സത്യമറിയാതെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കാതിരിക്കുക- നടന്‍ അമ്പി നീനാസം

റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ നകുല്‍ തമ്പി കാറപകടത്തില്‍പെട്ട് ചികിത്സയിലാണ്. അപകടം നടന്നതിനു പിന്നാലെ താരത്തിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍മീഡിയയിലൂടെ പ്രചരിച്ചിരുന്നു. ഇപ്പോള്‍ വ്യാജവാര്‍ത്തകള്‍ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടന്‍ അമ്പി നീനാസം. നകുലിനെ സംബന്ധിച്ചുള്ള വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും ഓരോ നിമിഷവും നകുലിന്റെ കുടുംബവുമായി തങ്ങള്‍ ബന്ധപ്പെടുന്നുണ്ടെന്നും ഇപ്പോള്‍ വേണ്ടത് പ്രാര്‍ത്ഥിക്കുക എന്നത് മാത്രമാണെന്നും അമ്പി നീനാസം പറയുന്നു. വാട്‌സ്ആപ്പ് വഴി വരുന്ന വ്യാജ വാര്‍ത്തകള്‍ വല്ലാതെ വേദനിപ്പിക്കുന്നുണ്ടെന്നും താരം പറയുന്നു. ഫേസ്ബുക്കിലൂടെയാണ് അമ്പി നീനാസം വ്യാജവാര്‍ത്തകള്‍ക്കെതിരെ രംഗത്തെത്തിയത്. നകുല്‍ തമ്പി ഉള്‍പ്പെടെ രണ്ട് പേര്‍ക്കാണ് വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റത്. കൊടൈക്കനാലിന് സമീപമാണ് വാഹനാപകടം നടന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

പൂര്‍ണമായും വായിക്കുക, നകുലിനും, അവന്റെ സുഹൃത്ത് ആദിത്യനും അപകടം സംഭവിച്ചു എന്നുള്ള വാര്‍ത്ത സത്യമാണ്. പക്ഷേ, ഇപ്പോള്‍ വാട്‌സ്ആപ്പ് വഴി വന്നുകൊണ്ടിരിക്കുന്ന ചില വാര്‍ത്തകള്‍ തെറ്റാണ്. അതുകൊണ്ടാണ് ഈ തുറന്നെഴുത്ത്.

ഓരോ നിമിഷവും അവന്റെ ഫാമിലിയുമായി ഞങ്ങള്‍ ബന്ധപ്പെടുന്നുണ്ട്. ഇപ്പോള്‍ വേണ്ടത് പ്രാര്‍ഥിക്കുക എന്നത് മാത്രമാണ്. വാട്‌സാപ്പ് വഴി വരുന്ന ഫെയ്ക്ക് ന്യൂസുകള്‍ ഞങ്ങളെയും, അവരുടെ കുടുംബത്തെയും വല്ലാണ്ട് വേദനിപ്പിക്കുന്നുണ്ട്.

ഇപ്പൊ അവനും അവന്റെ ഫ്രണ്ടും മധുരാ മെഡിക്കല്‍ കോളജ് ഹോസ്പിറ്റലില്‍ ചികിത്സയിലാണ് ഉള്ളത്. 48മണിക്കൂര്‍ ഒബ്‌സര്‍വേഷനിലാണ്. അതിനു മുമ്പായി ദയവു ചെയ്ത് സോഷ്യല്‍ മീഡിയ വഴി ഫെയ്ക്ക് ന്യൂസുകള്‍ ഉണ്ടാക്കരുത്. ഞങ്ങടെ കൂടെ ഉള്ളവര്‍ എല്ലാവരും ആത്മാര്‍ഥമായി വിശ്വസിക്കുന്നുണ്ട്, അഭിനയത്തിലേക്കും ഡാന്‍സിലേക്കും അവന്‍ വീണ്ടും തിരിച്ചുവരുമെന്ന്. കൂടെ, അവന്റെ സുഹൃത്തും പൂര്‍ണ്ണ ആരോഗ്യത്തോടെ ജീവിതത്തിലേക്കെത്തുമെന്ന്. എല്ലാവരോടുമുള്ള അപേക്ഷയാണ്. സത്യമറിയാതെ ഫേക്ക് ന്യൂസ് പ്രചരിപ്പിക്കാതിരിക്കുക. കഴിയുമെങ്കില്‍, അവര്‍ക്ക് രണ്ട് പേര്‍ക്കും വേണ്ടി ഉള്ളറിഞ്ഞ് പ്രാര്‍ത്ഥിക്കുക.’ എന്ന് അമ്പി കുറിച്ചു.