‘ഞാന്‍ നിന്നെ ഒരുപാട് മിസ്സ് ചെയ്യുന്നു ബാലാ’..പിറന്നാള്‍ ആശംസയുമായി സ്റ്റീഫന്‍ ദേവസി

വാഹനാപകടത്തില്‍ അന്തരിച്ച പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കറിന് 41ാംപിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് സുഹൃത്തും സംഗീത സംവിധായകനുമായ സ്റ്റീഫന്‍ ദേവസ്സി. ബാലഭാസ്‌ക്കറിനെ ഒരുപാട് മിസ്സ് ചെയ്യുന്നെന്ന് കുറിച്ചാണ് സ്റ്റീഫന്റെ പിറന്നാള്‍ ആശംസ.

‘പിറന്നാള്‍ ആശംസകള്‍ ബാലാ. നമ്മള്‍ പങ്കിട്ട ഓര്‍മ്മകള്‍ ഞാന്‍ എപ്പോഴും ഓര്‍ക്കുന്നു. നമ്മുടെ തമാശകളും ചിരികളും. നീയെന്നും എനിക്ക് പ്രിയപ്പെട്ടവനായിരുന്നു, അത് ഇനിയും അങ്ങനെ ആയിരിക്കും. ഞാന്‍ നിന്നെ ഒരുപാട് മിസ്സ് ചെയ്യുന്നു സുഹൃത്തേ,’ സ്റ്റീഫന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. സ്റ്റീഫനും ബാലുവും ഡ്രമ്മര്‍ ശിവമണിയും കെട്ടിപ്പിടിച്ചു നില്‍ക്കുന്ന ചിത്രവും പോസ്റ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.

അടുത്ത സുഹൃത്തുക്കളായ സ്റ്റീഫനും ബാലഭാസ്‌കറും ഇന്ത്യയിലും വിദേശത്തുമായി നിരവധി സംഗീത പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ സെപ്റ്റംബര്‍ 25ന് പുലര്‍ച്ചെ പള്ളിപ്പുറത്തു വെച്ച് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ മരത്തിലിടിച്ച് ഉണ്ടായ അപകടത്തെ തുടര്‍ന്നാണ് ബാലഭാസ്‌കറും കുഞ്ഞും മരിക്കുന്നത്. മാസങ്ങള്‍ നീണ്ട ആശുപത്രി വാസത്തിനൊടുവിലാണ് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്.