മറ്റുള്ളവര്‍ നിങ്ങളുടെ ചര്‍മ്മത്തെ താഴ്ത്തിക്കെട്ടുന്നത് അനുവദിച്ച് കൊടുക്കരുത്-സിത്താര

മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് സിത്താര കൃഷ്ണകുമാര്‍. സാമൂഹിക മാധ്യമങ്ങളില്‍ സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം പ്രേക്ഷകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാമില്‍ സിത്താര പങ്കുവെച്ച ചിത്രവും കുറിപ്പുമാണ് ശ്രദ്ധ നേടിയിരിക്കുന്നത്. മേക്കപ്പ് ഇടാതെയുള്ള ചിത്രമാണ് സിത്താര പങ്കുവെച്ചത്.

‘നിങ്ങളുടെ ചര്‍മ്മം പതിയെ ശ്വസിക്കട്ടെ. അത് വേദനിക്കട്ടെ. ആ മുറിപ്പാടുകള്‍ അവയുടെ കഥകള്‍ പറയട്ടെ. പക്ഷേ, മറ്റുള്ളവര്‍ നിങ്ങളുടെ ചര്‍മ്മത്തെ താഴ്ത്തിക്കെട്ടി സംസാരിച്ച് നിങ്ങളെ വേദനിപ്പിക്കുന്നത് ഒരിക്കലും അനുവദിക്കാതിരിക്കുക എന്നത് നിങ്ങളോടു തന്നെയുള്ള ധ്യാനമാണ്. അത് പരിശീലിക്കുക. ആത്മാഭിമാനം വലിയ കാര്യമാണ്’ എന്നാണ് സിത്താര ചിത്രം പങ്കുവെച്ച് കുറിച്ചിരിക്കുന്നത്. സിത്താര പങ്കുവെച്ച ചിത്രത്തിന് താഴെ നിരവധി പേരാണ് കമന്റുകളുമായെത്തിയത്.