സുജിത്ത് വാസുദേവിന്റെ കാഴ്ച്ചകള്‍…കാഴ്ച്ചപ്പാടുകള്‍

മലയാളത്തിലെ നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഛായാഗ്രാഹകനാണ് സുജിത്ത് വാസുദേവ്. ദൃശ്യം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം മലയാളത്തിലെ മികച്ച ഛായാഗ്രാഹകരില്‍ ഒരാളായി മാറിയത്. ഓട്ടര്‍ഷയിലൂടെയും ജയിംസ് ആന്റ് ആലീസിലൂടെയും സംവിധാനരംഗത്തും തന്റെ കഴിവ് തെളിയിച്ച സുജിത്ത് ഇന്ന് ലൂസിഫറിന്റ വിജയത്തിന്റെ സന്തോഷത്തിലാണ്. ദൃശ്യത്തിന് ശേഷം സെവന്‍ത് ഡേ, തമിഴ് ചിത്രം പാപനാശം, അമര്‍ അക്ബര്‍ അന്തോണി, ജയിംസ് ആന്റ് ആലീസ്, അനാര്‍ക്കലി, എസ്ര, ഓട്ടര്‍ഷ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ച പരിചയസമ്പത്തുമായാണ് സുജിത്ത് ലൂസിഫറില്‍ പ്രേക്ഷകര്‍ക്ക് വ്യത്യസ്ഥമായ ദൃശ്യാനുഭവം സമ്മാനിച്ചത്. സുജിത്ത് സെല്ലുലോയ്ഡിനോട് വിശേഷങ്ങള്‍ പങ്കുവെയ്ക്കുന്നു…

  • ലൂസിഫറിന് വേണ്ടി ക്യാമറ ചലിപ്പിച്ച ആളെന്ന നിലയില്‍ എത്ര മാത്രം സന്തോഷം തരുന്നുണ്ട് അതിന്റെ വിജയം..?

വിജയമാണല്ലോ എപ്പോഴും നമുക്ക് സന്തോഷം തരുന്നത്. വിജയമാണ് എല്ലാത്തിന്റെയും ഒരു പ്രധാന ഘടകം. ബോക്‌സ്ഓഫീസ് എത്ര മാത്രം പേര്‍ കാണുന്നു, എത്ര പേരെ അതിലേക്ക് കൊണ്ടു വരുന്നു, എത്ര മാത്രം ലാഭമുണ്ടാക്കുന്നു എന്നുള്ളത് തന്നെയാണ് ഏറ്റവും വലിയ സംഗതി. ഒരു പ്രൊഡ്യൂസറുടെ സന്തോഷം, അഥവാ ഒരു സ്രഷ്ടാവിന്റെ സന്തോഷം എല്ലാം നമ്മളിലേക്ക് പകര്‍ന്ന് കിട്ടുന്നുണ്ട്. അതില്‍ ഭാഗമാകാന്‍ കഴിഞ്ഞത് തന്നെ ഒരു ഭാഗ്യം. കാരണം ഒരുപാട്‌പേര്‍ പ്രതീക്ഷിച്ച് ചെയ്യുന്ന അല്ലെങ്കില്‍ ഒരുപാട് പേര്‍ ക്രിട്ടിസൈസ് ചെയ്ത് നോക്കിക്കാണുന്ന ഒരു പ്രൊജക്ട്, അതിനകത്ത് ഒരു വിജയം കണ്ടെത്തുകയെന്നുള്ളത് ചില്ലറയല്ല. അത് ഒരു ഭയങ്കര ഭാഗ്യമായി കാണുന്നു.

  • എല്ലാ വശങ്ങളുടെയും ഒരു മികവാര്‍ന്ന സമന്വയം ചിത്രത്തില്‍ ഉണ്ട്.. മറ്റു ഘടകങ്ങള്‍ താങ്കളെ ഛായാഗ്രഹകന്‍ എന്ന നിലയില്‍ എങ്ങനെയൊക്കെ സപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്…?

രാജുവിനെ ഞാന്‍ ആദ്യമായിട്ട് കാണുന്നതായിരുന്നെങ്കില്‍ ഇതിന് വേറൊരു തരത്തിലായിരിക്കും ഉത്തരം വരിക. പക്ഷെ പൃഥ്വിയുമായി ഞാന്‍ സഹകരിക്കുന്നത് സിറ്റി ഓഫ് ഗോഡ് എന്ന സിനിമ മുതലാണ്. എത്രയോ കാലം മുമ്പുള്ളതാണ്. അതിന് ശേഷം എത്രയോ പ്രൊജക്ട്‌സ് ഞാനും രാജുവുമായി ചെയ്തിട്ടുണ്ട്. ഞങ്ങള്‍ തമ്മിലുള്ള ഒരു ബന്ധം മലയാള സിനിമയില്‍ കുറച്ച് കാലം മുമ്പേ തന്നെ വര്‍ക്കായതാണ്. നൂറു ദിവസം അങ്ങനെ ഓടിയ ഒരുപാട് സിനിമകളുണ്ട്. അങ്ങനെ ഒരു കെമിസ്ട്രിയുള്ളത് കൊണ്ട് കാര്യങ്ങളൊക്കെ കമ്യൂണിക്കേറ്റ് ചെയ്യാന്‍ അധികം സംസാരിക്കേണ്ടി വന്നിട്ടില്ല. ചിലപ്പോഴൊക്കെ മോണിറ്റര്‍ നോക്കി പരസ്പരം ഒന്ന് നോക്കിയാല്‍ തന്നെ ”സീ ദിസ് ഈസ് ദ പ്രോബ്ലം” എന്ന് പറയാന്‍ സാധിക്കുമായിരുന്നു. അങ്ങനെയൊരു കംഫേര്‍ട്ട് സോണ്‍ എനിക്കും രാജുവിനുമിടയിലുണ്ട് എന്നുള്ളതാണ് അതിന്റെ പ്രത്യേകത. സ്‌ക്രിപ്റ്റായതിന് ശേഷമാണ് ആക്ടേഴ്‌സും മറ്റു ഘടകങ്ങളുമൊക്കെ അതിലേക്ക് വരികയും ഓരോ രൂപങ്ങളൊക്കെ ഇംപ്ലിമെന്റാവുകയുമൊക്കെ ചെയ്യുന്നത്. ഏറ്റവും മുകളില്‍ നില്‍ക്കപ്പെടേണ്ടത് സത്യത്തില്‍ ആ സ്‌ക്രിപ്റ്റ് തന്നെയാണ്. പിന്നെ സംവിധായകനും. ഈ രണ്ട് പേരും തന്നെയാണ് അതിന്റെ പ്രധാന ഭാഗമെന്ന് പറയുന്നത്. പിന്നെ അതിനപ്പുറത്തേക്ക് മോഹന്‍ലാല്‍ എന്ന് പറയുന്ന ഒരു ഫാക്ടറുണ്ട്. അത് ആര്‍ക്കും അങ്ങോട്ടുമിങ്ങോട്ടും കോംപ്രമൈസിന് കിട്ടാത്ത ഒരു ഫാക്ടറാണ്. നമ്മള്‍ എന്തെങ്കിലും പറഞ്ഞ് കഴിഞ്ഞാല്‍ അതിന്റെ അമ്പത് മടങ്ങ് തിരിച്ച് കിട്ടുകയെന്ന് പറയുന്നത് അതും മലയാള സിനിമയില്‍, എന്തിന് ഇന്ത്യന്‍ സിനിമയില്‍ തന്നെ എല്ലാവരും ആഗ്രഹിക്കുന്ന ഒരു കാര്യമാണത്. ലാല്‍ സാറിന്റെ കൂടെ ഒന്ന് ഫ്രെയ്മില്‍ നില്‍ക്കുക, അദ്ദേഹത്തിന്റെ സിനിമയില്‍ ആര്‍ട്ട് ചെയ്യുക, ക്യാമറ ചെയ്യുക അല്ലെങ്കില്‍ അദ്ദേഹത്തിനൊപ്പം വര്‍ക്ക് ചെയ്യുക എന്നുള്ളത് വളരെ വലിയൊരു കാര്യമാണ്.

  • മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ കണ്ടാണ് താങ്കള്‍ക്ക് സിനിമയുടെ ആദ്യ മോഹം ഉടലെടുക്കുന്നതെന്ന് പലപ്പോഴായി കേട്ടിട്ടുണ്ട്. ഇന്ന് അതിന്റെ സംവിധായകന്‍ ഫാസില്‍ സാറിനും ചിത്രത്തിലെ നടനായ മോഹന്‍ലാലിനുമൊപ്പം ക്യാമറ ചെയ്യുമ്പോള്‍ അതില്‍ ഒരു കാലത്തിന്റെ കയ്യൊപ്പില്ലേ…?

ഉറപ്പായിട്ടുമുണ്ട്. അത് ഒരാഗ്രഹത്തിന്റെ പൂര്‍ത്തികരണം എന്ന് നിങ്ങള്‍ക്കുവേണമെങ്കില്‍ പറയാം. സിനിമയിലേക്ക് വരാന്‍ എന്ത് കൊണ്ടാണ് താല്‍പ്പര്യം തോന്നിയത് എന്ന് ചോദിച്ചാല്‍ എനിക്കിപ്പോഴുമറിയില്ല. ചിലപ്പോള്‍ ഒരഭിനേതാവണമെന്ന ആഗ്രഹമായിരിക്കാം. എല്ലാവര്‍ക്കും സിനിമ കാണുമ്പോള്‍ ആദ്യം തോന്നുന്ന ആഗ്രഹം ഈ സ്‌ക്രീനില്‍ ഇതുപോലൊന്ന് പെര്‍ഫോം ചെയ്തിരുന്നെങ്കില്‍ എന്നായിരിക്കും. പക്ഷെ അതെല്ലാം വിട്ട് കുറച്ച് കഴിഞ്ഞപ്പോള്‍ അതിന്റെ ടെക്‌നിക്കല്‍ സൈഡാണ് നമുക്ക് എന്ന തിരിച്ചറിവുണ്ടായി. എന്തായാലും അന്ന് ആരാധിച്ചിരുന്ന രണ്ട് കക്ഷികള്‍, ഞാന്‍ സിനിമയില്‍ വരാന്‍ കാരണക്കാരായ രണ്ട് കക്ഷികള്‍ മുമ്പില്‍ നില്‍ക്കുമ്പോള്‍ രണ്ട് പേരുടെ അടുത്തും ഞാന്‍ ഈ കാര്യം പറഞ്ഞു. അത് കേട്ടപ്പോള്‍ അവരും ഭയങ്കര ഹാപ്പി, അവര്‍ എന്നെ ഒരുപാട് അഭിനന്ദിക്കുകയും ചെയ്തു. എനിക്ക് ഭയങ്കര ആഗ്രഹമായിരുന്നു അന്ന് രണ്ട്‌പേരുടെയും ഒപ്പം ഫോട്ടോയെടുക്കണമെന്ന്. ഷൂട്ട് നടക്കുന്നത് കൊണ്ട് അതൊന്നും പുറത്ത് വിടാന്‍ പറ്റിയില്ല. ഇനി ഇന്‍സ്റ്റഗ്രാമില്‍ ഓരോന്നോരാന്നായി ഇറക്കണം.

  • പലപ്പോഴും ആളുകള്‍ പിന്തിരിഞ്ഞ് ഗുണഗണങ്ങള്‍ നോക്കി ഒരാളെ നിരീക്ഷിക്കുന്നത് അയാള്‍ ഒരു സക്‌സസ് പോയിന്റിലെത്തുമ്പോഴായിരിക്കും. ലൂസിഫറിന് ശേഷം അത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോ…?

ഞാന്‍ ഇതിന് തൊട്ടുമുമ്പ് ചെയ്തത് ഓട്ടോര്‍ഷ എന്ന ചിത്രമാണ്. ആ ചിത്രം അധികം ശ്രദ്ധിക്കപ്പെട്ടില്ല. അതിന്റെ കാരണം ആ സിനിമ പരാജയമായിരുന്നു എന്നുള്ളതാണ്. പക്ഷെ പിന്നീടെപ്പോഴെങ്കിലും ഓട്ടോര്‍ഷ ശ്രദ്ധിക്കപ്പെടും. നമ്മുടെ ഒരു ഹിസ്റ്ററിയെടുത്ത് പരിശോധിക്കുമ്പോള്‍ ഇതിന്റെ നടുവില്‍ ഇയാള്‍ ഇങ്ങനെയൊരു സിനിമ ചെയ്‌തോയെന്ന് തോന്നിപ്പോകും. വളരെ റിയലിസ്റ്റിക്കായാണ് ആ സിനിമ ചെയ്തിട്ടുള്ളത്. റിയലിസ്റ്റിക് സിനിമയെന്ന് പറഞ്ഞ് സാധാരണ ഷൂട്ട് ചെയ്യുന്ന രീതിയിലേയല്ല ആ സിനിമ ഷൂട്ട് ചെയ്തിരിക്കുന്നത്. ഒരാള്‍ ഒരു ഓട്ടോ സ്റ്റാന്‍ഡില്‍ നിന്നും, ഓട്ടോയ്ക്കകത്ത് നിന്നും എങ്ങനെ ഈ സംഗതി നോക്കിക്കാണുന്നു എന്ന് ഒട്ടും ഗിമ്മിക്കുകളില്ലാതെയാണ് ഷൂട്ട് ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ ക്ലൈമാക്‌സ് ഭാഗങ്ങളിലെ കുറച്ച് ഡ്രാമയൊഴിച്ചാല്‍, ഓട്ടോര്‍ഷ ഈ പറഞ്ഞ പോലെ വിജയ ചിത്രത്തിന്റെ ഗണത്തിലായിരുന്നെങ്കില്‍ തീര്‍ച്ചയായിട്ടും ആള്‍ക്കാര്‍ എടുത്ത് പറഞ്ഞേനെ.

  • സിറ്റി ഓഫ് ഗോഡിനെക്കുറിച്ച്..?

ഞാന്‍ സ്റ്റുഡിയോയില്‍ ക്യാമറ അസിസ്റ്റന്റായി നിന്ന സമയത്ത് ദൂരദര്‍ശനിലൊക്കെയായി ന്യൂസ് കവറേജ് ചെയ്തുള്ള ഒരു പരിചയം ഉണ്ടായിരുന്നു. അന്ന് നോര്‍മലായിട്ടല്ലാതെ കുറച്ച് വ്യത്യസ്ഥമായി ചെയ്യാനുള്ള ഒരു ധാരണ എനിക്കുണ്ടായിരുന്നു. ട്രൈ ചെയ്തപ്പോള്‍ ആള്‍ക്കാര്‍ പിന്നെയും പിന്നെയും നമ്മുടെ ഗ്രൂപ്പിനെ വര്‍ക്ക് ഏല്‍പ്പിക്കാന്‍ തുടങ്ങി. ആ ഒരു ആറ്റിറ്റിയൂഡാണ് ‘സിറ്റി ഓഫ് ഗോഡ്’ എന്നുള്ള എന്റെ ചിത്രത്തില്‍ വന്നിരിക്കുന്നത്. എന്താണോ ഒരു പര്‍ട്ടിക്കുലര്‍ സ്‌പോട്ടില്‍ സംഭവിക്കുന്നത് അതില്‍ ക്യാമറയുണ്ട്. ആ കൂട്ടത്തില്‍ ഞാനുണ്ട് എന്ന് പറയുന്ന ഒരു ഫീല്‍.

  • ലൂസിഫര്‍ സിനിമയില്‍ ഇന്ദ്രജിത്തിന്റെ അഭിനയം വളരെ വേറിട്ട് നില്‍ക്കുന്നുണ്ട്. എങ്ങനെയാണ് അദ്ദേഹത്തോടൊപ്പം വര്‍ക്ക് ചെയ്യാന്‍..?

ഇന്ദ്രന്‍ വളരെ നന്നായിട്ട് പെര്‍ഫോം ചെയ്ത സിനിമകളാണ് ചേകവര്‍, മുല്ല മൊട്ടും മുന്തിരിച്ചാറും എന്നീ ചിത്രങ്ങളൊക്കെ. പക്ഷെ ആള്‍ക്കാര്‍ അത് ശ്രദ്ധിച്ചില്ല എന്നുള്ളതിലാണ് സങ്കടം. ഹ്യൂമറും ഇമോഷണല്‍ സന്ദര്‍ഭങ്ങളും നായകവേഷവുമെല്ലാം ഈ ചിത്രങ്ങളില്‍ അദ്ദേഹം നന്നായി കൈകാര്യം ചെയ്തു. ഒരു എക്‌സ്ട്രാ ഓര്‍ഡിനറി ആക്ടറാണ് അദ്ദേഹം. വളരെ ജെന്യൂവിന്‍ പേഴ്‌സണാണ്. ചില ക്യാരക്ടേഴ്‌സൊക്കെ പ്രത്യേകിച്ച് ലൂസിഫറിലെ വേഷമൊക്കെ അദ്ദേഹമല്ലാതെ ആരെങ്കിലും ചെയ്യുന്നത് നമുക്ക് ആലോചിക്കാന്‍ കൂടി സാധിക്കില്ല. വളരെ ചെറിയ സമയം കൊണ്ട് ആ ചിത്രത്തിലെ വലിയ ഡയലോഗൊക്കെ അയാള്‍ ഗ്രാസ്പ് ചെയ്ത് അവതരിപ്പിക്കുകയായിരുന്നു. പൃഥ്വിരാജും അങ്ങനെത്തന്നെയാണ്. ഒരു സീന്‍ കണ്ട് കഴിഞ്ഞാല്‍ അതിങ്ങനെ സ്‌കാന്‍ ചെയ്ത് വെക്കും (ചിരിക്കുന്നു) പിന്നെ സ്‌ക്രിപ്റ്റവിടെ മാറ്റിവെക്കുന്നു. പിന്നെ അത് ഡെലിവര്‍ ചെയ്യുന്നു എന്നുള്ളതാണ്. ഭയങ്കര അതിശയം തോന്നിപ്പോകും.

  • ദൃശ്യം കരിയറിലെ ഒരു മൈല്‍സ്‌റ്റോണ്‍ ആയിരുന്നു.?

വളരെ നല്ല സ്‌ക്രിപ്റ്റായിരുന്നു അത്. ഞാന്‍ കഥ ആദ്യമേ കേട്ടിരുന്നു. ജിത്തുവിന്റെ ഒരു സുഹൃത്തായ അന്‍സാര്‍ ഖാനാണ് അതിന്റെ കഥ എന്നോട് ആദ്യമേ പറയുന്നത്. ഞാന്‍ ജിത്തുവിനെ പരിചയപ്പെടുന്നതിന് മുമ്പ് അദ്ദേഹം എന്നോട് ‘ ഇങ്ങനെയൊരു സിനിമയുണ്ട് മച്ചാ കിടിലവാ..’ എന്നൊക്കെ പറഞ്ഞിട്ട് കഥ പറഞ്ഞു. എനിക്കപ്പോള്‍തന്നെ തോന്നി ഇതുപോലെയൊക്കെയുള്ള സിനിമയാണ് നമ്മളൊക്കെ ചെയ്യേണ്ടത് എന്ന്. ആരെങ്കിലുമൊക്കെ ഈ സിനിമ ചെയ്യുമ്പോള്‍ നമ്മളെയൊക്കെ വിളിക്കണേ എന്നാലോചിച്ചുപോയിട്ടുണ്ട്.

  • സുജിത്തേട്ടന്റെ ഓരോ സിനിമയും നോക്കിയാല്‍ ഓരോ വൈവിധ്യം കാണാം.. ചിത്രത്തിന്റെ ലൈറ്റിംഗ് പാറ്റേണാവാം, ക്യാമറാ വര്‍ക്കാവാം.. എങ്ങനെയാണത്..?

ഒരു സിനിമയും ഒരുപോലിരിക്കരുത്. നമ്മളുടെ മാര്‍ജിന്‍ ഒരാളും തീരുമാനിക്കാന്‍ പാടില്ല. അത് ഞാന്‍ ഇപ്പോഴും ഫോളോ ചെയ്യുന്നുണ്ട്.

.അമര്‍ അക്ബര്‍ അന്തോണി ഒരു മുഴുനീള കോമഡി ചിത്രമാണ്. അപ്പോള്‍ ചിത്രത്തിന്റെ ദൃശ്യത്തില്‍ നര്‍മ്മം ചാലിച്ച് ചേര്‍ക്കുക എന്ന് പറയുന്നത് ക്യാമറാമാന് കുറച്ച്കൂടെ അധ്വാനമുള്ളതാണോ.?

തീര്‍ച്ചയായും. ഒരു സാധാരണ കോമഡി ചിത്രമല്ലാതെ എങ്ങനെ നമുക്ക് വിഷ്വലി ട്രീറ്റ് ചെയ്യാമെന്ന് ചിന്തിക്കണം. അതില്‍ വസ്ത്രങ്ങളുടെ കളര്‍ കോമ്പിനേഷന്‍ പ്രധാനമാണ്. ചേരിയിലാണ് അമര്‍ അക്ബര്‍ അന്തോണി ഷൂട്ട് ചെയ്യുന്നത്. ചേരി കാണിക്കണമെങ്കില്‍ വേറൊരു തരത്തിലുള്ള രസകരമായ കളറിലേക്ക് നമ്മള്‍ പോകണം. അപ്പോഴെ ചേരിയുടെ പൂര്‍ണ്ണത ചിത്രത്തില്‍ വരൂ. ഗോള്‍ഡന്‍ ബ്രൗണിലൊക്കെയുള്ള ഒരു ലൈറ്റിംഗ് ഫീലായിരുന്നു ചിത്രത്തിന് കൊടുത്തിരുന്നത്.

  • സുജിത്ത് വാസുദേവ് എന്ന ടെക്‌നീഷ്യന്‍ ശ്രദ്ധേയമായ നിരവധി ചിത്രങ്ങളില്‍ ഭാഗമായി. പക്ഷെ ഇതിന് മുന്‍പ് അസിസ്റ്റന്റ് ക്യാമറാമാനായും ക്യാമറാ സഹായിയായും വര്‍ക്ക് ചെയ്‌തൊരു കാലവും ഉണ്ട്. അന്നത്തെ അനുഭവങ്ങളെക്കുറിച്ച്..?

ഞാനത് എപ്പോഴും ഓര്‍ക്കാറുണ്ട്. വന്ന വഴി മറക്കരുതല്ലോ.. സിനിമയിലേയ്ക്ക് വരണമെന്നുള്ളത് എന്റെ കുറേകാലമായുള്ള ആഗ്രഹമായിരുന്നു. ഡിഗ്രി കഴിഞ്ഞ് എനിക്ക് ഒരു ടെലിവിഷന്‍ സ്റ്റുഡിയോയിലേയ്ക്ക് ചാന്‍സ് കിട്ടി. ഞാനന്ന് അമേച്വര്‍ നാടകങ്ങളിലൊക്കെ അഭിനയിക്കുമായിരുന്നു. ഒപ്പം സുഹൃത്തുക്കളുടെ നാടകങ്ങള്‍ക്ക് ലൈറ്റ് ചെയ്യും, ഡ്രാമ പഠിപ്പിക്കും അങ്ങനെ കുറച്ച് കാര്യങ്ങളുമായിട്ടൊക്കെ നടക്കുമായിരുന്നു. അങ്ങനെയാണ് ഈ സ്റ്റുഡിയോയിലേക്ക് അവസരം കിട്ടുന്നത്. പിന്നീട് അവിടുന്ന് പലതരത്തിലുള്ള സീരിയല്‍സും ന്യൂസ് കവറേജുകളുമായിട്ടെല്ലാം രസകരമായിട്ട് മുന്നോട്ട് പോയി.

  • ആ യാത്രയിലാണോ മഞ്ജുപിള്ള ജീവിതത്തിലേക്ക് വരുന്നത്..?

അതെ.. ഒരു സിനിമ ചെയ്തിട്ടേ കല്ല്യാണം കഴിക്കൂ എന്ന് പറഞ്ഞിരുന്ന ആളാണ് ഞാന്‍. 30ാം വയസ്സില്‍ സിനിമ ചെയ്യണം, അതിന് ഇത്ര വയസ്സില്‍ ഞാന്‍ കഷ്ടപ്പടണം എന്നൊക്ക ടാര്‍ഗറ്റ് വെച്ചിരുന്നൊരു സയമമൊക്കെ ഉണ്ടായിരുന്നു എനിക്ക്. 29 വയസ്സാവുമ്പോഴേക്കും സീരിയല്‍ ചെയ്ത് തുടങ്ങി. ഞാന്‍ ക്യാമറാ അസിസ്റ്റന്റ് ആയിരിക്കുന്ന സമയത്തേ മഞ്ജുവിനെ അറിയാം. അന്ന് ജസ്റ്റ് അറിയാം എന്നേയുള്ളു. പിന്നെ എങ്ങനെയൊക്കെയോ അടുത്തു.

  • വിവാഹം കഴിഞ്ഞിട്ടും കുറച്ച് വര്‍ഷം കഴിഞ്ഞതിന് ശേഷമല്ലെ ഒരു സ്വതന്ത്ര ഛായാഗ്രാഹകനാവുന്നത്…?

കല്ല്യാണം കഴിഞ്ഞാല്‍ നമുക്ക് ചെറിയൊരു സാമ്പത്തിക ബാധ്യത ഉണ്ടാവുമല്ലോ.. ഫാമിലി നോക്കണം, ഉത്തരവാദിത്തങ്ങളായി. മഞ്ജു അന്ന് വര്‍ക്ക് ചെയ്യുന്നുണ്ട്. സിനിമ ചെയ്യണം എന്ന ആഗ്രഹം മഞ്ജുവിനോട് പറഞ്ഞപ്പോള്‍ അവള്‍ പറഞ്ഞു പോയി ട്രൈ ചെയ്യൂ എന്തായാലും ഇവിടെയൊരു സ്‌പേസ് ഉണ്ടല്ലോ എന്ന്.. അങ്ങനെയാണ് സിനിമ ചെയ്യുന്നത്.

  • ദേഷ്യക്കാരനാണെന്ന് സഹപ്രവര്‍ത്തകരൊക്കെ പറയുന്നത് ശരിയാണോ..?

വളരെ നന്നായിട്ട് ദേഷ്യം വരും. ഞാന്‍ ജീവിതത്തില്‍ ദേഷ്യപ്പെടാറില്ല. ആരെങ്കിലും ഇങ്ങോട്ട് ചീത്ത വിളിച്ചാല്‍പ്പോലും രണ്ട് സെക്കന്റ് ആലോചിച്ചിട്ടേ മറുപടി കൊടുക്കാറുള്ളു. പക്ഷെ പ്രൊഫഷനില്‍ എനിക്കത് ബുദ്ധിമുട്ടാണ്. നമ്മള്‍ കാരണം പ്രൊജക്ടിന് ഒരു അബദ്ധവും വരരുതെന്ന ആഗ്രഹമുണ്ട് എനിക്ക്. അതിന് വേണ്ടിയിട്ട് ഞാന്‍ എന്തും ചെയ്യും.

  • ആദ്യ സംവിധാന സംരഭമായ ജെയിംസ് ആന്റ് ആലീസ് നല്‍കിയ ഒരനുഭവം..?

ബോക്‌സ് ഓഫീസില്‍ ആ ചിത്രത്തിന് കുറച്ച് പരിമിധി ഉണ്ടായിരുന്നു. അതിന്റ കാരണമായിട്ട് എല്ലാവരും പറഞ്ഞത് പൃഥ്വിരാജും സുജിത്തും കൂടി ചെയ്യുന്ന സിനിമ ഒരു ത്രില്ലര്‍ ടൈപ്പാവുമെന്ന് ഞങ്ങള്‍ വിശ്വസിച്ചു.. പക്ഷെ ഞങ്ങള്‍ക്ക് കിട്ടിയത് വേറൊരു തരം സിനിമയാണ്, ചിത്രത്തില്‍ പ്രണയം കണ്ടില്ല, പകരം ഫിലോസഫിക്കലായിട്ടുള്ള കാര്യങ്ങളാണ് കിട്ടിയത് എന്നാണ്. ശരിയാണ് അത് വേറൊരു തരം സിനിമയാണ്. പക്ഷെ ആ സിനിമ ടിവിയില്‍ വരുമ്പോള്‍ മിനിമം മൂന്ന് പേരെങ്കിലും ഇന്നും വിളിക്കും. അതൊരു സന്തോഷമാണ്.

  • ലൂസിഫറിന്റെ ലൊക്കേഷനെക്കുറിച്ച്..?

ലൊക്കേഷന്റെ ക്രെഡിറ്റ് ഞാന്‍ ഏറ്റവും കൂടുതല്‍ കൊടുക്കുന്നത് വാവ എന്ന അസോസിയേറ്റ് ഡയറക്ടര്‍ക്കാണ്. ചിത്രത്തിലുള്ള പള്ളിയെ കണ്ട്പിടിക്കാനായിട്ട് വാവയും ആര്‍ട്ട് ഡയറക്ടറും ചേര്‍ന്ന് പതിനഞ്ച് ദിവസത്തോളം അന്വേഷണം നടത്തിയിട്ടുണ്ട്. ചിത്രത്തിലെ പല സ്ഥലങ്ങളും ഒരുപാട് ദിവസത്തോളം അന്വേഷിച്ചിട്ടാണ് കിട്ടിയത്.