എന്നെ ദൃഢമായി അദ്ദേഹത്തിന്റെ ശരീരത്തോടു ചേര്‍ത്ത് പിടിച്ചു…അര്‍ജ്ജുനെതിരെ വെളിപ്പെടുത്തലുമായി മലയാളി നടി

തമിഴ് നടന്‍ അര്‍ജ്ജുനെതിരെ വെളിപ്പെടുത്തലുമായി മലയാളി യുവനടി ശ്രുതി ഹരിഹരന്‍. 2017ല്‍ പുറത്തിറങ്ങിയ, അരുണ്‍ വൈദ്യനാഥന്‍ സംവിധാനം ചെയ്ത നിബുണന്‍ എന്ന തമിഴ് സിനിമയുടെ ചിത്രീകരണത്തിനിടെ അര്‍ജ്ജുന്‍ തന്നോട് മോശമായി പെരുമാറിയെന്നാണ് ശ്രുതി ആരോപിക്കുന്നത്. ലൊക്കേഷനില്‍ അന്‍പതോളം പേരടങ്ങുന്ന അണിയറപ്രവര്‍ത്തകരുടെ മുന്നിലാണ് സംഭവം നടന്നതെന്ന് ശ്രുതി പറയുന്നു.’അര്‍ജുന്‍ സര്‍ജ നായകനായ ദ്വിഭാഷാ ചിത്രത്തിന്റെ ചിത്രീകരണത്തിലായിരുന്നു ഞാന്‍. അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ കണ്ടു വളര്‍ന്ന ഒരാളാണ് ഞാന്‍. അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരത്തില്‍ ഞാന്‍ വളരെയധികം ആവേശഭരിതയായിരുന്നു. ആദ്യ കുറച്ചു ദിവസങ്ങള്‍ സാധാരണ പോലെ കടന്നു പോയി. അദ്ദേഹത്തിന്റെ ഭാര്യയായാണ് ഞാന്‍ അഭിനയിക്കുന്നത്. ഒരു ദിവസം ഞങ്ങള്‍ക്കൊരു പ്രേമരംഗം ചിത്രീകരിക്കണമായിരുന്നു’.

‘ചെറിയൊരു സംഭാഷണത്തിനുശേഷം ഞങ്ങള്‍ ആലിംഗനം ചെയ്യുന്ന രംഗമായിരുന്നു അത്. റിഹേഴ്സലിന്റെ സമയത്ത് ഡയലോഗ് പറഞ്ഞ് അര്‍ജ്ജുന്‍ ആലിംഗനം ചെയ്തു. മുന്‍കൂട്ടി പറയുകയോ അനുമതി ചോദിക്കുകയോ ചെയ്യാതെയാണ് അദ്ദേഹം അതു ചെയ്തത്. എന്നെ ദൃഢമായി അദ്ദേഹത്തിന്റെ ശരീരത്തോടു ചേര്‍ത്ത് പിടിച്ച്, ഇതുപോലെ ചെയ്യുന്നത് നല്ലതല്ലേയെന്ന് സംവിധായകനോട് ചോദിച്ചു. ഞാന്‍ ഭയപ്പെട്ടുപോയി’. ശ്രുതി തന്റെ കുറിപ്പില്‍ പറയുന്നു. ‘സിനിമയില്‍ റിയലിസ്റ്റാക്കായി അവതരിപ്പിക്കുന്നതിനോട് പൂര്‍ണ യോജിപ്പുള്ള വ്യക്തിയാണ് ഞാന്‍. പക്ഷേ, ഇക്കാര്യം തീര്‍ത്തും തെറ്റായി തോന്നി. അദ്ദേഹത്തിന്റെ ഉദ്ദേശം പ്രൊഫഷണലായിരിക്കാം. എന്നാല്‍ അദ്ദേഹം ചെയ്തത് ഞാന്‍ വെറുത്തു. അപ്പോഴെന്തു പറയണം എന്നറിയാതെ എനിക്ക് ദേഷ്യം വന്നു. വളര്‍ന്നു വന്ന സാഹചര്യങ്ങളില്‍ പലതവണ ലൈംഗികമായി ഞാന്‍ ഉപദ്രവിക്കപ്പെട്ടിട്ടുണ്ടെന്നും ശ്രുതി വെളിപ്പെടുത്തി.

മോഹന്‍ലാല്‍ ചിത്രം പെരുച്ചാഴിക്ക് ശേഷം അരുണ്‍ സംവിധാനം ചെയ്ത ചിത്രമാണ് നിബുണന്‍. തമിഴ്, കന്നഡ, മലയാളം സിനിമകളിലൂടെ ശ്രദ്ധേയയാണ് ശ്രുതി. മമ്മാസ് ഒരുക്കിയ സിനിമാകമ്പനി എന്ന ചിത്രത്തില്‍ നായികയായി ശ്രുതി വേഷമിട്ടിട്ടുണ്ട്. ദുല്‍ഖര്‍ ചിത്രം സോളോയിലും നായികമാരില്‍ ഒരാള്‍ ശ്രുതിയായിരുന്നു.