ഫെയ്ക്കന്‍മാരെ ജാഗ്രത, ഒറിജിനല്‍ വന്നു…

തന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന വ്യാജപ്രചരണങ്ങള്‍ക്കെതിരേ നടനും സംവിധായകനുമായ ശ്രീനിവാസന്‍. മകന്‍ വിനീതിനോട് സിപിഎമ്മില്‍ ചേരാന്‍ ആവശ്യപ്പെട്ടു എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് ശ്രീനിവാസന്‍ പറഞ്ഞു. തന്റെ പേരില്‍ ആറ് വ്യാജ അക്കൗണ്ടുകള്‍ കണ്ടെത്തിയെന്നും അതിലൂടെ താന്‍ പറയാത്ത പല കാര്യങ്ങളും പ്രചരിപ്പിക്കുന്നുണ്ടെന്നും ശ്രീനിവാസന്‍ പറയുന്നു. ഫേസ്ബുക്കില്‍ ഔദ്യോഗിക അക്കൗണ്ട് തുടങ്ങിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.’ഫെയ്ക്കന്‍മാരെ ജാഗ്രത, ഒറിജിനല്‍ വന്നു..’എന്ന ക്യാപ്ഷനോടെയാണ് ശ്രീനിവാസന്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

‘ഫേസ്ബുക്കില്‍ എനിക്കിത് വരെ അക്കൗണ്ടുകള്‍ ഇല്ല. പക്ഷെ എന്റെ സുഹൃത്തുക്കളുടെ സഹായത്തോടെ എനിക്ക് ആറ് വ്യാജ അക്കൗണ്ടുകള്‍ ഉണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. അതിലൂടെ പല കാര്യങ്ങളും ഞാന്‍ പറഞ്ഞതായി പ്രചരണം നടക്കുന്നുമുണ്ട്. ഉദാഹരണത്തിന് എന്റെ മകന്‍ വിനീതിന് ഞാന്‍ ചില ഉപദേശങ്ങള്‍ നല്‍കിയതായി പറയുന്നു. അതായത് വിനീതിനോട് സി.പി.എമ്മില്‍ ചേരണമെന്ന് ഒരിക്കല്‍ പറഞ്ഞുവെന്നും പിന്നീട് ചേരരുതെന്ന് പിന്നീടൊരിക്കല്‍ പറഞ്ഞുവെന്നും പറയുകയുണ്ടായി. സിപിഎമ്മില്‍ ചേര്‍ന്നാല്‍ അതൊരു ചൂണ്ടയാണെന്നും പറഞ്ഞു പരത്തി.

ഇന്നേവരെ വിനീതിനോട് ഞാന്‍ രാഷ്ട്രീയം സംസാരിച്ചിട്ടില്ല. കാരണം ഓരോരുത്തര്‍ക്കും പ്രായപൂര്‍ത്തിയാവുമ്പോള്‍ ലോകത്ത് നടക്കുന്നത് എന്താണെന്ന് തിരിച്ചറിയാനുള്ള കഴിവുണ്ട്. ഉണ്ടാവണം. വിനീതിന് അങ്ങനെ ഒരു കഴിവുണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. വിനീതിന് മാത്രമല്ല തങ്ങളുടെ നിലപാടുകളും താല്‍പ്പര്യങ്ങളും പുറത്തു പറയാന്‍ താല്‍പ്പര്യമില്ലാത്തവര്‍ക്ക് പോലും അവര്‍ക്ക് പറയാനുള്ള കാര്യങ്ങളെ കുറിച്ച് വ്യക്തമായ ധാരണയുണ്ടാകും.

അതുകൊണ്ട് എന്റെ ഉപദേശമോ അഭിപ്രായമോ ആര്‍ക്കും ആവശ്യമില്ല. അങ്ങനെ ഞാന്‍ ആരേയും ഉപദേശിക്കാറില്ല. ലോകത്തിലെ ഏറ്റവും വൃത്തികെട്ട പരിപാടിയാണ് ഉപദേശമെന്ന് എനിക്കറിയാം. എന്നെ പറ്റി ഈ വ്യാജ അക്കൗണ്ടുകളില്‍ എഴുതുന്നവര്‍ക്ക് ആ സത്യം അറിയില്ലായിരിക്കും. അവര്‍ ഇനിയെങ്കിലും അത് മനസിലാക്കണം. ശ്രീനിവാസന്‍ പാട്യം ബ്രാക്കറ്റില്‍ ശ്രീനി എന്ന് പറയുന്ന അക്കൗണ്ട് ഔദ്യോഗികമായി ഞാന്‍ തുടങ്ങിയിരിക്കുകയാണ്. പാട്യം എന്റെ നാടാണ്. അതിലൂടെ എനിക്ക് പറയാനുള്ള ഉപദേശമല്ലാത്ത കാര്യങ്ങള്‍ പറയാന്‍ ഞാന്‍ ശ്രമിക്കുകയാണ്’., ശ്രീനിവാസന്‍ പറയുന്നു.