
തമിഴ് നടന്‍ ധനുഷും ബോളിവുഡ് നടി മൃണാള്‍ ഠാക്കൂറും വിവാഹിതരാകുന്നുവെന്ന വാർത്തകളിൽ പ്രതികരിച്ച് ധനുഷിനോട് അടുത്തവൃത്തങ്ങൾ. വിവാഹവാർത്തകൾ വ്യാജമാണെന്നും അത്തരത്തിൽ ഒരു തീരുമാനവും ഉണ്ടായിട്ടില്ലെന്നും അടുത്തവൃത്തങ്ങൾ പ്രതികരിച്ചതായി ഡിഎൻഎ റിപ്പോർട്ട് ചെയ്തു.
ധനുഷും, മൃണാളും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ഏറെ നാളായി സോഷ്യൽ മീഡിയയിലെ ചർച്ചയിലുണ്ട്. കഴിഞ്ഞ ദിവസമാണ് ഇരുവരും വിവാഹിതരാവാൻ പോകുന്നുവെന്ന വാർത്ത സജീവമായത്. ഫെബ്രുവരി 14 ന് വാലന്റൈന്‍സ് ഡേയിലായിരിക്കും വിവാഹമെന്നാണ് റിപ്പോർട്ടുകൾ വന്നത്. തീര്‍ത്തും സ്വകാര്യമായൊരു ചടങ്ങാണ് ഇരുവരും പ്ലാന്‍ ചെയ്യുന്നതെന്നും, വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമേ വിവാഹത്തിന് ഉണ്ടാവുകയുള്ളൂവെന്നും റിപ്പോര്‍ട്ടുകളിൽ പറഞ്ഞിരുന്നു. എന്നാൽ ധനുഷും മൃണാളും ഇതുവരെ വിവാഹവാർത്തകളോട് പ്രതികരിച്ചിട്ടില്ല.
മൃണാള്‍ നായികയായ സണ്‍ ഓഫ് സര്‍ദാര്‍ 2 വിന്റെ പ്രീമിയറില്‍ നിന്നുള്ളൊരു വീഡിയോയാണ് ഗോസിപ്പുകളുടെ തുടക്കം. എന്നാല്‍ ധനുഷ് തന്റെ നല്ല സുഹൃത്ത് മാത്രമാണെന്നാണ് അന്ന് റിപ്പോര്‍ട്ടുകളോട് മൃണാള്‍ പ്രതികരിച്ചത്. സണ്‍ ഓഫ് സര്‍ദാര്‍ 2വിന്റെ പ്രീമയിറില്‍ കൈ കോര്‍ത്ത് നടന്നു വരുന്നതും, ആലിംഗ്നം ചെയ്തു നില്‍ക്കുന്നതുമായ ചിത്രങ്ങള്‍ പ്രചരിച്ചതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്ത പ്രചരിക്കുന്നത്. മൃണാളിന്റെ പിറന്നാള്‍ ആഘോഷത്തിനും ധനുഷ് പങ്കെടുത്തിരുന്നു. പിന്നീട് ധനുഷ് നായകനായ തേരെ ഇഷ്‌ക് മേമിന്റെ സക്സസ് പാര്‍ട്ടിയിലും മൃണാള്‍ അതിഥിയായി എത്തിയിരുന്നു.