ഓസ്‌കറില്‍ മത്സരിക്കാന്‍ ‘സൂരറൈ പോട്ര്’

സൂര്യയെ നായകനാക്കി സുധ കൊങ്കര സംവിധാനം ചെയ്ത തമിഴ് ചിത്രം ‘സൂരറൈ പോട്ര്’ ഓസ്‌കറില്‍ മത്സരിക്കും. മികച്ച നടന്‍, മികച്ച നടി, മികച്ച സംവിധായകന്‍, മികച്ച ഒര്‍ജിനല്‍ സ്‌കോര്‍ തുടങ്ങിയ വിഭാഗങ്ങളിലാണ് ചിത്രം മത്സരിക്കുക. ചിത്രത്തെ ഓസ്‌കര്‍ നോമിനേഷനിലേയ്ക്കു പരിഗണിക്കുന്നതാണ് ആദ്യ പടി. കോവിഡ് പ്രതിസന്ധികള്‍ ഉള്ളതിനാല്‍ മത്സരത്തിന് അയക്കാന്‍ സാധിക്കുന്ന ചിത്രങ്ങള്‍ക്കുള്ള നിയമങ്ങളില്‍ ഓസ്‌കര്‍ അക്കാദമി പലവിധ മാറ്റങ്ങളും ഉള്‍പ്പെടുത്തിയിരുന്നു.

ഓണ്‍ലൈനായി ജൂറി അംഗങ്ങള്‍ സിനിമ കാണും.ജനറല്‍ ക്യാറ്റഗറിയിലായിരിക്കും ചിത്രം മത്സരിക്കുന്നത്. ചിത്രത്തിന്റെ സഹനിര്‍മാതാവായ രാജശേഖര്‍ പാണ്ഡ്യനാണ് ഈ വിവരം പുറത്ത് വിട്ടത്.

ആമസോണ്‍ പ്രൈമിലൂടെയാണ് ‘സൂരറൈ പോട്ര്’റിലീസിനെത്തിയത്. മികച്ച പ്രതികരണങ്ങളാണ് ചിത്രം നേടിയത്. എയര്‍ ഡെക്കാന്‍ സ്ഥാപകന്‍ ക്യാപ്റ്റന്‍ ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രമായിരുന്നു ‘സൂരറൈ പോട്ര്’.