“ഞാൻ ചെയ്തതിൽ ഏറ്റവും മികച്ച തിരക്കഥ ദൃശ്യം ഒന്നാം ഭാഗത്തിന്റേത്, രണ്ടിലും മൂന്നിലും ഒഴിവാക്കപ്പെട്ടതിൽ വിഷമമില്ല”; സുജിത് വാസുദേവ്

','

' ); } ?>

താൻ ഷൂട്ട് ചെയ്‌തതിൽ ഏറ്റവും മികച്ച തിരക്കഥ ദൃശ്യം ഒന്നാം ഭാഗത്തിന്റേതാണ് തുറന്നു പറഞ്ഞ് ഛായാഗ്രാഹകൻ സുജിത് വാസുദേവ്. ദൃശ്യത്തിന്റെ ആദ്യ ഭാഗത്തിൻ്റെ ഛായാഗ്രാഹകൻ ‘ദൃശ്യം’ രണ്ടിലും മൂന്നിലും ഒഴിവാക്കപ്പെട്ടതിൽ വിഷമമില്ലെന്നും, ദൃശ്യത്തിനും ലൂസിഫറിനും ശേഷമാണ് തമിഴിൽ നിന്നും തെലുങ്കിൽ നിന്നും കൂടുതൽ വിളികൾ വന്നു തുടങ്ങിയതെന്നും സുജിത് പറഞ്ഞു. കൂടാതെ മലയാള സിനിമയ്ക്ക് കുറേകൂടി വലിപ്പം ഉണ്ടെന്നു കാണിച്ചു കൊടുക്കാൻ പറ്റിയ സിനിമയാണ് ‘ലൂസിഫറെന്നും’, ദൃശ്യത്തിന്റെ തമിഴ് പതിപ്പ് ചിത്രീകരണ സമയത്ത് തനിക്ക് മാനസികമായി അസഹിഷ്ണുത ഉണ്ടാക്കിയെന്നും സുജിത് കൂട്ടിച്ചേർത്തു. സിനിമയിൽ പതിനഞ്ച് വർഷം പിന്നിടുന്ന വേളയിൽ മനോരമ ഓൺലൈനിൻ്റെ സോൾ സൈഡ് അഭിമുഖ പരമ്പരയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാൻ ഷൂട്ട് ചെയ്‌തതിൽ ഏറ്റവും മികച്ച തിരക്കഥ ദൃശ്യം ഒന്നാം ഭാഗത്തിന്റേതാണ്. മലയാള സിനിമയ്ക്ക് കുറേകൂടി വലിപ്പം ഉണ്ടെന്നു കാണിച്ചു കൊടുക്കാൻ പറ്റിയ സിനിമയാണ് ‘ലൂസിഫർ’. ഛായാഗ്രഹകൻ എന്ന നിലയിൽ രണ്ടും രണ്ടു തരത്തിലുള്ള അനുഭവങ്ങൾ ആയിരുന്നു. ദൃശ്യത്തിനും ലൂസിഫറിനും ശേഷമാണ് തമിഴിൽ നിന്നും തെലുങ്കിൽ നിന്നും കൂടുതൽ വിളികൾ വന്നു തുടങ്ങിയത്. ദൃശ്യത്തിന്റെ ആദ്യ ഭാഗത്തിൻ്റെ ഛായാഗ്രാഹകൻ ‘ദൃശ്യം’ രണ്ടിലും മൂന്നിലും ഒഴിവാക്കപ്പെട്ടതിൽ വിഷമമില്ല. ദൃശ്യത്തിൻ്റെ ആദ്യ ഭാഗം ചെയ്യാൻ കഴിഞ്ഞത് അഭിമാനത്തോടെ ഓർക്കുന്നു. എന്നെക്കാൾ കഴിവുള്ളൊരാൾ അടുത്ത ഭാഗം ചെയ്യണമെന്നത് അവരുടെ കംഫോർട് ആയിരിക്കാം, അതിൽ സങ്കടപ്പെട്ടിട്ട് കാര്യമില്ല.”സുജിത് വാസുദേവ് പറഞ്ഞു.

‘ദൃശ്യ’ത്തിന്റെ തമിഴ്, കമൽഹാസനെ നായകനാക്കിയ ‘പാപനാസം’ ഷൂട്ട് ചെയ്ത‌തിലെ പോരായ്‌മ മലയാളം ‘ദൃശ്യം’ ഷൂട്ട് ചെയ്ത അതേ വീട്ടിൽ തന്നെ ഷൂട്ട് ചെയ്യേണ്ടി വന്നതായിരുന്നു. അപ്രതീക്ഷിതമായി തിരുനെൽവേലിയിലുണ്ടായ വെള്ളപ്പൊക്കം കാരണം തൊടുപുഴയിലെ വീട്ടിൽ തന്നെ തമിഴും ചെയ്യേണ്ടി വന്നപ്പോൾ പ്ലാൻ ചെയ്‌തത് പോലെ വ്യത്യസ്ത‌മായി ചിത്രീകരിക്കാൻ കഴിയാഞ്ഞത് എനിക്ക് മാനസികമായി അസഹിഷ്ണുത ഉണ്ടാക്കി. പൃഥ്വിരാജ് എന്ന സംവിധായകനൊപ്പം വർക്ക് ചെയ്തിൽ വെല്ലുവിളി ഇല്ലായിരുന്നു. കാരണം എന്ത് വേണം എന്താണ് വേണ്ടാത്തത് എന്നത് പൃഥ്വിരാജിന് കൃത്യമായി ധാരണ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ വിഷനനുസരിച് നമ്മൾ എത്തിപ്പെടുക എന്നതായിരുന്നു വെല്ലുവിളി . ഇനി വരാനിരിക്കുന്ന സിനിമകളിലും ചില പുതിയ പാറ്റേണുകൾ അദ്ദേഹം കൊണ്ടുവരും. അദ്ദേഹത്തിന്റെ ആ വിഷന്റെ കൂടെ നിൽക്കുക എന്നതാണ് വെല്ലുവിളി.”സുജിത് വാസുദേവ് കൂട്ടിച്ചേർത്തു.

കഴിഞ്ഞ വർഷം മലയാളത്തിൽ റിലീസ് ചെയ്‌ത ഏറ്റവും ബജറ്റ് കൂടിയ സിനിമയായ ‘എമ്പുരാൻ’ ചിത്രീകരിച്ച ഛായാഗ്രാഹകനാണ് സുജിത് വാസുദേവ്. പ്രേക്ഷക വോട്ടിങ്ങിലൂടെ മലയാള മനോരമ തിരഞ്ഞെടുത്ത കഴിഞ്ഞ 25 വർഷത്തെ 25 ജനപ്രിയ സിനിമകളിൽ സുജിത് വാസുദേവ് ചിത്രീകരിച്ച ‘ദൃശ്യ’വും ‘ലൂസിഫറും’ ഉണ്ട്.