തീവ്രവാദത്തിനെതിരെ മെയ്ഡ് ഇന്‍ ഇന്‍ഡ്യ…സൂര്യവന്‍ശി ട്രെയ്‌ലര്‍ കാണാം

അക്ഷയ് കുമാര്‍ നായകനാകുന്ന പുതിയ സിനിമ സൂര്യവന്‍ശിയുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. തീവ്രവാദത്തിനെതിരെയുള്ള പൊലീസുകാരുടെ പോരാട്ടത്തിന്റെ കഥയാണ് സൂര്യവന്‍ശിയെന്ന സൂചനയാണ് ചിത്രം നല്‍കുന്നത്. ചിത്രത്തില്‍ പൊലീസ് ഉദ്യോഗസ്ഥനായിട്ടാണ് അക്ഷ് കുമാര്‍ അഭിനയിക്കുന്നത്. രോഹിത് ഷെട്ടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അക്ഷയ്കുമാറിന് പുറമെ അജയ് ദേവ്ഗണ്‍ രണ്‍വീര്‍ സിംഗ് കത്രീന കൈഫ് എന്നിവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ജാക്കി ഷ്രോഫ് ആണ് വില്ലനായെത്തുന്നത്.

സിംബ, സിങ്കം എന്നീ തന്റെ മുന്‍ ചിത്രങ്ങളിലെ പൊലീസ് നായകന്മാരെ ഈ ചിത്രത്തിലും അതേ കഥാപാത്രങ്ങളായെത്തുന്നു എന്ന സവിശേഷതയുമുണ്ട്. മുംബൈ ആക്രമണമുള്‍പ്പെടെയുള്ള തീവ്രവാദ ആക്രമണങ്ങളും, കമാന്റോ ഓപ്പറേഷനുമെല്ലാം വരുന്ന ചിത്രം ത്രില്ലര്‍ സ്വഭാവത്തിലുള്ളതാണെന്നാണ് ട്രെയ്‌ലറില്‍ നിന്നും വ്യക്തമാകുന്നത്. തീവ്രവാദ ആക്രമണങ്ങള്‍ക്കായി ഇന്ത്യയിലെത്തിച്ച സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്താനാകാത്തത്തിന്റെ ആശങ്കയാണ് ചിത്രം പങ്കുവെയ്ക്കുന്നത്. പതിവ് രോഹിത്‌ഷെട്ടി ചേരുവകളെല്ലാം നിറച്ച ഫുള്‍പാക്ക്ഡ് ആക്ഷന്‍ കൊറിയോഗ്രാഫിയടങ്ങുന്ന ചിത്രമാണ് സൂര്യവന്‍ശി എന്ന് നാല് മിനിറ്റിലധികം ദൈര്‍ഘ്യമുള്ള ട്രെയിലര്‍ വ്യക്തമാക്കുന്നുണ്ട്. മാര്‍ച്ച് 24ന് ചിത്രം വേള്‍ഡ് വൈഡ് റിലീസായി പുറത്തിറങ്ങും.