പാലക്കാട് മെഡിക്കല്‍ കോളേജില്‍ നടന്ന പരിപാടിക്കിടെ നടന്‍ ബിനീഷ് ബാസ്റ്റിനെ സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്‍ അപമാനിച്ച സംഭവം വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. ബിനീഷ് ബാസ്റ്റിന് പിന്തുണയുമായി നിരവധി ചലച്ചിത്ര സാംസ്‌കാരിക പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ സംഭവത്തില്‍ പ്രതികരണവുമായി സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി രംഗത്തെത്തിയിരിക്കുകയാണ്. മലയാള സിനിമയില്‍ വര്‍ഗീയതയുണ്ടെന്നു പറഞ്ഞാല്‍ താന്‍ അതിനെ എതിര്‍ക്കുമെന്നാണ് അദ്ദേഹം പറയുന്നത്. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ശ്രീകുമാരന്‍ തമ്പി തന്റെ നിലപാട് വ്യക്തമാക്കിയത്.
ശ്രീകുമാരന്‍ തമ്പിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
മലയാള സിനിമയില്‍ വര്‍ഗ്ഗീയതയുണ്ടെന്നു പറഞ്ഞാല്‍ ഞാന്‍ എതിര്‍ക്കും. പേരിന്റെ കൂടെ മേനോന്‍, പിള്ള, നായര്‍ എന്നൊക്കെയുള്ളവര്‍ വര്‍ഗ്ഗീയ വാദികള്‍ ആണെങ്കില്‍ സത്യന്‍, പ്രേംനസീര്‍, യേശുദാസ് മുതലായവര്‍ മലയാള സിനിമയില്‍ ഔന്നത്യത്തില്‍ എത്തുമായിരുന്നില്ല.
മുസ്ലിങ്ങള്‍ മാത്രം സഹായിച്ചതുകൊണ്ടാണോ പ്രേംനസീറും മമ്മൂട്ടിയും ഒന്നാം സ്ഥാനത്ത് എത്തിയത്? ക്രിസ്ത്യാനികള്‍ മാത്രം സഹായിച്ചതു കൊണ്ടാണോ യേശുദാസ് ഗാനഗന്ധര്‍വ്വനായത്? ജാതിയും മതവുമല്ല, പ്രതിഭയും അര്‍പ്പണബോധവുമാണ് പ്രധാനം. ഇതു രണ്ടുമില്ലാത്തവര്‍ വേഷം കെട്ടിയതുകൊണ്ടോ നാടകം കളിച്ചതു കൊണ്ടോ ഒന്നും നേടാന്‍ പോകുന്നില്ല.
മനുഷ്യനെ അറിയുക; മനുഷ്യത്വത്തില്‍ വിശ്വസിക്കുക. സ്വന്തം കഴിവില്‍ ഉത്തമ ബോധ്യമുണ്ടായിരിക്കുക ! ചുളുവില്‍ പ്രശസ്തി നേടാന്‍ ശ്രമിക്കുന്നവര്‍ക്ക് താല്‍ക്കാലിക ലാഭം കിട്ടിയേക്കാം. ഉള്ളു പൊള്ളയാണെന്നറിയുമ്പോള്‍ ഇപ്പോള്‍ തലയിലേറ്റുന്നവര്‍ തന്നെ താഴെയിട്ടു ചവിട്ടും…