നിദ്രയുടെ റീ മെയ്ക്കിനെതിരെ ശാന്തികൃഷ്ണ… ഭരതേട്ടന്റെ വിഷന്‍ വേറെയാണ്

അന്തരിച്ച പ്രമുഖ സംവിധായകന്‍ ഭരതന്‍, രചനയും സംവിധാനവും നിര്‍വ്വഹിച്ച് 1984 ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ‘നിദ്ര’. വിജയ് മേനോനും ശാന്തികൃഷ്ണയും പ്രധാന വേഷങ്ങളില്‍ അഭിനയിച്ച നിദ്രയുടെ റീമെയ്ക്കാണ് 2012ലെ സിദ്ധാര്‍ത്ഥ് ഭരതന്റെ ‘നിദ്ര’. അന്ന് നായികയായിരുന്ന ശാന്തികൃഷ്ണ ഈ റീമെയ്ക്കിനെ കുറിച്ച് സെല്ലുലോയ്ഡിന് നല്‍കിയ അഭിമുഖത്തിലാണ് തുറന്ന് പറയുകയാണ്‌. ചിത്രം കണ്ടിരുന്നുവെന്നും അങ്ങനെയുള്ള ചിത്രങ്ങളുടെ റീമെയ്ക്ക് ചെയ്യാതിരിക്കുകയാവും നല്ലതെന്നുമാണ് സീനിയര്‍ താരത്തിന്റെ അഭിപ്രായം. ശാന്തികൃഷ്ണ പറഞ്ഞത്… ”ഭരതേട്ടന്റെ വിഷന്‍ വേറെയാണ്. ലെജന്റായിട്ടുള്ള ഡയറക്ടേഴ്‌സിന്റെ വിഷന്‍ മോണിറ്റര്‍ വെച്ചിട്ടൊന്നുമല്ലല്ലോ… അവരുടെ മനസ്സിലുള്ളതാണ് കംപ്ലീറ്റായിട്ട് സ്‌ക്രീനില്‍ കാണുന്നത്. അത്രയും വിഷ്വലൈസേഷന്‍ അവരുടെ മനസ്സിലുള്ളതുകൊണ്ടാണ് ഇത്രയും ക്ലാസിക്ക് സിനിമകളുണ്ടായിട്ടുള്ളത്. അങ്ങനെയുള്ള സിനിമകളുടെ റീമേയ്ക്ക് ചെയ്യാതിരിക്കുകയാവും നല്ലത്.” അവര്‍ പറഞ്ഞു.

സന്തോഷ് എച്ചിക്കാനത്തോടൊപ്പം സിദ്ധാര്‍ത്ഥും ചേര്‍ന്നായിരുന്നു പുതിയ നിദ്രയുടെ തിരക്കഥ അഡാപ്റ്റ് ചെയ്തിരുന്നത്. ഈ ചിത്രത്തില്‍ നടന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നീ മൂന്നു പ്രധാന വിഭാഗങ്ങള്‍ കൈകാര്യം ചെയ്തതും സിദ്ധാര്‍ത്ഥ് ആയിരുന്നു. സിദ്ധാര്‍ത്ഥിന്റെ നായികയായ് റിമ കല്ലിങ്കല്‍ ആണ് അഭിനയിച്ചത്. മുന്‍പ് സംവിധായകന്‍ കമലിന്റെ ‘നമ്മള്‍’ എന്ന ചിത്രത്തിലൂടെ നടനായി രംഗപ്രവേശം ചെയ്ത സിദ്ധാര്‍ത്ഥ് കാക്കക്കറുമ്പന്‍, രസികന്‍ അടക്കം കുറച്ച് ചിത്രങ്ങളില്‍ അഭിനയിക്കുക കൂടി ചെയ്തിട്ടുണ്ട്.

എണ്‍പതുകളുടെ സമാന്തര സിനിമാ വിഭാഗത്തിലാണ് പഴയ നിദ്ര പുറത്തിറങ്ങിയത്. താരതമ്യേന അപ്രശസ്തരോ താരങ്ങളല്ലാത്തവരോ ആയ അഭിനേതാക്കളെ അണിനിരത്തിയ പഴയ നിദ്ര പ്രേക്ഷക പ്രീതിയും നിരൂപക ശ്രദ്ധയും നേടിയിരുന്നു. പ്രധാന കഥാപാത്രത്തിന്റെ മാനസിക യാത്രയും അസ്വസ്ഥതകളുമാണ് നിദ്രയുടെ പ്രധാന പ്രമേയം. പ്രധാന കഥാപാത്രങ്ങളില്‍ മാത്രം കേന്ദ്രീകൃതമായ ചിത്രം പ്രണയഭാവത്തിന്റേയും ദൃശ്യസമ്പന്നതയുടേയും കാഴ്ചകളായിരുന്നു. നിദ്ര 2012ലെത്തുമ്പോള്‍ കഥയെ കാലഘട്ടത്തിനനുസരിച്ച് പുതുക്കിപ്പണിതിട്ടുണ്ടായിരുന്നു. താരങ്ങളോ ജനപ്രിയ നടന്മാരോ അണി നിരക്കാത്ത നിദ്ര ചുരുക്കത്തില്‍ നവ സംവിധായകന്റെ പരിചയക്കുറവുകളെ ചിലയിടങ്ങളില്‍ എടുത്തു കാണിക്കുന്നുണ്ടായിരുന്നു. ശാന്തികൃഷ്ണയുടെ അഭിമുഖത്തിന്റെ പൂര്‍ണ്ണ രൂപം സെല്ലുലോയ്ഡ് മാഗസിന്‍ യൂട്യൂബ് ചാനലില്‍ ഉടന്‍ വരുന്നു.