ധര്‍മ്മപുരിയിലെ നായികയായി അങ്കമാലി താരം ശ്രുതി ജയന്‍ തെലുങ്കിലേക്ക്…

','

' ); } ?>

മലയാളി നടിയും നര്‍ത്തകിയുമായി ശ്രുതി ജയന്‍ പ്രധാന കഥാപാത്രമായെത്തുന്ന തെലുങ്ക് വെബ് സീരീസിന് തെന്നിന്ത്യയില്‍ മികച്ച സ്വീകരണം. ‘ഗോഡ്‌സ് ഓഫ് ധര്‍മ്മപുരി'(G.O.D) എന്ന പേരില്‍ പുറത്തിറങ്ങിയ വെബ് സീരീസില്‍ ‘സരോജ’ എന്ന കഥാപാത്രമായാണ് ശ്രുതിയെത്തുന്നത്. ചിത്രത്തിന് വേണ്ടി 25 വയസ്സില്‍ നിന്നും 45 വയസ്സുള്ള മധ്യവയസ്‌കയുടെ വേഷത്തിലേക്ക് ശ്രുതി രൂപമാറ്റം നടത്തിയിരുന്നു. സി5 ഒറിജിനല്‍സിന്റെ ചാനലിലൂടെ പുറത്തിറങ്ങുന്ന വെബ് സീരിസിലെ പത്തോളം എപ്പിസോഡുകളാണ് ഇതുവരെ റിലീസ് ചെയ്തിരിക്കുന്നത്. തെലുങ്ക് സംവിധായകനും അഭിനേതാവുമായ അനീഷ് കുരുവിളയാണ് ഗോഡ്‌സ് ഓഫ് ധര്‍മ്മപുരിയുടെ സംവിധായകന്‍. സീരീസിന്റെ പ്രീമിയര്‍ ലോഞ്ചിലെ ദൃശ്യങ്ങള്‍ ശ്രുതി നേരത്തെ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരുന്നു.

1970കളില്‍ ദാരിദ്ര്യത്തിന്റെ തീക്ഷ്ണതയറിഞ്ഞ് പിന്നീട് ധനികരായി മാറുന്ന ഒരു കുടുംബത്തിലെ സംഭവവികാസങ്ങളെപ്പറ്റിയാണ് സീരീസ് പറഞ്ഞു പോകുന്നത്. കന്നഡ താരം രാജ് ദീപക് ഷെട്ടി, തെലുങ്ക് താരങ്ങളായ സത്യദേവ് കണ്‍ചരണ, ജഗദീഷ് പ്രതാപ് ബന്ധാരി, കാര്‍ത്തിക് രത്‌നം, ബാല ആദിത്യ, എല്‍ ബി ശ്രീറാം എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ ശ്രുതി, പിന്നീട് ജൂണ്‍, സത്യം പറഞ്ഞാ വിശ്വസിക്കുവോ എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.