
അന്തരിച്ച നടനും മിമിക്രി കലാകാരനുമായ കലാഭവൻ നവാസിനെ അനുസ്മരിച്ച് താരങ്ങളും സഹപ്രവർത്തകരും. ‘പ്രിയ സുഹൃത്തേ… ഒരുപാട് വേദനിക്കുന്ന വേർപാട്. പ്രണാമം’എന്നാണ് സമൂഹമാധ്യമത്തിൽ പോസ്റ്റ് പങ്കുവെച്ച് കൊണ്ട് നടൻ ജയറാം പ്രതികരിച്ചത്. നവാസിനൊപ്പമുള്ള ചിത്രവും ജയറാം പങ്കുവെച്ചിട്ടുണ്ട്. ‘നവാസിന്റെ മരണം സ്വപ്നത്തിൽപ്പോലും ചിന്തിക്കാൻ കഴിയാത്ത കാര്യമാണെന്നും ,നന്നായി ആരോഗ്യം നോക്കുന്നയാളായിരുന്നുവെന്നും നടൻ നാദിർഷ പ്രതികരിച്ചു.
ആരോഗ്യം നോക്കി, ശ്രദ്ധിച്ച് ജീവിക്കുന്ന ഒരാൾക്ക് പെട്ടെന്നിങ്ങനെ സംഭവിച്ചുവെന്ന് കേൾക്കുമ്പോൾ വിശ്വസിക്കാൻ കഴിയുന്നില്ലെന്നാണ് നടൻ കലാഭവൻ റഹ്മാൻ പറഞ്ഞത്. കൂടാതെ എല്ലാ ദിവസവും സംസാരിക്കുന്നവരാണെന്നും എന്താണ് പറയേണ്ടതെന്ന് അറിയില്ലെന്നും ഇപ്പോൾ വല്ലാത്ത അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്നും റഹ്‌മാൻ കൂട്ടിച്ചേർത്തു.
ഇന്നലെ ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിലാണ് നവാസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹോട്ടൽ ജീവനക്കാർ വാതിൽ തുറന്നു അകത്ത് കയറിയപ്പോൾ നവാസ് നിലത്തു കിടക്കുന്ന നിലയിലായിരുന്നു. പ്രകമ്പനം എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് ചോറ്റാനിക്കരയിൽ എത്തിയത്. സിനിമയുടെ ചിത്രീകരണം രണ്ട് ആഴ്ചയായി ചോറ്റാനിക്കരയിൽ പുരോഗമിക്കുകയാണ്. വെള്ളിയാഴ്ച നവാസിന്റെ ഷെഡ്യൂൾ പൂർത്തിയായിരുന്നു. അതിനുശേഷം, വീട്ടിലേക്ക് മടങ്ങാനിരിക്കെയാണ് നവാസിന്റെ മരണവാർത്ത പുറത്തുവന്നത്. മൃതദേഹം അപ്പോൾ തന്നെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. അദ്ദേഹത്തിന്റെ പോസ്റ്റ്മോർട്ടം നടന്നു കൊണ്ടിരിക്കുകയാണ്.
മിമിക്രി വേദികളിലൂടെയാണ് നവാസ് മലയാളികൾക്ക് സുപരിചിതനാകുന്നത്. കലാഭവൻ മിമിക്രി ട്രൂപ്പിൽ അംഗമായിരുന്നു. സഹോദരൻ നിയാസ് ബക്കറിനൊപ്പവും അദ്ദേഹം നിരവധി ഷോകളുടെ ഭാഗമായിട്ടുണ്ട്.
1995-ൽ ചൈതന്യം എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ജൂനിയർ മാൻഡ്രേക്ക്, അമ്മ അമ്മായിയമ്മ, മീനാക്ഷി കല്യാണം, മാട്ടുപ്പെട്ടി മച്ചാൻ, ചന്ദാമാമ, മൈ ഡിയർ കരടി, വൺമാൻ ഷോ, വെട്ടം, ചട്ടമ്പിനാട്, കോബ്ര, എബിസിഡി, മൈലാഞ്ചി മൊഞ്ചുള്ള വീട്, മേരാ നാം ഷാജി എന്നിവയാണ് പ്രധാന ചിത്രങ്ങൾ. ഡിറ്റക്റ്റീവ് ഉജ്ജ്വലൻ ആണ് അവസാനമായി തിയേറ്ററിലെത്തിയ ചിത്രം.
നടനും നാടക കലാകാരനുമായിരുന്ന അബൂബക്കർ ആണ് നവാസിന്റെ പിതാവ്. നടി രഹ്ന നവാസ് ആണ് ഭാര്യ. 2002-ലാണ് ഇരുവരും വിവാഹിതരാകുന്നത്. മക്കൾ: നഹറിൻ, റിദ്വാൻ, റിഹാൻ.