സി ബി ഐ അഞ്ചാം ഭാഗം : ഔദ്യോഗിക പ്രഖ്യാപനം ഉടന്‍..

കെ മധു-എസ് എന്‍ സ്വാമി കൂട്ടുകെട്ടില്‍ മലയാളത്തിലൊരുങ്ങിയ എക്കാലത്തെയും സൂപ്പര്‍ ഹിറ്റ് പരമ്പരയായ സി ബി ഐ ഡയറിക്കുറിപ്പിന്റെ അഞ്ചാം ഭാഗത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാവുമെന്ന് അണിയറപ്രവര്‍ത്തകര്‍. ആദ്യ ചിത്രങ്ങളുടെ തിരക്കഥയെഴുതിയ പ്രശസ്ത തിരക്കഥാകൃത്ത് എസ് എന്‍ സ്വാമിയും സംവിധായകന്‍ മധുവും വീണ്ടുമൊന്നിക്കുമ്പോള്‍ ചിത്രത്തിനായുള്ള കാത്തിരിപ്പ് ഇരട്ടിക്കുകയാണ്. സ്വര്‍ഗ്ഗ ചിത്ര അപ്പച്ഛനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ അഞ്ചാം ഭാഗം ഒരുങ്ങുന്നതിനേക്കുറിച്ച് എസ് എന്‍ സ്വാമി സെല്ലുലോയ്ഡിന് നല്‍കിയ അഭിമുഖത്തില്‍ നേരത്തെ സൂചിപ്പിച്ചിരുന്നു. പ്രേക്ഷകരുടെ പ്രിയപ്പെട്ട സേതുരാമയ്യറായി മമ്മൂട്ടി വീണ്ടും വെള്ളിത്തിരിയിലെത്തുന്നതിന്റെ കാത്തിരിപ്പിലാണ് സിനിമാപ്രേമികള്‍.

നിലവില്‍ ഷൈലോക് എന്ന ചിത്രത്തിന്റെ ചിത്രീകരണം പുര്‍ത്തിയാക്കിയ താരം ഇപ്പോള്‍ വണ്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് തിരക്കുകളിലാണ്. അടുത്ത വര്‍ഷം ആദ്യ മാസത്തോടെ വണ്ണിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയ ശേഷം സിബി ഐയുടെ ചിത്രീകരണം ആരംഭിക്കാനാണ് നിര്‍മ്മാതാക്കള്‍ ലക്ഷ്യമിടുന്നത്. മൂന്നുവര്‍ഷത്തോളം നീണ്ട രചനയ്ക്ക് ശേഷമാണ് എസ് എന്‍ സ്വാമി സി ബി ഐ പരമ്പരയിലെ അവസാന ചിത്രത്തിനായി തിരക്കഥ പൂര്‍ത്തിയാക്കിയിരിക്കുന്നത്.