർട്ട് ഫിലിമുകൾ ചെയ്ത് പരിചയമുണ്ടായിരുന്നെങ്കിലും, ഒരു എക്സ്റ്റീരിയർ രംഗമായ കഫേ സീക്വൻസ് ചിത്രീകരിക്കുകയായിരുന്നു ഏറ്റവും പ്രയാസകരമായത്. ഛായാഗ്രാഹകന്റെ പൂർണ്ണ പിന്തുണയാണ് ഇതിന് തുണയായത്.
അജയൻ എന്ന യുവാവിന്റെ ജീവിതവും മരണവും ചുറ്റിപ്പറ്റിയുള്ള ഒരു ‘ക്യാരക്ടർ സ്റ്റഡി’യാണ് ചിത്രം. സിനിമയിൽ അവസരം തേടുന്ന ആര്യൻ എന്ന ചെറുപ്പക്കാരൻ അജയന്റെ മരണത്തിന് പിന്നിലെ സാഹചര്യങ്ങൾ അന്വേഷിച്ചിറങ്ങുന്നതിലൂടെയാണ് കഥ വികസിക്കുന്നത്. ആര്യൻ, അജയൻ എന്നീ കഥാപാത്രങ്ങളിൽ തന്റെ തന്നെ സ്വഭാവസവിശേഷതകൾ കടന്നുവന്നിട്ടുണ്ടെന്ന് ശ്രീഹരി പറഞ്ഞു. ഒരാഴ്ച കൊണ്ട് ആദ്യ ഡ്രാഫ്റ്റും ഒരു മാസമെടുത്ത് അന്തിമ തിരക്കഥയും പൂർത്തിയാക്കി.
മമ്മൂട്ടി അഭിനയിച്ച ‘ഉത്തരം’ എന്ന ചിത്രത്തിനുള്ള ആദരവായാണ് ഈ സിനിമ സമർപ്പിച്ചിരിക്കുന്നത്. കെ.ജി. ജോർജിന്റെ കടുത്ത ആരാധകനാണ് താനെന്ന് വെളിപ്പെടുത്തിയ സംവിധായകൻ, സിനിമയിലെ പ്രധാനപ്പെട്ടൊരു രംഗം കൊച്ചിയിലെ കെ.ജി. ജോർജിന്റെ വീട്ടിൽ വെച്ചാണ് ചിത്രീകരിച്ചതെന്നും കൂട്ടിച്ചേർത്തു. പത്മരാജന്റെ ആരാധികയായ മായയും കെ.ജി. ജോർജിന്റെ ആരാധകനായ ആര്യനും തമ്മിലുള്ള രസകരമായ തർക്കരംഗം അവിടെ വെച്ച് ചിത്രീകരിക്കാനായത് വലിയൊരു അനുഭവമായിരുന്നുവെന്നും ശ്രീഹരി ഹരിദാസ് പറഞ്ഞു.
ഹരിദാസിന്റെ വാക്കുകൾ
“ആദ്യത്തെ സിനിമയ്ക്ക് തന്നെ മേളയിൽ ഇത്രയും വലിയൊരു പ്രേക്ഷക പിന്തുണ കിട്ടുമെന്ന് ഞാൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. മലയാള സിനിമയിൽ അധികം ആരും പരീക്ഷിച്ചിട്ടില്ലാത്ത ‘മോക്യുമെന്ററി’ ശൈലിയിലാണ് ഞങ്ങൾ ഈ പടം ചെയ്തിരിക്കുന്നത്. ഈയൊരു ശൈലി തിരഞ്ഞെടുത്തതുകൊണ്ട് തന്നെ ഷൂട്ടിംഗിലും നിർമ്മാണത്തിലുമൊക്കെ ഒരുപാട് വെല്ലുവിളികൾ നേരിടേണ്ടി വന്നു.
അജയൻ എന്നൊരു യുവാവിന്റെ ജീവിതവും മരണവും ചുറ്റിപ്പറ്റിയുള്ള ഒരു ‘ക്യാരക്ടർ സ്റ്റഡി’യാണ് ഈ സിനിമ. സിനിമയിൽ അവസരം തേടി നടക്കുന്ന ആര്യൻ എന്ന ചെറുപ്പക്കാരൻ, അജയന്റെ മരണത്തിന് പിന്നിലെ കാര്യങ്ങൾ അന്വേഷിച്ചിറങ്ങുന്നതാണ് കഥ. ആര്യൻ എന്ന കഥാപാത്രത്തെ എഴുതിയപ്പോൾ എന്റെ തന്നെ പല സ്വഭാവരീതികളും അതിലേക്ക് വന്നിട്ടുണ്ട്. അതുപോലെ അജയനിലും എന്നോട് സാമ്യമുള്ള ചില കാര്യങ്ങളുണ്ട്. ശരിക്കും പറഞ്ഞാൽ, ആര്യനിൽ എന്റെ ചെറിയൊരു അംശമുണ്ട്, അജയനിലെ ചില കാര്യങ്ങൾ എന്നിലുമുണ്ട്.
സിനിമയുടെ ആദ്യ ഡ്രാഫ്റ്റ് ഒരാഴ്ച കൊണ്ടാണ് ഞാൻ എഴുതിത്തീർത്തത്. പിന്നെ ഏകദേശം ഒരു മാസത്തോളം എടുത്താണ് ഫൈനൽ സ്ക്രിപ്റ്റ് റെഡിയാക്കിയത്. ഒരു കേന്ദ്രകഥാപാത്രത്തിലൂടെ മറ്റുള്ളവരുടെ ജീവിതാനുഭവങ്ങൾ നോക്കിക്കാണുന്ന രീതിയാണ് എനിക്ക് കഥ പറയാൻ ഇഷ്ടം. വ്യക്തികളെ ചുറ്റിപ്പറ്റി കഥകളുണ്ടാക്കാനും അവരുടെ യാത്രകളെ പിന്തുടരാനും എനിക്ക് വലിയ താല്പര്യമാണ്.
ഞാൻ കെ.ജി. ജോർജ് സാറിന്റെ കടുത്ത ആരാധകനാണ്. സിനിമയിൽ ആര്യനും മായയും തമ്മിൽ രസകരമായൊരു തർക്കമുണ്ട്. മായ പത്മരാജൻ സാറിന്റെ ഫാൻ ആണ്, ആര്യൻ കെ.ജി. ജോർജ് സാറിന്റെയും. കൊച്ചിയിലുള്ള കെ.ജി. ജോർജ് സാറിന്റെ വീട്ടിൽ വെച്ചാണ് ഞങ്ങൾ ആ സീൻ ഷൂട്ട് ചെയ്തത്; അതൊരു വലിയ അനുഭവമായിരുന്നു. ‘തൂവാനത്തുമ്പികൾ’ ഒരു ഓവർറേറ്റഡ് സിനിമയാണെന്ന് എന്റെ കഥാപാത്രം പടത്തിൽ പറയുന്നുണ്ട്. വ്യക്തിപരമായി എനിക്ക് രണ്ടുപേരെയും വലിയ ഇഷ്ടമാണ്, എന്നാലും കെ.ജി. ജോർജ് സാറിനോടാണ് എനിക്ക് കുറച്ചുകൂടി ഇഷ്ടം കൂടുതൽ. മമ്മൂക്ക അഭിനയിച്ച ‘ഉത്തരം’ എന്ന സിനിമയ്ക്കുള്ള ഒരു ട്രിബ്യൂട്ട് ആയിട്ടാണ് ഞങ്ങൾ ഈ സിനിമ സമർപ്പിച്ചിരിക്കുന്നത്. ‘ഉത്തര’ത്തിന്റെ അണിയറപ്രവർത്തകർക്ക് സിനിമയിൽ പ്രത്യേകം നന്ദിയും പറഞ്ഞിട്ടുണ്ട്.
വെറും ഏഴ് ദിവസം കൊണ്ടാണ് ഞങ്ങൾ ഈ സിനിമ ഷൂട്ട് ചെയ്തു തീർത്തത്. ആദ്യത്തെ ദിവസം പ്ലാൻ ചെയ്ത ഔട്ട്ഡോർ, ഇൻഡോർ ഷൂട്ടുകളൊക്കെ പാളിപ്പോയി. അതോടെ രണ്ടാം ദിവസം മുതൽ രാവിലെ ആറ് മണി മുതൽ പിറ്റേന്ന് രാവിലെ ആറ് മണി വരെ നീളുന്ന 24 മണിക്കൂർ ഷൂട്ടിലേക്കാണ് ഞങ്ങൾ മാറിയത്. മുൻപ് ഷോർട്ട് ഫിലിമുകളൊക്കെ ചെയ്തിട്ടുണ്ടെങ്കിലും, ആദ്യമായിട്ട് ഒരു എക്സ്റ്റീരിയർ സീനായ കഫേ സീക്വൻസ് ഷൂട്ട് ചെയ്യുകയായിരുന്നു ഏറ്റവും ബുദ്ധിമുട്ട്. എന്റെ ക്യാമറാമാന്റെ പൂർണ്ണ പിന്തുണ ഉള്ളതുകൊണ്ട് മാത്രമാണ് അത് ഭംഗിയായി ചെയ്യാൻ പറ്റിയത്.
റിലീസ് പ്ലാനുകളെക്കുറിച്ച് ചോദിച്ചാൽ, പ്രധാനമായും അന്താരാഷ്ട്ര ചലച്ചിത്രമേളകൾ ലക്ഷ്യം വെച്ചാണ് ഞങ്ങൾ ഈ സിനിമ ഒരുക്കിയിരിക്കുന്നത്. ഇപ്പോൾ സാധാരണ തിയേറ്റർ റിലീസിനേക്കാൾ, ഫിലിം ഫെസ്റ്റിവലുകളിലൂടെ പ്രേക്ഷകരിലേക്ക് എത്താനാണ് ഞങ്ങൾ ശ്രമിക്കുന്നത്.”